TravelSpecials

സൗരാഷ്ട്രത്തിലൂടെ ഒരു യാത്ര; ഗുജറാത്ത്‌

ജ്യോതിര്‍മയി ശങ്കരന്‍

ഏറ്റവും നല്ല യാത്രകളെപ്പോഴും ഏറ്റവും നല്ല പ്രണയബന്ധങ്ങൾ പോലെയാണെന്നു പൈക്കോ അയ്യർ എന്ന യാത്രാവിവരണങ്ങളുടെ എഴുത്തുകാരൻ പറയുന്നു. കാരണം അവ ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. യാത്രകൾ ഏറെ ശക്തിമത്തായ അവബോധത്തെ സൃഷ്ടിയ്ക്കുന്നു. അവിടെ നാം കരുതലുള്ളവരും സ്വീകരണ സന്നദ്ധതയുള്ളവരും അനൌപചാരികതയിൽ മടുപ്പില്ലാത്തവരും പരിവർത്തനങ്ങൾക്കു വിധേയരാവാൻ സന്നദ്ധതയുള്ളവരുമായി മാറുന്നുവെന്നതാണതിനു കാരണമെന്നദ്ദേഹം പറയുന്നതിൽ വളരെയേറെ സത്യമുണ്ടെന്ന് ധാരാളമായി യാത്ര ചെയ്യുന്നവർക്ക് അറിയാനാകും..എത്ര ശരിയായൊരവലോകനം എന്നു തോന്നിപ്പോയി. ഓരോ യാത്രയുടെ അവസാനവും സ്വയം നമ്മിൽ വരുന്ന വ്യതിയാനങ്ങൾ ഒന്നു കണക്കിലെടുത്താൽ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. വരൂ…ഗുജറാത്ത് നമുക്കായി കരുതി വച്ചിരിയ്ക്കുന്നവ എന്തെല്ലാമാണെന്നു നോക്കാം. സമയത്തിന്റെ ചട്ടക്കൂടിലൊതുങ്ങിയിട്ടായതിനാൽ കാണാവുന്നവ എന്തെല്ലാമാകുമെന്നും. അതിനു മുൻപായി ഗുജറാത്തിനെക്കുറിച്ചൊരൽ‌പ്പം പറയാതെ വയ്യ,.

ഗുജറാത്തിനെക്കുറിച്ച്:

പടിഞ്ഞാറിന്റെ കാവലാളാണീ സംസ്ഥാനം. രാജസ്ഥാൻ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അയൽക്കാരൻ. പാക്കിസ്ഥാനുമായി ബോറ്ഡർ പങ്കിടുന്നുമുണ്ട്. ഏറ്റവും അധികം കടൽത്തീരമുള്ള പ്രദേശവും . അതുകൊണ്ടു തന്നെ കൂടുതൽ പൊള്ളലേൽക്കേണ്ടി വന്ന ഇടം. മുസ്ലിം അധിനിവേശത്തിന്റെയും പടയോട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടേയും ഏറെക്കഥകൾ ഗുജറാത്തിനു പറയാനായുണ്ടാവും. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഭീകരാക്രമണത്തിന്നിരയാവേണ്ടി വന്ന സ്ഥലവും ഇവിടുത്തെ അക്ഷർ ധാം ടെമ്പിളാണല്ലോ. ഗോധ്ര സംഭവത്തിന്റെ ഓർമ്മകൾ നമ്മെ ഇന്നും നടുക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂകമ്പം ഇവിടുത്തേതു തന്നെയാകാം. 2001 ജനുവരിയിലെ ആ ദിവസം ഇന്നെന്ന പോലെ ഓർക്കാനാകുന്നു.ഇത്ര അകലെയുള്ള മുബെയിലെ ഞങ്ങളുടെ ഫ്ലാറ്റിലും ഭുജ്ജ് സെന്ററായി നടന്ന ഭൂകമ്പത്തിന്റെ അനക്കങ്ങളും ആഫ്റ്റെർ ഷോക്കും അറിയാനിടയായ ദിവസം. അതിന്റെ കെടുതിയിൽ വലഞ്ഞ ഗുജറാത്തിന്റെ രോദനം ലോകമെങ്ങും മുഴങ്ങി. പക്ഷേ കഠിനാദ്ധ്വാനികളാണ് ഗുജറാത്തികൾ. കൂർമ്മബുദ്ധിയും ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും പുറത്തുവരാനുള്ള സന്നദ്ധതയും പുതിയവയെ ഉൾക്കൊള്ളാനുള്ള വാഞ്ഛയും കൂടെക്കൂടുമ്പോൾ ഇവർക്ക് ഏതു രംഗത്തും തെളിയാനാകുന്നു.അനുഭവങ്ങളിൽനിന്നും പല പാഠങ്ങളും ഉൾക്കൊണ്ട് പുതിയ പദ്ധതികൾ വഴി ഭൂകമ്പം കൊണ്ടുണ്ടായ തകർച്ചകളിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ അവർ തയ്യാറായി. അങ്ങേയറ്റം പഴയ ചിന്താഗതികൾക്കൊത്തു അത്യന്തം മോഡേൺ ആയവയേയും നിഷ്പ്രയാസം സ്വായത്തമാക്കാൻ ഇവർ തയ്യാറാകുന്നു.

