ഉദ്യോഗസ്ഥർ സ്വന്തം പ്രശസ്‌തിക്ക് വേണ്ടി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കരുത്: പ്രധാനമന്ത്രി

20

ന്യൂഡൽഹി: ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങൾ വഴി ആത്മപ്രശംസ നടത്തരുതെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജന താല്പര്യാര്‍ഥം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാമൂഹ്യമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ തിയതികളും മറ്റും അറിയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്നും നരേന്ദ്രമോദി പറഞ്ഞു.

താന്‍ പലപ്പോഴും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നതായുള്ള ചിത്രം എടുക്കുന്ന തിരക്കിൽ ആയിരുന്നു. ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ചിന്താഗതിയിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.