അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ആദ്യമായി പ്രതികരിക്കുന്നു :ഇതുവരെ പുറംലോകത്തോട് പറയാത്ത കാര്യങ്ങള്‍ : രാമചന്ദ്രന്റെ ആരോഗ്യനില ദയനീയം

70525
Indira
കടപ്പാട് : ഖലീജ് ടൈംസ്

ദുബായ്•ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം.എം രാമചന്ദ്രനെ മോചിപ്പിക്കാനുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍. 75 കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ 2015, ആഗസ്റ്റ്‌ 23 നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയ കേസിലാണ് അദ്ദേഹം ജയിലിലായത്. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്.

“അദ്ദേഹം ഇപ്പോള്‍ 21 മാസമായി ജയിലിലാണ്. ആരോഗ്യനില ഓരോ ദിവസവും വഷളായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്നും വീല്‍ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എനിക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്‌. ഞാനിപ്പോള്‍ ഒറ്റപ്പെട്ട് നിസഹായയായ അവസ്ഥയിലാണ്” 68 കാരിയായ ഇന്ദിര ‘ഖലീജ് ടൈംസി’നോട് പറഞ്ഞു.

ആദ്യമായാണ് ഒരു മാധ്യമത്തോട് അവര്‍ തന്റെ ആശങ്കയും പ്രയാസങ്ങളും തന്റെ ഭര്‍ത്താവിനെ ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്നത്.

ചില ബാങ്കുകള്‍ തനിക്കെതിരെയും സിവില്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ താനും ജയിലിലാകുമോയെന്ന ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ഇന്ദിര പറഞ്ഞു. വാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ സ്ഥിരമായ വരുമാനമില്ല. പക്ഷേ, തന്റെ ഭര്‍ത്താവിനെ പുറത്തുകൊണ്ടുവരാന്‍ പോരാട്ടം തുടരുകയാണെന്നും അവര്‍ പറഞ്ഞു.

വീട്ടമ്മയായ ഇന്ദിര ഭര്‍ത്താവിന്റെ ബിസിനസില്‍ ഇടപ്പെട്ടിരുന്നില്ല. 2015 ല്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രന്‍ ജയിലിലായതോടെയാണ് ഇവരുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്.

സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുമെന്നാണ് കരുതിയത്. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഇന്ദിര പറഞ്ഞു.

സംഭവം വാര്‍ത്ത‍യായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. തിരിച്ചവ് മുടങ്ങിയതിന് അവര്‍ രാമചന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. 1990 ലെ കുവൈത്ത് യുദ്ധകാലത്ത് അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞതാണ്. വീണ്ടും അദ്ദേഹം ദുബായിയില്‍ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു.അതിനാണ് ഇപ്പോള്‍ താഴ് വീണിരിക്കുന്നത്.

തന്നെ അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ചില ആളുകള്‍ സഹായത്തിന്‌ കോടികള്‍ ആവശ്യപ്പെടുന്നു. താന്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുകയാണ്. എന്ത് ചെയ്യണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല- ഇന്ദിര പറഞ്ഞു.

രാമചന്ദ്രന്‍ ജയിലിലായതോടെ തൊഴിലാളികള്‍ കുടിശിക ശമ്പളം ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനിടയില്‍ നിരവധിപേര്‍ കള്ളക്കളി നടത്തി. 200 ഓളം വരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ ഷോറൂമുകളിലെ 5 മില്യണ്‍ ദിര്‍ഹം വിലവരുന്ന വജ്രങ്ങള്‍ വെറും 1.5 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും അവര്‍ വെളിപ്പെടുത്തി.

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായതോടെ, അദ്ദേഹം ബാങ്കുകളില്‍ വരുത്തിയ ബാധ്യത കൊടുത്ത് തീര്‍ക്കേണ്ട ചുമതല ഇന്ദിരയുടെ മുകളിലായി. നിലവിലുള്ള സ്വത്തുക്കള്‍ വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്.

ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണ അറ്റ്‌ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും ഷട്ടര്‍വീണു.

അതിനിടെ മറ്റൊരു ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയിലിലായത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അറ്റ്‌ലസ് ഗ്രൂപ്പുമായി ബന്ധമില്ലാത്ത ഒരു കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഇതോടെ എല്ലാം ഇന്ദിര ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയിലായി.

രാമചന്ദ്രനെ ഉടനെ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. മസ്ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന 35 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ബാങ്കുകളുമായി താല്‍ക്കാലിക സെറ്റില്‍മെന്റ് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ പുതിയ തിരിച്ചടവ് കരാറും സംസാരിച്ചിട്ടുണ്ട്. മൂന്ന് ബാങ്കുകള്‍ മാത്രമാണ് ഇതിന് സമ്മതിക്കാത്തത്. താനിപ്പോള്‍ ഈ ബാങ്കുകളുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. കേസ് തത്കാലം നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ അവര്‍ കൂടി ഒപ്പുവച്ചാല്‍ രാമചന്ദ്രനെ ഉടനെ മോചിപ്പിക്കാന്‍ കഴിയും.

സത്യസന്ധനായ മനുഷ്യനായിരുന്ന അദ്ദേഹം വിപണിയില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സത്പേര് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ജയിലില്‍ കഴിയുന്നതിനാല്‍ കടംവീട്ടുന്നതിന് സ്വത്തുക്കള്‍ വില്‍ക്കുന്നത് സംസരിക്കാനോ മറ്റോ കഴിയുന്നില്ല – ഇന്ദിര പറഞ്ഞു. അദ്ദേഹത്തിന് മനുഷിക പരിഗണനയെങ്കിലും നല്‍കണമെന്നാണ് തന്റെ ദൃഡമായ ആവശ്യമെന്നും അവര്‍ പറഞ്ഞു.

കടപ്പാട്: ഖലീജ് ടൈംസ്