KeralaLatest NewsNews

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രം

തിരുവനന്തപുരം•ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമാകുന്നു. ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലാവുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അവയദാനം കൂടുതല്‍ സുതാര്യമാക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുമായി സര്‍ക്കാര്‍ സംഘത്തിന് രൂപം നല്‍കിയത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍ തോറും ഡെപ്യൂട്ടി ഡി.എം.ഒ.മാരെ നോഡല്‍ ഓഫീസരായും 10 മുതല്‍ 15 വരെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായും എംപാനല്‍ ചെയ്തു. 

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വേണ്ടിയുള്ള ഈ സംഘത്തിന്റെ ആദ്യത്തെ ശില്‍പശാലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. 10 വര്‍ഷത്തോളം ഇംഗ്ലണ്ടില്‍ അവയദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടറും ചെന്നൈ കാവേരി ആശുപത്രിയിലെ വിദഗ്ധനുമായ ഡോ. ശ്രീധരന്‍ നാഗയനാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് കോഴ്‌സ് ഡയറക്ടറും കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. അനില്‍ സത്യദാസ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ഈശ്വര്‍ എന്നിവര്‍ പരിശീലകരുമാണ്. 

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ആമുഖ പ്രഭാഷണം നടത്തി. 

എറണാകുളം, കോഴിക്കോട് മേഖലകളിലുള്ള പരിശീലനം ഉടന്‍ ആരുംഭിക്കുന്നതാണ്. ഈ പരിശീലനം പൂര്‍ത്തിയാകുന്നതോടെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് വിരാമമിടാനും സംശയങ്ങള്‍ ദൂരീകരിക്കാനും അതിലൂടെ അവയവദാനം പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button