KeralaNews StorySpiritualityTravel

അന്ധവിശ്വാസ നിർമ്മാർജ്ജനമെന്ന പേരിൽ കാവുകളെ വെട്ടിനശിപ്പിച്ചു കെട്ടിടങ്ങൾ പണിതവർ ഒരിക്കലെങ്കിലും ഇരിങ്ങോള്‍ കാവിൽ പോണം

പ്രസാദ് പ്രഭാവതി 

‘ശുദ്ധമായ ജലം,മണ്ണ്,വായു,ശബ്‌ദം,പ്രകാശം ഇവ അഞ്ചും ഒത്തുചേരുന്ന ഇടമാണ് ക്ഷേത്രം’ എന്ന് താന്ത്രികമതം. ഈയൊരു തത്വം അവലംബിച്ചു കൊണ്ട് നിലനിൽക്കുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങോൾ കാവ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കേരളത്തിന്റെ യഥാർത്ഥമായ സാംസ്കാരിക പൈതൃകമാണ് ഇരിങ്ങോൾ കാവ് അടക്കം ‘വൃക്ഷങ്ങളുള്ള’ കാവുകൾ മൂലം വേരറ്റു പോകാതെ നിൽക്കുന്നതും. ചരിത്രാതീത കാലം മുതൽക്കേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രകൃത്യാലും, സാംസ്കാരികമായും ഏറെ വിഭിന്നമായി നിലകൊള്ളുന്ന ഒരു ദേശമാണ് കേരളം. ഈയൊരു അന്തരം ആരാധന സമ്പ്രദായങ്ങളിലും കാണാം. വൈദീക ബ്രാഹ്മണ്യം ശക്തി പ്രാപിച്ചു നിന്ന ഉത്തരേന്ത്യൻ ജനപഥങ്ങളിൽ നിന്നും വിഭിന്നമായി പാമ്പിൻ കാവുകൾ ആയിരുന്നു കേരളത്തിലെ പ്രധാന ആരാധനാലയങ്ങൾ. നാകന്മാർ വാണ ദേശത്തിനെ സ്വന്തം കൃതികളിൽ നാഗലോകം ആക്കാൻ വൈദീകതയുടെ പുരാണം പറച്ചിലുകാർക്ക് പ്രേരണ നൽകിയതും ഈ ആരാധനാ ശൈലി തന്നെ.

ഗ്രാമങ്ങൾക്ക് പൊതുവായ കാവുകളും, ഭൂപ്രഭുക്കൾ പരിപാലിച്ചിരുന്ന തറവാട്ടു കാവുകളും കേരളത്തിൽ ഉണ്ടായിരുന്നു. വൃക്ഷങ്ങളെ അറുക്കാതെ, പക്ഷി മൃഗാദികളെ അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടിരുന്ന കാവുകളിൽ കുളങ്ങളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ പ്രകൃതിയുടെ തുലനാവസ്ഥയെ സഹായിക്കുന്ന ഒരു ആശയം ആയിരുന്നു കാവുകൾ. നന്നായി കുളങ്ങൾ പരിപാലിക്കപ്പെടുന്ന നാട്ടിൽ ജലക്ഷാമം ഉണ്ടാകില്ല എന്ന് പൂർവികർക്ക് അറിയാമായിരുന്നു എന്ന് വേണം കരുതാൻ. ഒരുപക്ഷെ തങ്ങളെ പോലെ തന്നെ ഭൂമിയുടെ അവകാശികളായ മറ്റു ജീവികൾക്ക് വേണ്ടി ഒരാവസവ്യവസ്ഥ വേണമെന്ന ആശയവുമാകാം ഇത്തരമൊരു ചെയ്തിക്ക് പിന്നിൽ ഉണ്ടായിരുന്നതും. അതുമല്ലെങ്കിൽ പാമ്പുകളെ ആരാധിച്ചാൽ അവ ഉപദ്രവിക്കില്ല എന്ന അന്ധവിശ്വാസവുമാകാം. പക്ഷിവർഗ്ഗങ്ങൾക്കും, ഇഴജന്തുക്കൾക്കും എല്ലാം ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കി കൊടുത്തതോടെ ഇവയെല്ലാം മനുഷ്യവാസം ഉള്ളിടങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള സാധ്യതയും കുറഞ്ഞു. എന്തിന്റെ പേരിലായാലും കാവുകളുടെ പരിപാലനത്തിനു ഇന്നാട്ടിലെ പൂർവികരെ പ്രേരിപ്പിച്ച ആത്മീയത അവർക്ക് വളരെ ഗുണം ചെയ്യുന്നതുമായിരുന്നു. അതുവഴി നല്ലൊരു ഇക്കോ സിസ്റ്റം ഇവിടെ നില നിൽക്കുകയും ചെയ്തിരുന്നു.

