Prathikarana VedhiSpecials

സ്വാമി സാക്ഷിയുടെയും ഡോ. സ്വാമിയുടെയും തേരിലേറാൻ ബി.ജെ.പി:കെ.വി.എസ് ഹരിദാസ് എഴുതുന്നു

സ്വാമി സാക്ഷി മഹാരാജ്. അദ്ദേഹം എറണാകുളത്ത് ബിജെപിയുടെ ഒരു പരിപാടിക്കായി വരുന്നു എന്ന് കേട്ടപ്പോൾ ആദ്യം തോന്നിയത്, ‘അത് വേണോ’ എന്നാണ്. എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്ന സന്യാസി. നാവിന്‌ എല്ലില്ലാതെ എന്തും തുറന്ന്‌ പറയുന്ന വ്യക്തി…….. വിവാദങ്ങളുടെ തോഴൻ ….. ഇതൊക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യം മനസിലേക്ക് ഓടിയെത്തിയത്. സ്വാമി സാക്ഷി മഹാരാജ് മാത്രമല്ല ഒപ്പം ഡോ. സുബ്രമണ്യൻ സ്വാമിയുമുണ്ട് എന്ന് സ്നേഹിതൻ പറഞ്ഞപ്പോൾ തീർച്ചയാക്കി, ‘ ഇത് എന്തിനോയുള്ള പുറപ്പാടാണ് ‘. ബിജെപിയുടെ ഇന്റലക്ച്വൽ സെൽ, മീഡിയ സെൽ എന്നിവയാണ് സംയുക്തമായി ഈ പരിപാടി സംഘടിപ്പിച്ചത്. ടിജി മോഹൻദാസാണ് ഇന്റലക്ച്വൽ സെല്ലിന്റെ അധിപൻ; മീഡിയ സെൽ തലപ്പത്തുള്ളത് മറ്റൊരു പഴയകാല സുഹൃത്തായ കെ കുഞ്ഞിക്കണ്ണനും. രണ്ടുപേരും കൂടി എന്തോ പദ്ധതിയിട്ടിരുന്നു എന്ന് തീർച്ചയാക്കി. അതൊക്കെ കഴിഞ്ഞപ്പോഴാണ് മറ്റൊരു കാര്യം കൂടി പറയുന്നത്, “പിപി മുകുന്ദനും ആ പരിപാടിയിൽ പങ്കെടുക്കും “. അതും ഒരു പുതുമയുള്ള, അപ്രതീക്ഷിതമായ വാർത്തയായിരുന്നു.

