Latest NewsNewsPrathikarana Vedhi

ബീഫ് രാഷ്ട്രീയം കത്തിപ്പടരുന്നത് യുഡിഎഫിനെ തകർക്കും : കാളപെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവരോട് കെ.വി.എസ് ഹരിദാസിന് പറയുവാനുള്ളത്

വീണ്ടും ബീഫ് വിവാദങ്ങൾ നാട്ടിൽ കത്തിപ്പടരുകയാണ്.  കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ പേരിലാണ് ഇതിനൊക്കെയുള്ള തകൃതിയായ ശ്രമങ്ങൾ നടക്കുന്നത്. അത്തരത്തിൽ ബീഫ് ഫെസ്റ്റിവലുകൾ നടത്താനുള്ള അവകാശം ആർക്കുമുണ്ട്. ഇതിനുമുൻപും അതൊക്കെ നടന്നിട്ടുണ്ട്, നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇന്നിപ്പോൾ ചെയ്തത് സുപ്രീം കോടതി നൽകിയ ഒരു ഉത്തരവ് നടപ്പാക്കുക മാത്രമാണ് എന്നത് മറക്കരുത് എന്നുമാത്രം. ആ വിധി നടപ്പിലാക്കാനുള്ള ചുമതലയും ഉത്തരവാദിത്വവും സർക്കാരിനുണ്ട്താനും. ഇവിടെ ആദ്യമേ ഒരു കാര്യം സൂചിപ്പിക്കട്ടെ, ഒരിടത്തും ഒരാളുടെ ഭക്ഷണം ഇന്നത്തവരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല,  ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലരുത്  എന്നും  ഈ ഉത്തരവിൽ പറഞ്ഞിട്ടില്ല. ആകെയുള്ളത്   കൊല്ലാൻ വേണ്ടി മൃഗങ്ങളെ അണിനിരത്തുന്ന കേന്ദ്രങ്ങളായികാലിച്ചന്തകൾ  മാറരുത് ; അത് കർഷകരെ സഹായിക്കാനാവണം. അവിടെ നിന്ന് വാങ്ങുന്ന മൃഗങ്ങളെ ആറു മാസത്തേക്ക് മറ്റൊരാൾക്ക് കൊടുക്കില്ല എന്ന് ഉറപ്പുവരുത്തണം…… ഇതാണ്  പുതിയ വ്യവസ്ഥകൾ.

ഇവിടെ സർക്കാർ ഉദ്ദേശിച്ചത്, സുപ്രീം കോടതി ഉദ്ദേശിച്ചത്,  രണ്ടു കാര്യങ്ങളാണ്. ഒന്ന്, കാലിച്ചന്തകൾ എന്ന് നാമൊക്കെ പറയാറുള്ള സംവിധാനത്തിന് നിലവാരവും വ്യക്തതയും വൃത്തിയും കൃത്യതയും ഉറപ്പ് വരുത്തുക. ഇന്നിപ്പോൾ കാലിച്ചന്തകൾ കൊലക്ക്‌ കൊടുക്കുന്ന കേന്ദ്രമായി മാറുന്നു.   മൃഗങ്ങളെ കൊല്ലുന്നതിനായി കൈമാറ്റം ചെയ്യപ്പെടുന്ന  കേന്ദ്രങ്ങളായി അത് മാറരുത്. കർഷകർക്ക്‌  കാലികളെ വിൽക്കാനും വാങ്ങാനുമുള്ള കേന്ദ്രങ്ങളാണ് കാലിച്ചന്തകൾ. അതിനുമേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ,  ഭരണകൂടത്തിന്റെ ചില ചട്ടക്കൂടുകൾ വേണം. അവിടെ ആവശ്യം വേണ്ടുന്ന സൗകര്യങ്ങൾ ആവശ്യമാണ്.  മൃഗങ്ങൾക്കും ഒരു അവകാശമുണ്ട് അല്ലെങ്കിൽ അവകാശങ്ങൾ ഉണ്ട്.  അത് കണക്കിലെടുക്കാതെ പോകരുത്…………………..അത് ന്യായമല്ലെ ?.