വൈദീക ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേയ്ക്കുള്ള അധിനിവേശമാണ് വിഗ്രഹങ്ങളിൽ ദൈവങ്ങളെ കുടിയിരുത്തുന്ന ശൈലി ഇവിടെ വ്യാപിക്കാൻ കാരണമായതും. കാവുകളിൽ അദൃശ്യനായി വസിച്ചിരുന്ന ദൈവത്തെ അയൽസംസ്ഥാനക്കാരിൽ നിന്നും കടംകൊണ്ട ശൈലിയിലെ കെട്ടിടങ്ങളിൽ കുടിയിരുത്തിയപ്പോൾ നശിച്ചതും മുൻപേ സൂചിപ്പിച്ച ഇവിടത്തെ തനതു പ്രകൃതി വ്യവസ്ഥ തന്നെയാണ്. പിന്നീട് ക്ഷേത്രങ്ങൾ എത്രത്തോളം വികസിക്കുന്നോ, അത്രത്തോളം ചെടികൾക്കുള്ള സ്ഥലം കുറയുകയും ചെയ്തു. അന്ധവിശ്വാസ നിർമ്മാർജ്ജനം എന്ന പേരിൽ കാവുകളെ വെട്ടിനശിപ്പിച്ചു കോൺക്രീറ്റ് കെട്ടിടങ്ങൾ പണിത വിപ്ലവകാരികളുടെ നാട് കൂടിയാണ് കേരളം എന്നും ഓർക്കണം. കാലക്രമേണ ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേയ്ക്ക് ഇറങ്ങാത്ത വിധം പാകുന്ന ഇന്റർലോക്കുകൾ ആയി ഇന്നാട്ടിലെ ക്ഷേത്രങ്ങളുടെ വികസന മുഖമുദ്ര.

നാഗദോഷവും, നാഗശാപവും പേടിച്ചു വഴിപാടു നടത്താൻ വരുന്നവർക്കായി തയ്യാറാക്കി വെച്ചിട്ടുള്ള പാമ്പിൻ കാവ് എന്നെഴുതിയ ബോർഡും, അതിനു പിന്നിൽ നിരത്തി വെച്ചിരിക്കുന്ന കുറെ വിഗ്രഹങ്ങളും ഇത്തരം മണിമന്ദിരങ്ങളുടെയും കച്ചവടോപാധിയാണ്. ബോർഡിൽ കാവ് എന്നുണ്ടാകുമെങ്കിലും, ഇവിടങ്ങളിൽ ചെന്ന് നോക്കിയാൽ പാമ്പ് പോയിട്ടൊരു പല്ലിയെ പോലും കാണാൻ സാധിക്കുകയുമില്ല.തങ്ങളുടെ പൂർവികർ നാഗശാപം ഭയന്നാണ് കാവുകൾ ഉണ്ടാക്കിയതെന്ന് വിശ്വസിച്ചു വളർന്ന കെടുബുദ്ധികളെ ആരോ ചൂഷണം ചെയ്തതിന്റെ ഫലമാണ് ശാപമോക്ഷ വഴിപാടുകളിൽ പണം കൊയ്യുന്ന ഇത്തരം കരിങ്കൽ ദൈവങ്ങളും, കോൺക്രീറ്റ് കാവുകളും. ഈ നിർമ്മികളുടെ മുന്നിൽ നൂറും പാലും നേദിച്ചും, മഞ്ഞൾപ്പൊടി കൊണ്ട് കമിഴ്ത്തിയും മനുഷ്യൻ താൻ പ്രകൃതിയോട് ചെയ്ത തെറ്റുകൾക്ക് മാപ്പിരക്കുകയും ചെയ്യുന്നു.

പൊതുജനങ്ങളെ പോലും അറിയിക്കാതെ ചിലർ നടത്തിയ വികസന ശ്രമങ്ങൾ ഇടക്കാലത്ത് ഇരിങ്ങോൾ കാവിനും ഭീഷണി ഉയർത്തിയിരുന്നു. നഗര സഭയുടെയോ, അനുബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെടാതെ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പ്ലൈ വുഡ് ഫാക്ടറിയും അതിന്റെ ഭാഗമായ പശ നിർമ്മാണ യൂണിറ്റുമാണ് കാവിലെ ജൈവ വൈവിധ്യത്തിനും, സമീപത്തെ കൃഷിയിടങ്ങൾക്കും മനുഷ്യർക്കും എല്ലാം ഭീഷണി ഉയർത്തിയത്. കാവിനു സമീപമുള്ള തോട്ടിലേയ്ക്ക് ഫാക്റ്ററി മാലിന്യം ഒഴുക്കിയതോടെ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇരിങ്ങോൾ കാവ് തങ്ങളുടെ നാടിന്റെ പ്രാണ ദായിനിയാണ് എന്ന തിരിച്ചറിവുള്ളവരാണ് ഇവിടത്തെ നാട്ടുകാർ എന്നതുകൊണ്ട് തന്നെ കാവ് സംരക്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷയും. കാട് വെട്ടിത്തെളിച്ചു വനക്ഷേത്രങ്ങളെ വികസിപ്പിക്കുന്ന മാസ്റ്റർ പ്ലാനുകൾ ഒന്നും ഇരിങ്ങോൾ ദേശത്തെ തേടിയും വരാതിരിക്കട്ടെ.