 
എന്താണ് ഇതുകൊണ്ട്‌, ഈ പരിപാടികൊണ്ട്, ലക്ഷ്യമിടുന്നത്?. കേരളത്തിലെ ബിജെപി അനവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എത്രയോ നേതാക്കൾ അതിൽ സംബന്ധിച്ചിട്ടുണ്ട്…… ആദ്യകാലത്ത് സുന്ദർ സിങ് ഭണ്ഡാരിയും എൽകെ അദ്വാനിയും ജന കൃഷ്ണമൂർത്തിയും മറ്റും കേരളത്തിലെ നിത്യ സന്ദർശകനായിരുന്നു. പിന്നീട് മുരളി മനോഹർ ജോഷിയെപ്പോലുള്ളവരും. ഒരു വർഷത്തിൽ ഒരിക്കലെങ്കിലും എ ബി വാജ്‌പേയിയും സന്ദർശനം കൊണ്ട് കേരളത്തെ ധന്യമാക്കിയിരുന്നു. വിവിധ തലങ്ങളിലുള്ള സമ്മേളനങ്ങൾ, ക്യാമ്പുകൾ,റാലികൾ എന്നിങ്ങനെ അനവധി പരിപാടികൾ നടക്കാറുമുണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അക്കാലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പ്രധാനപ്പെട്ട ജില്ലാ ഭാരവാഹികളെയും വരെ ( പ്രസിഡന്റുമാരെ തീർച്ച) അദ്വാനിജിക്കും ഭണ്ഡാരിജിക്കും ജന കൃഷ്ണമൂർത്തിക്കും അടുത്തറിയാമായിരുന്നു. പാർട്ടി പരിപാടികളിൽ വ്യക്തിപരയാമായിപ്പോലുമുള്ള ആശയവിനിമയം മാത്രമല്ല, ക്യാമ്പുകളിലും പലപ്പോഴും അവർ രാവിലെ മുതൽ രാത്രി വരെ ഒന്നിച്ചുണ്ടാവും. ഇന്ന് അതൊക്കെ അസാധ്യമാണ്. നേതാക്കൾ കൂടിയെങ്കിലും ആർക്കും അതിനു കഴിയുന്നു എന്ന് തോന്നുന്നില്ല. കാസര്ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന പ്രവർത്തകരുടെ വീടുകളിൽ പതിവായെത്താറുണ്ടായിരുന്ന കെജി മാരാർജിയും രാമൻ പിള്ളസാറും …….. എന്നും ഗൗരവം വിടാതെ നില്ക്കാൻ ശ്രമിക്കുന്ന രാജേട്ടൻ എന്ന ഓ രാജഗോപാൽ; ഒരു കാലഘട്ടമായിരുന്നു അത്. അതിന്റെയൊക്കെ കഥകൾ ഓർമ്മയിൽ വരുന്നതിനിടയിൽ എന്തിനാണ് ഇന്നിപ്പോൾ ഡോ. സ്വാമിയും സാക്ഷാൽ സ്വാമിയും എത്തുന്നത് എന്ന്‌ ചിന്തിച്ചുപോയത് സ്വാഭാവികം. അതിൽ തെറ്റിദ്ധാരണ ഒന്നും വേണ്ട.
 
കഴിഞ്ഞ ശനിയാഴ്ച എറണാകുളത്തായിരുന്നു നിർദ്ദിഷ്ട പരിപാടി. ഒരു ആശങ്ക ഉണ്ടായിരുന്നു എന്നത് ആദ്യമേ സമ്മതിക്കട്ടെ. വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമാണ്, കാളച്ചന്ത നന്നാക്കാൻ പുറപ്പെട്ടപ്പോൾ മനുഷ്യന്റെ ആഹാരം എന്തെന്ന് മോഡി സർക്കാർ തീരുമാനിക്കുന്നുവെന്നും അടുക്കളയിൽ വരെ ബിജെപിക്കാർ ഭരിക്കാൻ തുടങ്ങിയെന്നുമൊക്കെ പറഞ്ഞുകേൾക്കുന്ന ദിനങ്ങൾ. അതിനിടയിൽ ഡോ. സുബ്രമണ്യൻ സ്വാമി, സാക്ഷാൽ സ്വാമി സാക്ഷി മഹാജ് എന്നിവർ എന്തെങ്കിലും പറഞ് പുതിയ വിവാദങ്ങൾക്ക് തുടക്കമാവുമോ; അത് ബിജെപിക്ക് മാത്രമല്ല, സംഘ പ്രസ്ഥാനങ്ങളെ എങ്ങിനെയാണ് ബാധിക്കുക, നാളെ ടിവിചാനലുകളിൽ പുതിയ ചർച്ചകൾ ആരംഭിക്കുമല്ലോ…………. തുടങ്ങിയതെല്ലാം മനസിലൂടെ ഓടിപ്പോയി. അത്തരത്തിൽ ഞാൻ മാത്രമല്ല മറ്റ്‌ പലരും ചിന്തിച്ചു എന്ന് പറഞ്ഞറിയുകയും കേട്ടറിയുകയും ചെയ്തിരുന്നു. ഏതാണ്ട് ഒരു ദശാബ്ദത്തിന്‌ശേഷം ബിജെപി വേദിയിലെത്തുന്ന പിപി മുകുന്ദേട്ടനും മനസ്സിൽ ഓടിയെത്തടിയത് സ്വാഭാവികം.
 