മഹാത്മാഗാന്ധിയ്ക്കും സർദാർ വല്ലഭായ് പട്ടേലിനും ജന്മം നൽകിയ പുണ്യഭൂവാണിത്. മൊറാർജി ദേശായിയും മുഹമ്മദലി ജിന്നയും ഇവിടത്തുകാരായിരുന്നു. വ്യവസായികളായ അസിം പ്രേംജി, ധീരുഭായ് അംബാനി,ജാംഷെഡ്ജി ടാറ്റ എന്നിങ്ങനെ ഇവിടത്തുകാരായ വ്യവസായപ്രമുഖരുടെ നീണ്ട നിര തുടങ്ങിവച്ച സംരംഭങ്ങൾ രാജ്യത്തെ സമ്പന്നമാക്കിക്കൊണ്ടേയിരിയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിയ്ക്കേ ഇവിടെ ഒട്ടനവധി പുരോഗമനകരമായ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. പുതിയതായി നിർമ്മിയ്ക്കപ്പെട്ട അഹമ്മദാബാദിലെ ഹൈവേകളിലൂടെയുള്ള യാത്ര ഏറെ സുഖപ്രദമാണ്.

ചരിത്രത്താളുകളിലേയ്ക്കെത്തി നോക്കിയാൽ കിട്ടുന്ന കഥകളും നമ്മെ കോരിത്തരിപ്പിയ്ക്കുന്നവ തന്നെ. ഇന്ത്യൻ സമുദ്രം തരണം ചെയ്തെത്തിയ മുഹമ്മദ് ഘസ്നി സോമനാഥ് ക്ഷേത്രം കൊള്ളയടിച്ച കഥ നമുക്കു മറക്കാനാകില്ലല്ലോ.ഒട്ടേറെ ചെറുത്തു നിൽ‌പ്പുകൾക്കു ശേഷം മാത്രമായിരുന്നല്ലോ അവർക്കതിനു കഴിഞ്ഞതും. മൌര്യ-ഗുപ്ത-പ്രതിഹര രാജവംശങ്ങളും മുഹമ്മദ് ഗോറിയെ തോൽ‌പ്പിച്ച സോളങ്കികളും ചരിത്രത്താളുകൾക്കു സ്വർണ്ണനിറമേകുന്നവർ തന്നെ. ഗുജറാത്തിന്നഭിമാനിയ്ക്കാനായി ഒട്ടേറെ വീരസാഹസികകഥകൾ കാണാനാകും.

