Travel

സൌരാഷ്ട്രത്തിലൂടെ …

ജ്യോതിർമയി ശങ്കരൻ

1.അഹമ്മദാബാദിലേയ്ക്ക്

യാത്രകൾ നമ്മെ കൂടുതൽക്കൂടുതൽ വിനയാന്വിതരാക്കി മാറ്റുന്നു.ഈ വിശാലമായ ലോകത്തിൽ നമുക്ക് എത്ര ചെറിയൊരു സ്ഥാനമേ ഉള്ളൂവെന്ന് ഓർമ്മിപ്പിയ്ക്കുന്നു. ഗുസ്താവെ ഫ്ലൊബെർട്ട് ഇപ്രകാരം പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് ഇതു വരെ ചെയ്ത ഓരോ യാത്രയും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. കണ്മുന്നിൽ നിത്യവും കാണുന്നതു മാത്രം കണക്കിലെടുത്തുള്ള നമ്മുടെ കാഴ്ച്ചപ്പാടിൽ നിന്നുമൊക്കെ എത്രയോ വ്യത്യസ്തമാണീ ലോകമെന്നും അതിനുള്ളിൽ നമ്മുടെ സ്ഥാനം എത്രയോ തുച്ഛമാണെന്നും സ്വയം മനസ്സിലാക്കാനാകുന്ന നിമിഷങ്ങളാണ് യാത്രകളുടെ ഏറ്റവും വലിയ സമ്മാനം.ഒരു നല്ല യാത്ര എന്നും മോഹമായി അവശേഷിയ്ക്കുക തന്നെ ചെയ്യും, മറ്റൊരു യാത്ര അവസാനിയ്ക്കുന്ന സമയത്തുപോലും. അതാണ് യഥാർത്ഥ സഞ്ചാരിയുടെ അടയാളം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ കാണാനും അടുത്തറിയാനും കഴിഞ്ഞ ദിവസങ്ങളൊക്കെത്തന്നെ മനസ്സിൽ നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള അഭിമാനം കൂട്ടുകയേ ചെയ്തുള്ളൂ. മനസ്സിൽ നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള സങ്കൽ‌പ്പങ്ങളെല്ലാം തന്നെ തിരുത്തിക്കുറിയ്ക്കുകയായിരുന്നു.പല ഭാഷകൾ, പല ജീവിതരീതികൾ, പല വസ്ത്രധാരണ ശൈലികൾ, പല ഭക്ഷണ രീതികൾ- ഹാ മറ്റെവിടെക്കാണാനാകും ഇത്ര വൈവിദ്ധ്യം? ഇതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു ഭാഗം , മുപ്പതു വർഷത്തിലധികം മുംബെയിലും കുറച്ചുകാലം കൽക്കത്തയും , അതുപോലെ തന്നെ ബാംഗളൂരും കാട്ടിത്തന്ന കാഴ്ച്ചകൾ ഇന്നും എനിയ്ക്കു വിസ്മയം തന്നുകൊണ്ടേയിരിയ്ക്കുന്നു. ഒരുപക്ഷേ രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റു ചില ഭാഗങ്ങളിലുള്ളവർ തീർത്തും അജ്ഞരാണെന്ന സത്യം യാത്രകൾ മനസ്സിലാക്കിത്തരുന്നു. ഒരേ രാജ്യത്തിന്റെ പലഭാഗത്തേയും കാലാവസ്ഥകളിലെ അന്തരം തന്നെ നമുക്കാശ്ചര്യ്ം നൽകുന്നവ തന്നെ. അതിനനുസരിച്ച് ജീവിതരീതിയിലും മാറ്റങ്ങൾ ഉണ്ടാകുമല്ലോ? അവ കണ്ണിനു മുന്നിലെത്തുമ്പോൽ മാത്രമേ സത്യമായംഗീകരിയ്ക്കാൻ നമുക്കാവുന്നുള്ളൂവെന്നു മാത്രം.