ഡോ. സ്വാമി ആദ്യം സംസാരിച്ചു. പിന്നീടാണ് വിവാദ നായകൻ സാക്ഷി മഹാരാജ് പ്രസംഗിച്ചത്. ഹിന്ദിയിലായിരുന്നു പ്രസംഗം. ഹിന്ദി നന്നായി അറിയില്ലെങ്കിലും കുറച്ചൊക്കെ പറയാനാവും, കേട്ടാൽ മനസിലാവും…… വളരെ ലളിതമായി, മാന്യമായി പ്രസംഗം. തൻ നേരിട്ട പ്രശ്നങ്ങളിലേക്ക് ഇടക്ക് അദ്ദേഹം എത്തിനോക്കി. ” ഹിന്ദു സ്ത്രീകൾ നാല്‌ പ്രസവിക്കണം ‘ എന്ന് പറഞ്ഞതിനെക്കുറിച്ച് : ” എനിക്ക് യുപിയിൽ വിവിധയിടങ്ങളിലായി കുറെ ആശ്രമങ്ങളുണ്ട്, 125 ഓളം. അതിലെ അന്തേവാസികളായ സന്യാസിമാരുടേയു സന്യാസിനിമാരുടെയും മറ്റ്‌ ബന്ധുക്കളുടെയും സമ്മേളനത്തിലാണ് ഞാൻ അത് പറഞ്ഞത്. സന്യാസിമാരായി വരാൻ ഇന്ന് ആളുകളില്ല. കാരണം ഓരോ വീടുകളിൽ ഒന്നോ രണ്ടോ കുട്ടികളെയുള്ളൂ. സന്യാസിമാരാവാൻ മാത്രമല്ല നമ്മുടെ സൈന്യത്തിലും പോലീസിലും ചേരാനും ആളുകൾ കുറയുന്നു. അവിടെയാണ് ഹിന്ദു സ്ത്രീകൾ നാലു കുട്ടികളെ പ്രസവിച്ചാൽ എന്ന് സൂചിപ്പിച്ചത്. ഒരാളെ സൈന്യത്തിനായി അയക്കാം, ഒരാളെ സന്യാസിയാക്കാം, മാറ്റുരണ്ടുപേർ കുടുംബത്തിൽ ഉണ്ടാവും……..ഇത് മുഴുവൻ ആരും കേട്ടില്ല, കേൾപ്പിച്ചില്ല. …”. ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചു എന്നുമാത്രം. നേപ്പാളിൽ ഭൂകമ്പമുണ്ടായത് രാഹുൽ ഗാന്ധി കേദാർനാഥിൽ ദർശനത്തിന് പോയതുകൊണ്ടാണ് എന്ന് പറഞ്ഞതും ഈ സ്വാമിയാണ്.
 
