CinemaMollywoodMovie SongsEntertainment

കീരിക്കാടന്‍ ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു .

പോലീസുകാരനായ അച്ഛന്റെ സ്വപ്നം പോലെ പോലീസുകാരനായി മാറുവാന്‍ ആശിക്കുന്ന എന്നാല്‍ സാഹചര്യങ്ങള്‍ ഒരു തെരുവുഗുണ്ടയുടെ മുള്‍ക്കിരീടം സമ്മാനിച്ച സേതുവിന്‍റെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിച്ച വ്യക്തിയാണ് കീരിക്കാടന്‍ ജോസ്. കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍രാജെന്ന പുതുമുഖ നടനായിരുന്നു. കിരീടം പുറത്തിറങ്ങിയിട്ട് 28 വര്‍ഷങ്ങള്‍ തികയുമ്പോള്‍ ചിത്രത്തില്‍ കീരിക്കാടനാക്കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെയാണെന്ന് നിര്‍മ്മതാക്കളില്‍ ഒരാളായ ദിനേശ് പണിക്കര്‍ വെളിപ്പെടുത്തുന്നു.

ചിത്രത്തില്‍ കീരിക്കാടന്‍റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ രാജിനെ ആയിരുന്നില്ലയെന്നും തെലുങ്ക് താരത്തെയായിരുന്നു അന്ന് ആദ്യം തീരുമാനിച്ചിരുന്നതെന്നും ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പണിക്കര്‍ വെളിപ്പെടുത്തുന്നു. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ സിബി മലയിലും നിര്‍മ്മാതാവായ കിരീടം ഉണ്ണിയും താനും ചേര്‍ന്നാണ് കഥ പറയാന്‍ മോഹന്‍ലാലിനെ കാണാന്‍ എത്തിയത്. തിരക്കഥ പൂര്‍ണമായും വായിച്ച് കേട്ട മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് വില്ലനാരെന്നായിരുന്നു.

ഭരതന്‍റെ ചാമരത്തില്‍ ശക്തമായ ഒരു വേഷം അവതരിപ്പിച്ച തെന്നിന്ത്യന്‍ താരം പ്രദീപ് ശക്തിയെയായിരുന്നു സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ കീരിക്കാടനായി മനസ്സില്‍ കണ്ടിരുന്നത്. മോഹന്‍ ലാലിനോട്‌ ഇത് പറയുകയും ചെയ്തു. പ്രദീപ് ശക്തിയുടെ കാര്യത്തില്‍ ലാലിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

Pradeep-Shakthi

അങ്ങനെ കിരീടത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രദീപ് ശക്തിയെ സമീപിച്ചു. അദ്ദേഹവും സമ്മതിച്ചു. അങ്ങനെ 25000 രൂപ പ്രദീപ് ശക്തിക്ക് അഡ്വാന്‍സായി അയച്ച് കൊടുത്തു. പക്ഷേ ഷൂട്ടിംഗ് ആരഭിക്കുന്ന ദിവസം പ്രദീപ് ശക്തി ലൊക്കേഷനില്‍ എത്തിയില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത ഭാര്യ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചതായും എത്തിയില്ലെയെന്നുമാണ് ചോദിച്ചത്. അതോടെ എന്തോ സംഭവിച്ചുവെന്നും അദ്ദേഹം എത്തില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചു. അങ്ങനെ കീരിക്കാടനില്ലാതെ ചിത്രം പ്രതിസന്ധിയിലായി നില്‍ക്കുന്നതിനിടയില്‍ അന്ന് സഹസംവിധായകനായിരുന്ന കലാധരനാണ് മോഹന്‍ രാജിനെക്കുറിച്ച് പറയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു മോഹന്‍ രാജ്. നല്ല ഉയരമുള്ള വ്യക്തി എന്നായിരുന്നു കലാധരന്‍ പറഞ്ഞത്.

സിനിമാ താത്പര്യമുള്ള മോഹന്‍രാജ് മൂന്നാംമുറ എന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. ഷൂട്ടിംഗ് ലോക്കെഷനിലെത്തിയ മോഹന്‍രാജിനെ കണ്ടപ്പോള്‍ തന്നെ സിബി മലയില്‍ ഉള്‍പ്പെടെയുള്ളവര്‍ കീരിക്കാടനായി മോഹന്‍ മതിയെന്നു ഉറപ്പിച്ചു. നല്ല മുടിയുണ്ടായിരുന്ന മോഹന്‍രാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നല്‍കി കീരിക്കാടന്‍ ജോസാക്കി മാറ്റി.

അങ്ങനെ എന്തോ അജ്ഞാത കാരണത്താല്‍ പ്രദീപ് ശക്തിക്ക് നഷ്‍ടമായ വേഷം മോഹന്‍ രാജിന്‍റെ ഭാഗ്യകിരീടമായി മാറിയ കാഴ്ചയാണ് പിന്നീടു നടന്നത്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേരിനെപ്പോലും മായ്ച്ചുകളഞ്ഞുകൊണ്ട് കീരിക്കാടനായി അദ്ദേഹം ജീവിച്ചു. പുതിയ തലമുറപോലും കീരിക്കാടന്‍ ജോസ് എന്നാണു അദ്ദേഹത്തിന്‍റെ പേരെന്ന് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button