ദൈനം ദിന ജീവിതത്തിന്റെ ഊരാക്കുടുക്കുകളുടെ ബഹളത്തിൽ നിന്നും അൽ‌പ്പം മാറിനിന്ന് ലോകത്തിന്റെ ഏതെങ്കിലുമൊരു ചെറിയ ഭാഗത്തെ കാണുന്നതുപോലും ഒരു സഞ്ചാരിയുടെ മനസ്സിനു കിട്ടുന്ന സുഖചികിത്സയാണെന്നു പറയാം.ചൂടു കൂടിയ ഈ സമയത്ത് അഹമ്മദബാദ് വഴി ഒരു സൌരാഷ്ട്ര ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഒരൽ‌പ്പം ഭീതി മനസ്സിലുണ്ടായിരുന്നെങ്കിലും വിവേകാനന്ദ ട്രാവൽസ് വഴിയായിരുന്നതിനാൽ നല്ലപോലെ ഓർഗനൈസ്ഡ് ആകുമെന്നറിയാമായിരുന്നു.. ടിക്കറ്റ് ബുക്ക് ചെയ്ത് നിമിഷം മുതലേ ഒരൽ‌പ്പം ആവേശം അറിയാതെ മനസ്സിലുയരുന്നതും മനസ്സിലാക്കാതിരുന്നില്ല.ഒരൽ‌പ്പം ആദ്ധ്യാത്മികമായ ഒരു യാത്രയാണെന്നിതിനെ പറയാം. പ്രധാനമായും സന്ദർശിയ്ക്കുന്നത് സൌരാഷ്ട്രത്തിലെ പ്രസിദ്ധങ്ങളായ അമ്പലങ്ങളാണല്ലോ? കല്ലിലെഴുതിയ ആ കവിതകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സൃഷ്ടിയ്ക്കുന്ന മായാപ്രപഞ്ചത്തെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടുണ്ട്.അവ കാണുകയെന്നതും അവിടെയെല്ലാം ദർശനം നടത്തുകയെന്നതും സാധിയ്ക്കുന്നത് മഹാഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയാൻ? കനത്ത ചൂടിനെ വക വയ്ക്കാതെ ഇത്രയേറെപ്പേർ , ഏതാണ്ട് 80 പേർ- ഈ ട്രിപ്പിൽ ഉണ്ടാകുമെന്നാണറിയാൻ കഴിഞ്ഞപ്പോൾ കുറച്ച് അത്ഭുതം തോന്നാതിരുന്നില്ല. ഞങ്ങളുടെ ഈ യാത്രയെക്കുറിച്ചറിഞ്ഞ പലരും ചൂടിനെക്കുറിച്ച് പറഞ്ഞ് അൽ‌പ്പം നിരുത്സാഹപ്പെടുത്താതിരുന്നില്ല. അക്ഷരാർത്ഥത്തിൽ കൈവിരലിൽ എണ്ണിക്കൊണ്ടുതന്നെ ദിവസങ്ങൾ കടന്നുപോയപ്പോൾ യാത്ര തുടങ്ങാനുള്ള സമയമെത്തിച്ചേർന്നു.ഗുജറാത്തിലേയ്ക്കും തിരിച്ചും കേരളത്തിൽ നിന്നുമുള്ള യാത്രയടക്കം 10 ദിവസം.അഹമ്മദാബാദ് വരെ തൃശ്ശൂർ നിന്നും ട്രെയിനിലാണു ടിക്കറ്റ് ബുക്കുചെയ്തിരുന്നത്. ഒപ്പം യാത്രചെയ്യുന്ന ധാരാളം യാത്രക്കാർ ആ റ്റ്രെയിനിൽത്തന്നെ ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ടെന്നറിഞ്ഞതിനാൽ അതാകും കൂടുതൽ നല്ലതെന്നു തോന്നി. സെക്കന്റ് ഏസി ടിക്കറ്റ് ആർ ഏ സി യിൽ നിന്നും കൺഫേംഡ് ആയിക്കിട്ടിയപ്പോൾ സന്തോഷം കൂടുതലായി.എല്ലാം ദൈവകൃപയാൽ നന്നായി നടക്കുമെന്ന ആത്മവിശ്വാസം കൂട്ടിനുണ്ടായിരുന്നു. യാത്രയ്ക്കായി പുറപ്പെടുന്നതിനു മുൻപായി മനസ്സിൽ എല്ലാ ഈശ്വരന്മാരെയും വിളിച്ചു പ്രാർത്ഥിയ്ക്കാതിരിയ്ക്കാനായില്ല.

തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നു തന്നെ യാത്രക്കാരിൽ ചിലർ വന്നു പരിചയപ്പെടുകയുണ്ടായി. കഷ്ടി അരമണിക്കൂറോളം വൈകിയെത്തിയ ട്രെയിനിൽ കയറി. സൌകര്യപ്രദമായ താഴത്തെ ബർത്ത് തന്നെ. കോഴിക്കോട് നിന്നുമാണു ഗൈഡ് കയറുന്നതെന്നറിയാമായിരുന്നു. ഭക്ഷണം കഴിച്ചിരുന്നതിനാൽ ടി.ടി. വന്നു പോയതിനുശേഷം വേഗം കിടന്നുറങ്ങി.ട്രെയിൻ യാത്ര പണ്ടും എനിയ്ക്കേറെ ഇഷ്ടമായിരുന്നതിനാൽ രണ്ടാമത്തെ ദിവസത്തെ പകൽ ഒട്ടും വിരസമാകാതെ കടന്നു പോയി. മൂന്നാം ദിവസം അതിരാവിലെ ഞങ്ങൾ അഹമ്മദാബാദിൽ എത്തിച്ചേർന്നു. റെയിൽ വേ സ്റ്റേഷനിൽ നിന്നും രണ്ടു ബസ്സുകളിലായി യാത്രക്കാരെല്ലം ഹോട്ടൽ മോസ്കോയിലും ഹോട്ടൽ മാനസസരോവറിലുമായി ചെക്-ഇൻ ചെയ്തു. ഞങ്ങൾക്ക് മാനസ സരോവറിലായിരുന്നു മുറി കിട്ടിയത്. മുറിയിലെത്തി കുളിച്ചു ഫ്രെഷ് ആയ ശേഷം പതിനൊന്നുമണിയോടെ പ്രഭാതഭക്ഷണത്തിനായി ഹോട്ടൽ മോസ്ക്കോയുടെ ബേസ്മെന്റിൽ എത്തിച്ചേരാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് ഞങ്ങളുടെ റൂമിൽ‌പ്പോയി കുളിച്ചു ഫ്രെഷ് ആയി സമയത്തിനു തന്നെ പ്രഭാത ഭക്ഷണത്തിന്നായി ബേസ്മെന്റിലെത്തി. കൂടെ യാത്ര ചെയ്യുന്നവരെ ചിലരെയെല്ലാം പരിചയപ്പെടാനായി. ഞങ്ങളുടെ കൂടെ വന്ന വിവേകാനന്ദയുടെ പാചകവിദഗ്ദ്ധർ തയ്യാറാക്കിയ ചൂടുള്ള പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ അധികം സമയം കളയാതെ അഹമ്മദാബാദിനെ അടുത്തറിയാനായി രണ്ടു ബസ്സുകളിലായി യാത്ര തിരിച്ചു.

ഏ.സി ബസ്സുകളിൽ വഴിയോരക്കാഴ്ച്ചകളും കണ്ട് ഇരിയ്ക്കുന്നതിനൊപ്പം തന്നെ സഹയാത്രികരെയെല്ലാം ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. അധികം പേരും റിട്ടയർ ചെയ്ത ദമ്പതികൾ തന്നെ. ഒരുമിച്ചു ജോലി ചെയ്യുന്നവരും, കുടുംബാംഗങ്ങളും ചേർന്ന ഗ്രൂപ്പുകൾ. കുട്ടികൾ ആരുമില്ലെന്നതാണീ ഗ്രൂപ്പിന്റെ പ്രത്യേകത.. വളരെ സ്നേഹത്തോടെ നിർദ്ദേശങ്ങൾ തരുന്ന ഗൈഡുകൾ പെട്ടെന്നു തന്നെ എല്ലാവരേയും ആകർഷിച്ചു. ഞങ്ങൾക്ക് പരിചയമുള്ളവരായി ആരും തന്നെയില്ലാത്ത ഒരു യാത്രയാണിതെന്നോർമ്മ വന്നു.ഇനി ഏതാനും ദിവസങ്ങൾ ഞങ്ങൾ ഒന്നിച്ചായിരിയ്ക്കും. മിണ്ടിയും പറഞ്ഞും ചിരിച്ചും രസിച്ചും കാഴ്ച്ചകൾ കണ്ടും ഒന്നിച്ചു ഭക്ഷണം കഴിച്ചും ചിലവിടാൻ പോകുന്ന ദിവസങ്ങളാകുമിനി.

മുപ്പതിലധികം വർഷം മുംബെയിൽ താമസിച്ചിട്ടും ഒരു രാത്രികൊണ്ടെത്തിച്ചേരാമായിരുന്ന അഹമ്മദാബാദ് ഞങ്ങൾ എന്തുകൊണ്ടു സന്ദർശിച്ചില്ലെന്ന ചിന്ത എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്രയോ വിളിച്ചതാണ്. സമയം ഇപ്പോഴേ എത്തിയിട്ടുണ്ടാകുള്ളൂ എന്നായിരിയ്ക്കാം . ഏതായാലും അന്നെല്ലാം പോയിരുന്നെങ്കിൽ ഈ യാത്ര ഇത്ര റിലാക്സ്ഡ് ആയിരിയ്ക്കാനും വഴി കാണില്ല. 10 ദിവസത്തെ യാത്ര ഗുജറാത്തിനെസ്സംബന്ധിച്ചിടത്തോളം വളരെ കുറവാണെന്നാണറിയാൻ കഴിഞ്ഞത്. കഴിയുന്നതും നല്ലതാകട്ടെ ഈ യാത്ര എല്ലാവർക്കും എന്നു മനസ്സിൽ പ്രാർത്ഥിയ്ക്കാതിരിയ്ക്കാനായില്ല.
(തുടരും)

shortlink

Related Articles

Post Your Comments

Related Articles


Back to top button