സാക്ഷി മഹാരാജ് വിവാദങ്ങളിൽ കുടുങ്ങിയപ്പോൾ പലവേളകളിലും ചാനൽ ചർച്ചകളിൽ എനിക്കും പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. ബിജെപി എംപി അങ്ങിനെയൊക്കെ പറയാമോ എന്ന് ചിന്തിച്ച ആളാണ് ഞാൻ. അതല്ല ബിജെപി നയം എന്നൊക്ക അന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. പക്ഷെ ആരാണ് ഈ സാക്ഷി മഹാരാജ് എന്നത് അന്നൊക്കെ ആരും അറിഞ്ഞിരുന്നില്ല, ചുരുക്കത്തിൽ കേരളീയരെങ്കിലും. അത്രമാത്രം ജനപിന്തുണയുള്ള സന്യാസിയാണ് അദ്ദേഹം. ഹിന്ദുക്കളിലെ ലോധി സമുദായത്തിൽ ജനിച്ചയാൾ. ഒബിസി വിഭാഗമാണ് ; യു.പിയിലെ മുൻ കല്യാൺ സിങ് അതെ സമുദായത്തിൽ പിറന്നയാളാണ്. ആ സംസ്ഥാനത്ത് ഏതാണ്ട് 125 ആശ്രമങ്ങൾ അദ്ദേഹത്തിനുണ്ട്. ആയിരക്കണക്കായ അന്തേവാസികൾ, നൂറുകണക്കിന് സന്യാസിമാർ, ലക്ഷക്കണക്കിന് അനുയായികൾ, നിർമ്മൽ പഞ്ചായതി അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ സ്ഥാനവും വഹിക്കുന്നു. ആ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട്‌ ഡസനിലേറെ ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു. വിദ്യാഭ്യാസ സ്ഥാപനം എന്ന് പറഞ്ഞാൽ അതിൽ എൽകെജി ക്ലാസ് നടക്കുന്ന സരസ്വതി വിദ്യാലയങ്ങൾ മുതൽ പിജി കോഴ്സുകൾ നടക്കുന്ന കോളേജുകൾ വരെയുണ്ടത്രേ. അതിലേറെയുണ്ടായിരുന്നു വിദ്യാലയങ്ങളുടെ എണ്ണം ; അതിൽ കുറെയെണ്ണം സംഘ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുള്ള വിദ്യാഭാരതിയെ ഏൽപ്പിച്ചു. ഇനി സ്വാമിജിയുടെ വിദ്യാഭ്യാസ യോഗ്യതയോ…..കാവി ധരിച്ച്‌ തടി വളർത്തി അലസമായി കാണുന്ന അദ്ദേഹത്തിന് എംഎ ഡിഗ്രി ഉണ്ട്. പോരാ, രണ്ട്‌ പിഎച്ച്ഡിയും.; ഒന്ന് ഭഗവദ് ഗീതയിലും മറ്റൊന്ന് മഹാ ഭാഗവതത്തിലും. യഥാർഥത്തിൽ അദ്ദേഹം ഡോ. സ്വാമി സാക്ഷി മഹാരാജ് ആണ്.
 
ജനകീയനാണ് സ്വാമി എന്ന് പറഞ്ഞുവല്ലോ. 1996 ലാണ് അദ്ദേഹം ആദ്യമായി ലോകസഭയിലെത്തുന്നത്; യുപിയിലെ മധുരയിൽ നിന്ന്. 1998ൽ ഫാറൂഖാബാദിലേക്ക് മാറി. അന്നും ജയിച്ചു ലോകസഭയിലെത്തി. ഇപ്പോൾ ഉന്നാവോ ആണ് അദ്ദേഹത്തിൻറെ നാട്. വലിയ ഭൂരിപക്ഷത്തിനാണ് എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ചത്. ഇടക്ക് ബിജെപി വിട്ട് മുലായമിനൊപ്പം പോയി. അങ്ങിനെ രാജ്യസഭാംഗമായി. എന്നാൽ അതിനിടയിൽ ആ പാർട്ടിയോട് വിടചൊല്ലി. 2014 ൽ അമിത്ഷാ താല്പര്യം കാണിച്ചതിനെത്തുടർന്നാണ് വീണ്ടും മത്സരിച്ചതും ലോകസഭയിലെത്തിയതും.
 
ഇനി ബിജെപിയുടെ ആ പരിപാടിയെക്കുറിച്ചു പറയാം. അതൊരു പുതിയ തുടക്കമാണ് എന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാനം. ഹിന്ദുക്കളെ അണിനിരത്തുക എന്നതാണ് പരമപ്രധാനം. ആ നയത്തിൽ വെള്ളം ചേർക്കേണ്ടതില്ല എന്നതാണ് ഇതിലൂടെ നൽകുന്ന സന്ദേശമെന്നും അവർ പറയുന്നു. ശരിയായ നിലക്ക് നിങ്ങൾ കേരളത്തിലെ ബിജെപിയെ പ്രേരിപ്പിക്കാനാണ് പദ്ധതിയെന്ന്‌ പറയാതെ പറഞ്ഞു എന്ന് വേണം കരുതാൻ. തീർച്ചയായും, നല്ലതിനാവും ഇതെല്ലാം എന്ന് കരുത്താനാണ് ആഗ്രഹം. മനസ്സിൽ സത്യം മാത്രമുള്ളവരാണ് സംഘാടകർ, അവർക്ക് മറ്റൊരു ചിന്തയും ഉണ്ടാവേണ്ട കാര്യവുമില്ലല്ലോ.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button