KeralaLatest NewsNews

കണ്ണൂർ കല്യാശ്ശേരിയിലെ ആയുർവ്വേദ ഡോക്ടർ നീതാ പി നമ്പ്യാർ മുഖ്യമന്ത്രിയ്ക്ക് എഴുതുന്ന തുറന്ന കത്ത്

ബഹുമാനപ്പെട്ട സാർ,

അങ്ങയുടെ സർക്കാർ അധികാരത്തിലേറി ഒരു വർഷം തികക്കുകയാണല്ലോ. എന്നെ സംബന്ധിച്ചും ഇതൊരു ഒന്നാം വാർഷികമാണ്. ജീവിത ദുരന്തത്തിന്റെ. അത് വരുത്തി വെച്ചത് മറ്റാരുമല്ല, താങ്കളടക്കമുള്ളവർ നേതൃത്വം നൽകുന്ന പാർട്ടി തന്നെയാണ്. ജനകീയ മുഖ്യമന്ത്രിയായി അറിയപ്പെട്ടിരുന്ന ഇ.കെ.നായനാരുടെ നാട്ടുകാരിയാണ് ഞാൻ. പക്ഷേ, കമ്മ്യൂണിസത്തിന്റെ പേരിൽ പറയുന്ന ജനകീയത വെറും കാപട്യമാണെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവളാണ്.

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ എന്റെ അമ്മ ഭാനുമതി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്.  അന്ന് മുതൽ സി.പി.എമ്മിന്റെ വേട്ടയാടലിന് ഞാൻ വിധേയയായി. അമ്മ മത്സരിച്ചതിന്റെ പേര് പറഞ്ഞ് മകളായ എനിക്കും ഞാൻ ഡോക്ടറായി ജോലി ചെയ്തിരുന്ന എന്റെ ആയൂർവ്വേദ ക്ലിനിക്കിന് നേരെയും നിരന്തരം ആക്രമണങ്ങളും ആരോപണ ശരങ്ങളുമുണ്ടായി. ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് നാഴികക്ക് നാൽപ്പത് വട്ടം വീമ്പു പറയുന്ന നിങ്ങളുടെ പാർട്ടിക്കാർ കല്യാശേരിയെന്ന പാർട്ടി ഗ്രാമത്തിൽ എന്നെയും കുടുംബത്തെയും ഊരുവിലക്കി. താങ്കളുടെ അധികാരാരോഹണത്തിന്റെ നാളിൽ കൃത്യമായിപ്പറഞ്ഞാൽ ഒരു വർഷം മുമ്പ് എന്റെ സ്ഥാപനം അക്രമിക്കപ്പെട്ടു. പിന്നീട് എന്റെ ക്ലിനിക്കിൽ ചികിത്സ തേടാൻ വരുന്നവരെ ഭീഷണിപ്പെടുത്തി വരാതെയാക്കി. നെയിം ബോർഡുകൾ പല തവണ തകർത്തു. വീണ്ടും സ്ഥാപിച്ചപ്പോൾ തകർക്കൽ തുടർന്നു. രാത്രിയുടെ മറവിൽ അത് മോഷ്ടിച്ചു കൊണ്ടു പോയി.

ആദരണീയനായ മുൻ കെ.പി.സി.സി പ്രസിഡന്റ്  വി.എം.സുധീരൻ മുൻകൈയ്യെടുത്ത് എന്റെ വീടിന് മുമ്പിൽ പുതിയ ക്ലിനിക്ക് നിർമ്മിച്ചു. അപ്പോഴും സി.പി.എമ്മിന്റെ കലി അടങ്ങിയില്ല. അവർ മേൽപ്പറഞ്ഞ കാര്യങ്ങൾ യഥേഷ്ടം തുടർന്നു കൊണ്ടിരുന്നു. കണ്ണൂരിലെ വിവിധ രാഷ്ട്രീയ നേതാക്കൾ, മാധ്യമ സുഹൃത്തുക്കൾ, എന്റെ മാതാപിതാക്കൾ, കുടുംബം തുടങ്ങിയവർ വാക്ക് കൊണ്ട് പകർന്ന കരുത്താണ് ഇന്ന് മുന്നോട്ട് പോകാൻ എനിക്കുള്ള ഊർജ്ജം. ബഹു.മുഖ്യമന്ത്രി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ താങ്കൾ പറഞ്ഞല്ലോ തന്റെ ഭരണത്തിൽ പുതിയ രാഷ്ട്രീയ സംസ്ക്കാരം കൈക്കൊണ്ടുവെന്ന്.

സ്ത്രീയായിട്ടും വെറുതെ വിടാതെ ഞാനുൾപ്പെടെയുള്ളവരെ താങ്കളുൾപ്പെടുന്ന പ്രസ്ഥാനം ഊരുവിലക്കുന്നതാണോ നന്മയുടെ രാഷ്ട്രീയ സംസ്ക്കാരം?. ഒരു ആയ്യൂർവ്വേദ ഡോക്ടറുടെ ഉപജീവനം മുടക്കുന്നതാണോ തൊഴിലാളി പക്ഷ സർക്കാരിന്റെ നേട്ടം?. ഒരു പെണ്ണിനെ നിരന്തരം വേട്ടയാടിയിട്ടും പരാതികൾ ചവറ്റുകൊട്ടയിലെറിഞ്ഞ് പാർട്ടി നേതൃത്വത്തിന് മുമ്പിൽ പഞ്ചപുച്ചമടക്കിയ പൊലീസിംഗാണോ മികച്ച ക്രമസമാധാന പാലനം? സ്വന്തം പാർട്ടിക്കാർ ഒരു സ്ത്രീയെ നിരന്തരം വേട്ടയാടുമ്പോഴും അതിന് തണൽ വിരിച്ച ഭരണകൂടം എങ്ങനെയാണ് സ്ത്രീ സൗഹൃദ സംരക്ഷണ സർക്കാരാവുക?. മുഖ്യമന്ത്രി സഖാവെ, നിങ്ങൾക്ക് മറുപടിയുണ്ടോ. എന്റെ ഈ ചോദ്യങ്ങളിൽ വിറളി പൂണ്ട് ജനാധിപത്യ ബോധമില്ലാത്ത പാർട്ടിക്കാർ വീണ്ടും അക്രമിച്ചേക്കാം. അതുണ്ടാവില്ലന്ന് പറയാനുള്ള നട്ടെല്ല് മുഖ്യമന്ത്രിക്കുണ്ടോ. ഇനി എനിക്കാരെയും ഭയമില്ല സഖാവെ. ചെഗുവേരയുടെ തന്നെ വാക്കുകൾ കടമെടുക്കട്ടെ…. കൊല്ലാം… പക്ഷേ, തോൽപ്പിക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button