പുരാണങ്ങളിലേയ്ക്കെത്തി നോക്കുമ്പോൾ ശ്രീകൃഷ്ണൻ 122 കൊല്ലം രാജ്യം ഭരിച്ച ദ്വാരകയും ദേഹത്യാഗം ചെയ്ത സ്ഥലവും ഇവിടെത്തന്നെ. സുദാമാവിന്റെ ഗൃഹവും, കടലെടുത്ത ദ്വാരകയുടെ ഭാഗത്തായി കൃഷ്ണ-കുചേല സംഗമം നടന്ന ബേട്ട് ദ്വാരകയും ഇവിടെത്തന്നെ. ജ്യോതിർലിംഗ ടെമ്പിൾ സ്ഥിതിചെയ്യുന്ന സോമനാഥ് പുരാണത്തിലും ചരിത്രത്തിന്റെ ഏടുകളിലും ഒരേപോലെ സ്ഥാനം പിടിച്ചിട്ടുള്ളതാണല്ലോ. സിംഹങ്ങൾക്കു പേരു കേട്ട ഗീർവനം ഗുജറാത്തിലാണല്ലോ.

ഗുജറാത്തികൾ:

യാത്രാപ്രേമികളാണു ഗുജറാത്തികൾ. ലോകത്തിന്റെ ഏതു കോണിലും പോയി സെറ്റിൽ ചെയ്യുന്നവരിൽ നല്ലൊരു വിഭാഗവും ഇവർ തന്നെ. ഗുജറാത്തികൾ ഭക്ഷണപ്രിയരുമാണല്ലോ? യാത്രകളിൽ ഭക്ഷണം കഴിയ്ക്കുകയെന്നത് വളരെ വിസ്തരിച്ചു തന്നെയാണിവർ പതിവ്. പലപ്പോഴും മുംബെയിൽ നിന്നും കേരളം കാണാൻ വരുന്ന ഗുജറാത്തികളെ ട്രെയിനിൽ സഹയാത്രികരായി കിട്ടാറുണ്ട്.എത്ര ശ്രദ്ധാപൂർവ്വം യാത്രയിലെ ഓരോ അംഗത്തിനുമായി കഴിയ്ക്കാൻ പല്വിധ വിഭവങ്ങൾ ഇവർ കരുതിക്കൊണ്ടു വരുന്നു എന്നു കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അതു പോലെതിരിച്ചു പോകുമ്പോഴും ഇവരുടെ കയ്യിൽ എല്ലാ ഭക്ഷണ സാധനങ്ങളും

എങ്ങിനെയുണ്ടാകുന്നുവെന്നതിലാണേറെ ആശ്ചര്യം തോന്നാറു പതിവ്. യാത്രയിലെ ഓരോ ആവശ്യവും മുങ്കൂട്ടിക്കണ്ട് ദിവസങ്ങൾക്കു മുൻപേ നടത്തുന്ന തയ്യാറെടുപ്പുകൾ നാം കണ്ടു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. കുട്ടികളും പ്രായമായവർ പോലും എത്രമാത്രം ഉത്സാഹപൂർവ്വം സമയം ചിലവഴിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും കണുമ്പോൾ ഒന്നു മനസ്സിലാക്കാനാകുന്നു, ദൈനം ദിന ജീവിതത്തിലെ പല കാഠിന്യങ്ങളും മറക്കാൻ ഇത്തരം യാത്രകൾ അത്യന്താപേക്ഷിതമാണെന്ന കാര്യം..
വർണ്ണാഭ ഇഷ്ടപ്പെടുന്നവരാണിവിടുത്തുകാർ. കരകൌശലപ്പണികളും ചിത്രത്തുന്നലുകളും ചെയ്യുന്നതിൽ ഇവർ കഴിഞ്ഞേ മറ്റാരുമുള്ളൂ. നവരാത്രിയാണു ഇവരുടെ ഏറ്റവും പ്രിയപ്പെട്ടതും വർണ്ണാ‍ഞ്ചിതവുമായ ആഘോഷം. മിന്നിത്തിളങ്ങുന്ന പരമ്പരാഗതശൈലിയിലെ ആടയാഭരണങ്ങളുമണിഞ്ഞു കേരളത്തിന്റെ തിരുവാതിരകളിയെന്നോണം പാരമ്പര്യാധിഷ്ഠിതമായ ഗർബാ ഡാൻസും മനം മയക്കുന്ന താളലാസ്യാധിഷ്ടിതമായ ദാണ്ഡിയാ നൃത്തവും ചെയ്യുന്ന ഗുജറാത്തികൾ ജീവിതത്തെ ശരിയ്ക്കും ആസ്വദിയ്ക്കുന്നവർ തന്നെ. മുംബൈയിലെ ഞങ്ങളുടെ ഹൌസിങ് സൊസൈറ്റിയിൽ അവർക്കൊത്തു പലപ്പോഴും കൌതുകം കൊണ്ട് ചുവടുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ആവേശവും തിളക്കവും നേരിട്ടറിയാനായിട്ടുണ്ട്.