ഇവിടെയും നാം കാണാതെ പൊയ്ക്കൂടാത്ത കാര്യം, ഇന്ത്യൻ അതിർത്തിയിൽ, പ്രത്യേകിച്ച് നേപ്പാൾ അതിർത്തിയിൽ , നടക്കുന്ന ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ് കോടതിയുടെ മുന്നിലെത്തിയത് എന്നതാണ്. കാലിച്ചന്തകളുടെ കാര്യമായപ്പോൾ അത് ദേശവ്യാപകമായ വിഷയമാണ് എന്ന്  കോടതിക്ക് കാണേണ്ടിവന്നു എന്നാണ് തോന്നുന്നത് . നേപ്പാൾ അതിർത്തിയിലുള്ള നമ്മുടെ സംസ്ഥാനങ്ങൾ കേസിൽ കക്ഷിയായിരുന്നു, പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ളവ. അവരെല്ലാം  നിലപാട് കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.  അതൊക്കെ കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് കെഹാർ  ഉൾപ്പെട്ട ബഞ്ച് കേന്ദ്ര സർക്കാരിനോട് നിയമം, റൂൾസ്, ഉണ്ടാക്കാൻ ആവശ്യപ്പെട്ടത്. കരട്  റൂൾസ് ഇക്കഴിഞ്ഞ ജനുവരിയിൽ ഉണ്ടാക്കി; അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചു; അതിന്മേൽ ആക്ഷേപം ഉള്ളവർക്ക് അത് സമർപ്പിക്കാൻ അനുമതിയുണ്ടായിരുന്നു, സൗകര്യമുണ്ടായിരുന്നു. അങ്ങിനെലഭിച്ച അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് ഇന്നിപ്പോൾ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.  അതാണ് ചട്ടങ്ങൾ. അതിനുതന്നെ വൈകിയെന്ന് സുപ്രീം കോടതി  അഭിപ്രായം പ്രകടിപ്പിച്ചതും കാണാതെ പോകരുത്.
ഇനി ഇതിലെ രാഷ്ട്രീയം. തീർച്ചയായും ഇത് ഒരു വലിയ രാഷ്ട്രീയ പ്രശ്നമായി വളർത്തേണ്ടത് ബിജെപി വിരുദ്ധ ശക്തികളുടെ ആവശ്യമാണ്. അത് അവർ ഉപയോഗിക്കുന്നു. മുൻപും ഇത്തരം സന്ദർഭങ്ങൾ അവർ  കഴിയുന്നവിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ബീഫ് രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ നേരത്തെ സൂചിപ്പിച്ചത്‌  അതാണ്. കേരളത്തിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് നാം കണ്ടതാണല്ലോ ബീഫ് ഫെസ്റ്റിവലുകൾ. കോളേജുകളിൽ പോലും അത് നടന്നിരുന്നു. അന്നാണ് ആദ്യമായി എന്തുകൊണ്ട് പന്നി ഇറച്ചി ഫെസ്റ്റിവലുകൾ നടത്തുന്നില്ല എന്നും മറ്റുമുളള ചോദ്യങ്ങൾ ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും ഉന്നയിച്ചത്. ചിലയിടങ്ങളിൽ ബിജെപി മുൻകയ്യെടുത്ത് പന്നി ഇറച്ചി ഫെസ്റ്റിവൽ നടത്താൻ ശ്രമിച്ചതും ഓർക്കുക. സംഘർഷ സാദ്ധ്യതകൾ അതിലുണ്ട് എന്നത് മറച്ചുവെക്കേണ്ടതില്ലല്ലോ.  അത്തരമൊരു സാഹചര്യം വീണ്ടും ഉടലെടുക്കാനുള്ള സാധ്യതയാണ് ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഞാൻ കാണുന്നത്.
ഇനി ഇതുകൊണ്ട്  ആരാണ് നേട്ടമുണ്ടാക്കുക, ആരാണ് നഷ്ടക്കച്ചവടത്തിൽ എത്തിപ്പെടുക എന്നതും വിലയിരുത്തണം. ഇന്നലെ ഈ ഉത്തരവ് ഇറങ്ങിയതോടെ സിപിഎമ്മിനൊപ്പം കോൺഗ്രസുകാരും  ബിജെപിക്കെതിരെ, കേന്ദ്ര സർക്കാരിനെതിരെ  തെരുവിലിറങ്ങി. മുസ്‌ലിം ലീഗുകാർ പക്ഷെ, അത്രമാത്രം സജീവമായില്ല.  ഇതിൽ  പ്രതിഷേധിക്കും, കോടതിയെ സമീപിക്കും എന്നും മറ്റുമാണ് ലീഗ് നേതാക്കൾ പറഞ്ഞുകേട്ടത് . അവർക്ക് ബുദ്ധിയുണ്ട് എന്നാണ് എനിക്ക് തോന്നിയത്. ഓർക്കുക, റംസാൻ നോയമ്പ് തുടങ്ങുന്നതിന്റെ തലേന്നാണ് ഈ ഉത്തരവിറക്കിയത് എന്നും മറ്റും സിപിഎം -കോൺഗ്രസ് നേതാക്കൾ പറയുമ്പോഴാണ് ലീഗ് നേതാക്കളുടെ മൗനം. നൊയമ്പിന്റെ കാര്യം ഓർമ്മിപ്പിച്ചതിലെ മത- രാഷ്ട്രീയം വിശദീകരിക്കേണ്ടതില്ലല്ലോ.  