Latest NewsKeralaNews

വാട്‌സ് ആപ്പ് – ഫേസ്ബുക്ക് : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം

 

കൊച്ചി : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം. വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍രേഖകളും വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് പോലീസ് സൈബര്‍ സെല്‍. വാട്സ്ആപ്പിലും മറ്റും നല്‍കുന്ന വിവരങ്ങള്‍ ഗ്രൂപ്പുകളിലൂടെ പങ്കുവെയ്ക്കുന്നതുവഴി ദുരുപയോഗത്തിനുള്ള സാധ്യത കൂടുമെന്ന് പോലീസ് പറയുന്നു. സ്വകാര്യരേഖകള്‍ പൊതു കംപ്യൂട്ടറുകളില്‍ ഉപേക്ഷിക്കുന്നതിനെതിരേ ഹൈടെക്
ക്രൈം എന്‍ക്വയറി സെല്ലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇത്തരം രേഖകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നതിനാലാണ് ഈ മുന്നറിയിപ്പ്. വാട്സ്ആപ്പിലൂടെ വിവരങ്ങള്‍ കൈമാറുമ്പോള്‍ അബദ്ധത്തില്‍ വ്യക്തിയോ ഗ്രൂപ്പോ മാറിയാല്‍ അപകടമാവും.

സുപ്രധാനവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നതും ഒഴിവാക്കണം. ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്താലും വിവരങ്ങളോ ചിത്രങ്ങളോ രേഖകളോ വീണ്ടെടുക്കാന്‍ ഇന്നെളുപ്പമാണ്. സിം കാര്‍ഡുകള്‍ ഭീകരപ്രവര്‍ത്തനത്തിനുവരെ ഉപയോഗിക്കാനുള്ള സാധ്യത പോലീസ് ആവര്‍ത്തിക്കുന്നു.

ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഇന്റര്‍നെറ്റ് കഫേകളിലും മറ്റും സ്‌കാന്‍ ചെയ്ത് അയയ്ക്കുകയും പകര്‍പ്പെടുക്കുകയും ചെയ്യുമ്പോള്‍ മുന്‍കരുതല്‍ വേണം. സ്‌കാന്‍ ചെയ്ത് പകര്‍പ്പെടുത്തുകഴിഞ്ഞാലുടന്‍ കംപ്യൂട്ടറിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്നുള്‍പ്പെടെ ഇവ ഡിലീറ്റ് ചെയ്തെന്ന് ഉറപ്പുവരുത്തണം. സ്‌കാന്‍ ചെയ്ത് കോപ്പിയെടുക്കുന്നത് സ്വന്തം പെന്‍ഡ്രൈവുകളിലായാല്‍ കുഴപ്പമില്ല.

ഫോട്ടോസ്റ്റാറ്റ് സെന്ററുകളില്‍ പകര്‍പ്പെടുക്കുമ്പോള്‍ മോശപ്പെട്ട പ്രിന്റുകള്‍ അവിടെ ഉപേക്ഷിക്കരുത്. ഇ-മെയില്‍ അക്കൗണ്ടുകളോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയോ ഉപയോഗിച്ചാല്‍ ആവശ്യം കഴിഞ്ഞാലുടന്‍ ലോഗ്ഔട്ട് ചെയ്തതായി ഉറപ്പാക്കണം. വിദേശരാജ്യങ്ങളില്‍നിന്നുള്ള അജ്ഞാതഫോണ്‍വിളികളോട് പ്രതികരിച്ചാല്‍ പണനഷ്ടം മാത്രമല്ല ഫോണുകളിലെ വിവരങ്ങള്‍ ചോരുകയും ചെയ്യുെമന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button