ജനത്തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ മഹാ വിഭാഗത്തിൽ പെട്ട ക്ഷേത്രങ്ങളെ പോലെ ഒരു വികസനം ഇരിങ്ങോൾ കാവിന് ഒരിക്കലും സംഭവിക്കാനും പാടുള്ളതല്ല. തിരക്ക് കൂടുമ്പോൾ ശബ്ദം കൂടും, ഉപേക്ഷിക്കപ്പെടുന്ന മാലിന്യവും കൂടും. ഇപ്പോൾ നമുക്ക് കേൾക്കാവുന്ന ചീവീടുകളുടെയും, കിളികളുടെയും എല്ലാം ശബ്ദം പയ്യെ പയ്യെ ഇല്ലാതാകും. അവയെല്ലാം ഇല്ലാതാവുന്ന കാലം കാവിലെ ഈശ്വരനും ഇല്ലാതാകും. മനുഷ്യർ എത്രയധികം ചെല്ലുന്നുവോ പ്രകൃതിയുടെ സൗന്ദര്യം അത്രയും കുറയും എന്നതാണ് ഇതുവരെയും സംഭവിച്ചിട്ടുള്ള സത്യം. അതുകൊണ്ടു തന്നെ ഒരു കാവിനെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നവർ മാത്രം എത്തിപ്പെടേണ്ട ഒരിടവുമാണ് ഇരിങ്ങോൾ കാവ്.

മനസ്സിന് ശാന്തി ലഭിക്കുവാൻ വേണ്ടി ആളുകൾ ദേവാലയത്തിൽ പോകുന്നു എന്ന തത്വം അനുസരിച്ചെങ്കിൽ, ശാന്തി നേടുവാൻ നിങ്ങൾക്ക് പോകാവുന്ന ഒരിടമാണ് ഇരിങ്ങോൾ കാവ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണ് എങ്കിൽ, പ്രകൃതിയുടെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനായി ചെന്നിരിക്കാവുന്ന ഒരിടമാണ് ഇരിങ്ങോൾ കാവ്. തനിക്കു ചുറ്റുമുള്ള പ്രകൃതിയിൽ ഈശ്വരനെ ദർശിക്കുന്ന ആത്മീയവാദിയാണ് നിങ്ങളെങ്കിൽ ഈശ്വരനെ ദർശിക്കാവുന്ന ഇടമാണ് ഇരിങ്ങോൾ കാവ്. പായൽ മൂടിയതോ, സോപ്പിൻ പത നിറഞ്ഞതോ ആയ കുളങ്ങളിലെ ‘ശുദ്ധമായ’ ജലവും, ലൗഡ് സ്പീക്കർ വഴി പുറത്തു വിടുന്ന “ഭക്തി” ഒച്ചകളും, ചന്ദനത്തിരിയും മറ്റു ധൂപ സാമഗ്രികളും കത്തിച്ചുണ്ടാക്കുന്ന ‘ശുദ്ധ’വായുവും, ഇന്റർലോക്ക് കൊണ്ട് ശ്വാസം മുട്ടിയ ശുദ്ധമായ മണ്ണും എല്ലാം ലഭ്യമാക്കി കൊണ്ട് ഭണ്ഡാരങ്ങൾ നിറയ്ക്കുന്ന നാട്ടിലെ ‘വഴിയമ്പലങ്ങൾ’ എങ്ങിനെ പുനരുദ്ധരിക്കപ്പെട്ടു ക്ഷേത്രങ്ങൾ ആക്കപ്പെടണം എന്നതിനുദാഹരണവുമാണ് ഇരിങ്ങോൾ കാവ്. പ്രകൃതിയെ തൊട്ടറിയാൻ, ആസ്വദിക്കാൻ, അതിന്റെ ദിവ്യത്വം തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുമെന്നുറപ്പുണ്ടെങ്കിൽ ഒരിക്കൽ പോയി കാണുക ഈശ്വരൻ സ്വയം പ്രകൃതിയായി ഇരിക്കുന്ന മണ്ണിനെ !!!

shortlink

Related Articles

Post Your Comments

Related Articles


Back to top button