Latest NewsNewsIndia

പലഹാരം മോഷ്ടിച്ച ബാലൻമാർക്ക് പ്രാകൃതശിക്ഷ; കടയുടമ അറസ്റ്റില്‍

താനെ: കടയിൽനിന്ന് ഭക്ഷണ സാധനം മോഷ്ടിച്ച രണ്ടു ബാലൻമാർക്ക് പ്രാകൃതശിക്ഷ നൽകിയതായി പരാതി. കടയുടമയും മക്കളും തുണിയുരിഞ്ഞ് ചെരുപ്പുമാലയണിയിച്ചു നടത്തിച്ചുവെന്നാണ് ആരോപണം. ഇതിനു പുറമെ, ബാലൻമാരുടെ മുടി ഇവർ നിർബന്ധപൂർവം മുറിച്ചുമാറ്റുകയും ചെയ്തു. താനെയ്ക്ക് സമീപം ഉല്ലാസ്നഗറിലെ പ്രേംനഗർ പ്രദേശത്താണ് പ്രാകൃതശിക്ഷ അരങ്ങേറിയത്.

അതിക്രമത്തിന് ഇരയായത് എട്ടും ഒൻപതും വയസുള്ള ബാലൻമാരാണ്. ഇവർ അടുത്തുള്ള ബേക്കറിയിൽ നിന്ന് ‘ചക്‌ലി’ എന്നു പേരുള്ള ഒരുതരം പലഹാരപ്പൊതിയാണ് മോഷ്ടിച്ചത്. സംഭവം കയ്യോടെ പിടികൂടിയ കടയുടമയായ മെഹ്മൂദ് പത്താൻ, ഇവരെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരാക്കുകയായിരുന്നു. തന്റെ ആൺമക്കളുടെ സഹായത്തോടെ ബാലൻമാരുടെ മുടി വെട്ടിക്കളയുകയും ഇവരെ നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.

കൊച്ചുകുട്ടികളോടുള്ള ക്രൂരത ചിലര്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതോടെ വീട്ടുകാര്‍ വിവരമറിഞ്ഞു. ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മെഹ്മൂദിനെയും മക്കളായ ഇർഫാൻ (26), സലിം (22) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള ഗൗരവതരമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button