Latest NewsNewsIndia

ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി : ആര്‍ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് കോടതിയലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രിബ്യൂണലാണ് ശ്രീ ശ്രീ രവിശങ്കറിന് നോട്ടീസ് അയച്ചിരിക്കുന്നത്.

യമുനാ നദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലാണ് നടപടി. മേയ് ഒന്‍പതിനു മുമ്പ് നോട്ടിസിനു മറുപടി നല്‍കണം. നീതിനിര്‍വഹണത്തില്‍ ഇടപെടുന്ന പ്രസ്താവനയാണ് രവിശങ്കറിന്റേതെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന നീതിനിര്‍വഹണത്തിലുളള വ്യക്തമായ ഇടപെടലാണെന്നും ട്രൈബ്യൂണലിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും വിമര്‍ശിക്കുകയും ചെയ്ത ട്രൈബ്യൂണല്‍, നിങ്ങള്‍ക്കു തോന്നുന്നതെല്ലാം വിളിച്ചു പറയാന്‍ ആരാണ് അധികാരം തന്നതെന്നും ചോദിച്ചു. സാമൂഹിക ഉത്തരവാദിത്തം പാലിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്ന് രവിശങ്കറിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ആര്‍ട് ഓഫ് ലിവിങ് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും ആയിരുന്നു രവിശങ്കറിന്റെ പ്രസ്താവന.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുനാ തീരത്ത് ആര്‍ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടി നടന്നത്. നദീ തീരത്തെ പരിസ്ഥിതിക്കു വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണല്‍ ആര്‍ട് ഓഫ് ലിവിങ്ങിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു. നാശത്തിന്റെ തോത് മനസ്സിലാക്കാന്‍ പഠനം വേണമെന്നും തീരം പൂര്‍വസ്ഥിതിയിലാകാന്‍ പത്തു വര്‍ഷത്തോളമെടുക്കുമെന്നും അതിന് 42 കോടി രൂപയോളം ചെലവുണ്ടാകുമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button