ചിലർ പറയും ജീവിതം വളരെ ബിസിയാണ്, യാത്രകളൊക്കെ നടത്താൻ സമയം കിട്ടുകയില്ല എന്നൊക്കെ. എല്ലാമൊഴിഞ്ഞു കാശിയ്ക്കു പോകാനാകില്ലെന്ന പഴമൊഴി നാം പണ്ടെ കേട്ടിട്ടുള്ളതല്ലേ? അപ്പോൾപ്പിന്നെ ഒന്നേ ചെയ്യാനുള്ളൂ, സമയമുണ്ടാക്കുക തന്നെ. ഒരു നല്ല യാത്ര കഴിഞ്ഞു വന്നാൽ മനസ്സു കൊണ്ടെങ്കിലും ഒരൽ‌പ്പം ചെറുപ്പമാകും തീർച്ച. എന്തിനേയും അൽ‌പ്പം കൂടി പുതിയ ഒരു വീക്ഷണകോണിലൂടെ കാണാനുമാകും.യാത്രകളെ ജീവിതശൈലിയുടെ ഒരു ഭാഗമാക്കി മാറ്റുക തന്നെ വേണം. ഗുജറാത്തി ഇതെന്നേ പഠിച്ചു കഴിഞ്ഞു. അതുകൊണ്ടാവാം കണ്ടു മുട്ടി പരിചയപ്പെടാനിടയായിട്ടുള്ള പല ഗുജറാത്തികളും കേരളം സന്ദർശിച്ചിട്ടുള്ളവരും കേരളത്തെ വളരെ ഇഷ്ടപ്പെടുന്നവരുമാകുന്നത്..

“ രാധാ കൈസേ ന ജലെ…..രാധാ കൈസേ ന ജലേ…” എവിടെ നിന്നോ പാട്ടും കൊട്ടും ഒഴുകിയെത്തുന്നുവോ? ഓർത്തപ്പോഴോ മനസ്സു തുടിയ്ക്കുന്നുവോ? ഇനിയുമൊരു നവരാത്രിയെത്തുമ്പോൾ മുംബൈ നഗരവീഥികളെ പുളകമണിയ്ക്കാൻ ഗർബാ-ദാണ്ഡിയാ നൃത്തപ്പന്തലുകൾ ഉയരുന്നതു കാണാൻ തിടുക്കമായി.

