Latest NewsNewsIndia

വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. വീടിന് മുന്നില്‍ വഴിവക്കിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്‍കേണ്ടിവരും. മാര്‍ക്കറ്റുകളില്‍ വാഹനം പാര്‍ക്കുചെയ്യാന് അനുവാദമുള്ളത് കടകളിലേക്ക് വരുന്നവര്‍ക്ക് മാത്രമാണ്. കടയുടമകള്‍ ഇതിനായി പാര്‍ക്കിങ് ലോട്ടുകള്‍ തയ്യാറാക്കണം. മാര്‍ക്കറ്റുകളിലെ പാര്‍ക്കിങ്ങിന് ഈടാക്കുന്ന ഫീസ് ഓരോ 30 മിനിറ്റിലും വര്‍ധിക്കും. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 100 രൂപ അധികം നല്‍കണമെന്നും പുതിയ നയത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

കോളനി റോഡുകളില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഫീസീടാക്കുക. എന്നാല്‍ രാത്രിയില്‍ പകല്‍ സമയത്തേക്കാള്‍ കുറഞ്ഞ നിരക്കാകും ഈടാക്കുക. രണ്ട് കാറുള്ളവരില്‍ നിന്ന് കൂടിയ നിരക്ക് ഈടാക്കും. ഡല്‍ഹി നഗരസഭകള്‍ക്ക് കാറുകള്‍ പാര്‍ക്കുചെയ്യുന്നതു സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. അതേസമയം നടപ്പാതയില്‍ വാഹനം പാര്‍ക്കു ചെയ്യുന്നത് കുറ്റകരമാണെന്നും പുതിയ നയത്തില്‍ പറയുന്നു.കോളനികളിലെ ചെറിയ റോഡുകളില്‍ പാര്‍ക്കിങ് വര്‍ധിക്കുന്നുവെന്ന് കണ്ടാണ് പുതിയ നീക്കം. മാത്രമല്ല ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ശ്രമത്തിന് തടയിടുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

നയം നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായം തേടും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഒരുമാസം സമയം നല്‍കിയിട്ടുണ്ട്. പകല്‍സമയത്തും വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിലുമാണ് ഫീസ് ഈടാക്കുക. മാത്രമല്ല ആഴ്ചാവസാനങ്ങളിലും മറ്റ് ദിവസങ്ങളിലും ഏറ്റക്കുറച്ചിലുണ്ടാകും. ഡല്‍ഹിയിലെ വാഹനത്തിരക്ക് കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പാര്‍ക്കിങ് നയം കൊണ്ടുവരുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പുതിയ നയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button