Latest NewsNewsGulf

ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം•വിസ ഏജൻറ് നഴ്സറി ടീച്ചറായി ജോലി നൽകാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയിൽ കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കിയതിനാൽ ദുരിതത്തിലായ മലയാളി വീട്ടമ്മ, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ തടത്തിൽ പുത്തൻവീട് സ്വദേശിനിയായ ബ്ലെസി റെജി കുഞ്ഞൂട്ടിയാണ് ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായത്. സൗദിയിലെ ഹഫർ അൽ ബത്തിനിൽ ഒരു ഡേ കെയർ സെന്ററിൽ നഴ്സറി സ്ക്കൂൾ അദ്ധ്യാപികയായി ജോലിയാണ് എന്ന് പറഞ്ഞാണ് കൊട്ടിയത്തുള്ള ഒരു ഏജൻറ് ബ്ലെസ്സിയ്ക്ക്, നല്ലൊരു തുക സർവ്വീസ് ചാർജ്ജ് വാങ്ങി വിസ നൽകിയത്. തുടർന്ന് ഹൈദരാബാദ് വഴി മസ്‌ക്കറ്റിൽ എത്തിച്ച്, അവിടെ നിന്നും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ എത്തിയ്ക്കുകയുമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ ആരും ബ്ലെസ്സിയെ കൊണ്ടുപോകാൻ വരാത്തതിനാൽ, നാലുദിവസം അവർക്ക് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. വിവരമറിഞ്ഞ നാട്ടിലെ വീട്ടുകാർ ഏജന്റുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കിയപ്പോൾ, നാലാമത്തെ ദിവസം സ്പോൺസർ വന്ന് ബ്ലെസ്സിയെ ഹഫർ അൽ ബത്തിനിലേയ്ക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

അവിടെ എത്തിയശേഷമാണ് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത്, ആ സ്‌പോൺസറുടെ പതിനൊന്ന് അംഗങ്ങളുള്ള വീട്ടിലെ ഹൌസ് മെയ്ഡ് ജോലിയ്ക്കാണ് എന്ന് ബ്ലെസ്സി മനസ്സിലാക്കുന്നത്. ആ വിവരം സ്പോൺസറോട് പറഞ്ഞപ്പോഴാണ്, ഹൗസ്‌മൈഡിനെ നൽകാമെന്ന് പറഞ്ഞ് വിസ വാങ്ങിയ ഏജന്റ് തന്നെയും ചതിച്ചതായി സ്പോൺസറും മനസ്സിലാക്കുന്നത്. ഏജന്റിനെ വിളിച്ചപ്പോൾ, ബ്ലെസ്സിയോട് വീട്ടുജോലിക്കാരിയായി തന്നെ ജോലി ചെയ്യാൻ പറഞ്ഞ് അയാൾ കൈയൊഴിഞ്ഞു.

മുൻപ് വീട്ടുജോലി ചെയ്ത് പരിചയമില്ലാത്ത ബ്ലെസ്സിയ്ക്ക്, ആ വലിയ വീട്ടിലെ ജോലിയും ജീവിതവും ദുരിതമായി മാറി. ഏജന്റ് പറ്റിച്ചതിന്റെ അരിശം പലപ്പോഴും വീട്ടുകാർ അവരോടായിരുന്നു തീർത്തത്. വിവരമറിഞ്ഞു വിഷമിച്ച ബ്ലെസ്സിയുടെ വീട്ടുകാർ, കൊല്ലം നിവാസിയായ നവയുഗം സാംസ്കാരികവേദിയുടെ മുൻ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആർ. അജിത്തിനെ സമീപിച്ച്, സഹായം അഭ്യർത്ഥിച്ചു. കെ.ആർ.അജിത്ത് ദമ്മാമിലെ നവയുഗം ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ നവയുഗം ഈ കേസിനായി ചുമതലപ്പെടുത്തി.

മഞ്ജു ബ്ലെസ്സിയുമായി ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ച് അവിടത്തെ അവസ്ഥ മനസ്സിലാക്കി. തുടർന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവർത്തകരും ബ്ലെസ്സിയുടെ സ്‌പോൺസറെയും, ഏജന്റിനെയും പലപ്രാവശ്യം വിളിച്ച് ചർച്ചകൾ നടത്തി. ആദ്യമൊക്കെ ഏജന്റ് പല ന്യായങ്ങൾ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും, മഞ്ജു ഈ കേസ് ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്ത്, എംബസ്സി ഉദ്യോഗസ്ഥർ ഏജന്റിനെ വിളിച്ചു “നടപടി എടുക്കാത്തപക്ഷം ഏജൻസിയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന്” ഭീഷണിസ്വരത്തിൽ സംസാരിച്ചപ്പോൾ, അയാൾ വഴങ്ങി. ബ്ലെസ്സിയ്ക്ക് പകരം പുതിയ ജോലിക്കാരിയെ നൽകാമെന്ന് ഏജന്റ് സ്പോൺസറോട് വിളിച്ചു പറഞ്ഞു. മഞ്ജുവിന്റെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിൽ, വിമാനടിക്കറ്റ് ബ്ലെസ്സി സ്വയം എടുക്കുന്നപക്ഷം, യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ, ഫൈനൽ എക്സിറ്റ് അടിച്ചു നൽകാമെന്ന് സ്പോൺസറും സമ്മതിച്ചു.

നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച് സാമൂഹ്യപ്രവർത്തകനായ വിത്സൺ ഷാജി, ബ്ലെസ്സിയ്ക്കുള്ള വിമാനടിക്കറ്റ് നൽകി. തുടർന്ന് സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകി, ബ്ലെസ്സിയെ ബസ്സിൽ ദമ്മാമിലേയ്ക്ക് അയച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകർ ബ്ലെസ്സിയെ ദമ്മാം ബസ്സ് സ്റ്റേഷനിൽ സ്വീകരിച്ച്, വിമാനത്താവളത്തിൽ കൊണ്ടുപോയി യാത്രയാക്കി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, ബ്ലെസ്സി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button