അഹമ്മദാബാദിനെക്കുറിച്ച്:

അഹമ്മദ് ഷാ ഒന്നാമൻ എന്ന മുസ്ലിം ഭരണാധികാരിയാൽ 1411-ലാണ് അഹമ്മദാബാദ് എന്ന നഗരം രൂപം കൊള്ളപ്പെടുകയം രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന മുഗൾ ഭരണത്തിനു തുടക്കമിടുകയും ചെയ്തത്.. ഗുജറാത്തികൾ “അംദാവാദ്“ എന്നു സ്നേഹപൂർവ്വം വിളിയ്ക്കുന്ന അഹമ്മദാബാദ് പണ്ട് സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു. സബർമതീ നദിക്കരയിലെ പഴയ കർണ്ണാവതിയെന്ന നഗരം.കർണ്ണദേവ് എന്ന സോളങ്കി രാജവംശത്തിലെ രാജാവിന്റെ ഓർമ്മയ്ക്കായി ഇട്ടിരുന്ന പേർ. ഇപ്പോൾ തലസ്ഥാനപദവി ട്വിൻ സിറ്റിയായ ഗാന്ധി നഗർ തട്ടിയെടുത്തെങ്കിലും ഇന്നും ഗുജറാത്തിയെസ്സംബന്ധിച്ചിടത്തോളം അഹമ്മദാബാദിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല.ഇപ്പോഴും ഗുജറാത്ത് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ഇതു തന്നെയാണ്.വ്യാവസായികപരമായും സാമ്പത്തികമായും ഇന്നും നഗരത്തിന്റെ വളർച്ച മുകളിലേയ്ക്കു തന്നെ. തുണിമില്ലുകൾക്ക് കേൾവി കേട്ട സ്ഥലമായതിനാൽ “ഇന്ത്യയുടെ മാഞ്ചസ്റ്റർ” എന്നീ നഗരത്തിനെ വിളിയ്ക്കാറുണ്ട്. മുംബെയിൽ നിന്നും റെയിൽ വഴിയാണു പോകുന്നതെങ്കിൽ 460 കിലോമീറ്റർ ദൂരമുണ്ട് അഹമ്മദാബാദിലേയ്ക്ക്. ഈ രണ്ടു സിറ്റികളെ പരസ്പ്പരം ബന്ധിപ്പിയ്ക്കുന്ന ഹൈ സ്പീഡ് റെയിൽ‌പ്പാതയുടെ നിർമ്മാണം ഈ വർഷത്തിൽ തുടങ്ങുമെന്നാണു കേൾവി.രണ്ടു നഗരങ്ങളേയും കൂട്ടിയിണക്കിപ്പായുന്ന ബുള്ളറ്റ് ട്രെയിനുകൾ എത്തിയാൽ അഹമ്മദാബാദിന്റെ സാമ്പത്തികമായ സ്ഥാനം ഒന്നു കൂടി ഉയരുമെന്നതിൽ സംശയമില്ല.വികസനത്തിന്നായി സദാ തുടിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു നഗരമാണിതെന്നു പറയാം. ഇന്ത്യയ്ക്കു മുംബൈ എന്ന പോലെ ഗുജറാത്തിന്റെ കമേറ്സ്യൽ/സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിയ്ക്കാവുന്ന ഇടം തന്നെ. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി സമ്മേളനം അഹമ്മദാബാദിനും സൂറത്തിനും നൽകുന്ന പ്രാധാന്യം ഏറെയാണല്ലോ. ഗുജറാത്തിയുടെ ബിസിനസ്സ് പ്രാവീണ്യത്തെ തട്ടിയുണർത്തി സംസ്ഥാനത്ത് വ്യവസായസാദ്ധ്യതകൾ തേടാനായുള്ള ഗവണ്മെന്റിന്റെ ശ്രമം അഭിനന്ദനീയം തന്നെ.