അവർക്കറിയാം ഈ പ്രശ്നം  വേണ്ടതിലധികം, പരിധിവിട്ട്,   ആഘോഷിക്കുന്നത് നഷ്ടക്കച്ചവടമാണ് എന്ന്.  കഴിഞ്ഞ പഞ്ചായത്ത്- മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലം അവരുടെ മുന്നിലുണ്ട്,  അല്ലെങ്കിൽ അവർ ഓർത്തിരിക്കുന്നു. അന്ന് ബീഫ് ഫെസ്റ്റിവൽ തകൃതിയായി നടത്താൻ യുഡിഎഫും എൽഡിഎഫും ശ്രമിച്ചുവെങ്കിലും,  കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കാൻ തയ്യാറായിയെങ്കിലും, നേട്ടമുണ്ടായത് ഇടതുപക്ഷത്തിനാണ്, സിപിഎമ്മിനാണ് . ന്യൂനപക്ഷ വോട്ടുകൾ അവർക്ക് അനുകൂലമായി മാറിയതാണ് അന്ന് കേരളത്തിലെ  ജനവിധിയിൽ നിർണായകമായത്.  കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന, മുസ്ലിം ലീഗിന് പോലും കിട്ടിയിരുന്ന, ന്യൂനപക്ഷ വോട്ടുകൾ അത്തവണ ഇടതുപക്ഷം കൈക്കലാക്കി. സിപിഎമ്മും മറ്റും പറയുന്നതുകേട്ട് തെരുവിലിറങ്ങി കഷ്ടപ്പെട്ടതിന്റെ ആത്യന്തിക ഫലം……….. തീരാ നഷ്ടം. അതുതന്നെയാണ് ഇപ്പോൾ സിപിഎം ലക്ഷ്യമിടുന്നത് ; ഇവിടെയും നഷ്ടം കോൺഗ്രസിനും ലീഗിനും തന്നെയാവും. അവരുടെ കൂടെ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങൾ ഇതോടെ വീണ്ടും ഇടതുപാളയത്തിൽ എത്തിച്ചേർന്നാൽ അതിശയിക്കാനില്ല എന്നർത്ഥം. കെ എം മാണി പോയതോടെ ക്രൈസ്തവ വിഭാഗത്തിൽ നിന്നും വലിയ നഷ്ടം യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. ബാക്കിയുള്ളതുകൂടി നഷ്ടപ്പെടുന്നത് നമുക്ക് താമസിയാതെ കാണാം.
നേരത്തെ സൂചിപ്പിച്ചതുപോലെ സാധാരണ നിലക്കാണെങ്കിൽ ഇത് ആരോരും അറിയാതെ,  വലിയ പ്രസക്തിയില്ലാതെ,   ശ്രദ്ധിക്കാതെ പോകുന്ന ഉത്തരവാണ്. എന്നാലിപ്പോൾ ഇടതു-വലത് പക്ഷക്കാർ ഇത് വിവാദമാക്കിയതോടെ കാര്യങ്ങൾ സാർവത്രികമായി ചർച്ചചെയ്യപ്പെടുകയാണ്. അപ്പോഴും പറയട്ടെ, ഇതിന്റെ പ്രസക്തി,വാർത്താപ്രാധാന്യം കേരളത്തിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്നു. അതിനപ്പുറത്തേക്ക് ഇക്കൂട്ടർക്ക് ഇത് ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ല.   അവിടെയാണ് ബിജെപിയുടെ ബാലൻസ് ഷീറ്റിന്റെ പ്രസക്തി. എനിക്ക് തോന്നുന്നു,   ഇവിടെ കേരളത്തിൽ പോലും, ബിജെപിക്ക് ഇത് ഒരു തരത്തിൽ ഗുണകരമാവും. ബിജെപി വോട്ട് -ബാങ്കിൽ ഇത്  അവർക്കനുകൂലമായ ചലനങ്ങൾ ഉണ്ടാക്കുകതന്നെ ചെയ്യുമെന്നതിൽ സംശയമില്ല. ബീഫിന്റെ പേരിലെ രാഷ്ട്രീയം എന്നും അങ്ങിനെയാണ് പരിണമിച്ചിട്ടുള്ളത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അത് കണ്ടു. ഇറച്ചിയിൽ അധികമായി ആശ്രയിക്കാതെ കഴിയുന്ന കുടുംബങ്ങൾക്ക് ഇതൊരു പ്രശ്നമല്ല. അവർ ഇതിനെ രാഷ്ട്രീയമായി കാണും. അതുകൊണ്ടു ഇടതു വലതു പക്ഷക്കാർ ഇത് ഉയർത്തിക്കൊണ്ടുവരുന്നതിൽ ബിജെപി ആശന്കപ്പെടേണ്ടതില്ല. ദേശീയ രാഷ്ട്രീയത്തിലാവട്ടെ ഇത് പ്രതീക്ഷിച്ചതിലധികം നേട്ടമാണ് ബിജെപിക്കുണ്ടാക്കുക.  അതുകൊണ്ട് ഇത്തരം വിവാദങ്ങൾ ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും മറ്റും ചേർന്നിട്ടായാൽ പോലും ഉയർത്തിക്കൊണ്ടുവരണം എന്ന് ബിജെപി പ്രാർത്ഥിക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button