അഹമ്മദാബാദിന്റെ അഭിമാനമായി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇവിടെ പണിതീരപ്പെടുമെന്ന വാർത്ത വായിയ്ക്കാനിടയായിരുന്നു.മൊട്ടേറ എന്ന സ്ഥലത്ത് പണ്ട് സർദാർ പട്ടേൽ സ്റ്റേഡിയം നില നിന്നിടത്തു തന്നെയാണ് ഒരു ലക്ഷത്തിപ്പതിനായിരം പേർക്കിരിയ്ക്കാവുന്ന ഈ സ്റ്റേഡിയം നിർമ്മിയ്ക്കപ്പെടുന്നത്. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ആസ്ത്രേലിയയിലെ മെൽബോണിൽ ഒരുലക്ഷത്തി ഇരുപത്തിനാലു പേർക്കേ ഇരുന്നു കളി കാണാനാകൂ .

ഒരു സുഹൃത്ത് ആദ്യമേ പറഞ്ഞിരുന്നു, അഹമ്മദാബാദിൽ കാണാനായി ഒട്ടേറെയുണ്ടെന്നും ഒന്നോ രണ്ടോ ദിവസം കൊണ്ട് അധികമൊന്നും കാണാൻ സമയം കിട്ടില്ലെന്നും. ഞങ്ങളുടെ പ്രോഗ്രാമിനെക്കുറിച്ചറിയാനിടയായ തീവണ്ടിയിലെ ചില ഗുജറാത്തി സഹയാത്രികരും അതു തന്നെയാണ് പറഞ്ഞത്. അതെന്തായാലും കുറെയേറെ അമ്പലങ്ങളിൽ ദർശനം നടത്താനാവുമെന്നതു തന്നെ സന്തോഷം തരുന്ന കാര്യമായിരുന്നു..നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ശൈത്യകാലമാണിവിടം സന്ദർശിയ്ക്കാൻ ഉത്തമമായ സമയമെന്നറിയാമായിരുന്നു.അതിനു ശ്രമിച്ചെങ്കിലും സാധിയ്ക്കാതെ വന്നപ്പോൾ ചൂടാണെന്നറിഞ്ഞിട്ടും മാർച്ച്- ഏപ്രിൽ ട്രിപ്പിനു തയ്യാറാവുകയാണുണ്ടായത്. 40 ഡിഗ്രിയ്ക്കു മുകളിൽ താപനില ഉറപ്പാണെന്നറിയാമായിരുന്നു. പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഗുജറാത്തിലെ മഴക്കാലം ജൂണിൽ തുടങ്ങും. ഇന്ത്യയിൽ നല്ല മഴ കിട്ടുന്ന പ്രദേശങ്ങളിൽ ഗുജറാത്തും ഉൾപ്പെടുന്നു.

മുപ്പതു വർഷത്തിലധികം മുംബൈയിൽ താമസിച്ചിരുന്നപ്പോൾ പലപ്പോഴും സന്ദർശിയ്ക്കണമെന്നു കരുതിയിട്ടും ഈ അയൽ സംസ്ഥാനത്തിലേയ്ക്കുള്ള യാത്ര നടന്നില്ല. അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അവിടെ ഉണ്ടാകാതിരുന്നിട്ടോ വിളിയ്ക്കാതിരുന്നിട്ടോ അല്ല. ഇപ്പോഴും ഒരു യാത്ര എന്നതിൽ നിന്നും അത് ഗുജറാത്ത് തീർത്ഥയാത്ര എന്നു തീർച്ചയാക്കപ്പെട്ടപ്പോൾ ഒന്നു മനസ്സിലാക്കാനായി, എല്ലാത്തിനും സമയമുണ്ടെന്ന്. മനസ്സിൽ സോമനാഥും ദ്വാരകയും നിറഞ്ഞു നിന്നു. കേസരി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ:യായി വന്ന കെ. എം. മുൻഷിയുടെ ‘ജയ് സോമനാഥ്” എന്ന നോവലും അതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും കണ്ണിനുമുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി. അഹമ്മദാബാദിൽ തീവണ്ടിയിറങ്ങിയപ്പോൾ ആദ്യം ഓർത്തതും അതു തന്നെയായിരുന്നുവല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button