Latest NewsNewsTechnology

ഇനി ഇന്ത്യയിലിരുന്ന് പാകിസ്ഥാന്റെ നീക്കങ്ങളെ നിരീക്ഷിയ്ക്കാം : പാക് സൈനിക നീക്കങ്ങളെ നിരീക്ഷിയ്ക്കുന്ന കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ് റെഡി

 

തിരുവനന്തപുരം: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ് ഒരുങ്ങി. ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാന്‍ ശക്തമായ കാമറകള്‍ വഹിക്കുന്ന കാര്‍ട്ടോസാറ്റ് – 2 ഇ ഉപഗ്രഹം ഇന്ത്യ നാളെ വിക്ഷേപിക്കും. സൈനികാവശ്യത്തിന് മാത്രമുള്ള ഉപഗ്രഹമാണിത്. 160 കോടി രൂപയാണ് വിക്ഷേപണ ചെലവ്. പി.എസ്.എല്‍.വി സി – 38 റോക്കറ്റില്‍ 505 കിലോമീറ്റര്‍ മേലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹത്തെ എത്തിക്കുക. പി.എസ്.എല്‍.വിയുടെ 40-ാമത്തെ ദൗത്യമാണിത്.

അതിര്‍ത്തിയിലെ ചെറിയ നീക്കങ്ങള്‍ പോലും ഒപ്പിയെടുക്കാന്‍ കഴിയുന്ന അതിശക്തമായ റെസൊല്യൂഷനുള്ള ഒരു പാന്‍ക്രൊമാറ്റിക് കാമറയാണ് കാര്‍ട്ടോസാറ്റിലെ പേലോഡ്. അനുബന്ധമായി രണ്ട് മള്‍ട്ടി സ്‌പെക്ടറല്‍ കാമറകളുമുണ്ട്. ഭൂമിയിലെ 65 സെന്റിമീറ്റര്‍ വരെ അടുത്തുള്ള സ്ഥലത്തിന്റെ കൃത്യമായ ചിത്രവും വീഡിയോയും കാമറകള്‍ പകര്‍ത്തും. ചിത്രങ്ങള്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലായിരിക്കുമെങ്കിലും മറ്റ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാധാരണ ഫോട്ടോകള്‍ പോലെ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക.

ഈ വര്‍ഷം ഫെബ്രുവരിയിലും ഇന്ത്യ ഒരു കാര്‍ട്ടോസാറ്റ് ഉപഗ്രഹം അയച്ചിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷവും നുഴഞ്ഞുകയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാമത്തെ ഉപഗ്രഹം കൂടി അയയ്ക്കുന്നത്. ഐനോസ് എന്ന അന്താരാഷ്ട്ര സ്വകാര്യ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പാകിസ്ഥാന്‍ വാങ്ങുന്നത്. ഇതാകട്ടെ 26 മണിക്കൂറിലാണ് ഒരു ചിത്രം കിട്ടുന്നത്. ചെലവും കൂടുതലാണ്.

കാര്‍ട്ടോസാറ്റില്‍ നിന്ന് ഓരോ നിമിഷവും ചിത്രങ്ങള്‍ കിട്ടും. 126 ദിവസത്തിലൊരിക്കല്‍ ഭൂമിക്ക് ചുറ്റമുള്ള 1867 ഭ്രമണപഥങ്ങളും നിരീക്ഷണ മേഖലയുടെ 45 ഡിഗ്രി വരെയുള്ള വശങ്ങളും നിരീക്ഷിക്കാന്‍ ഇതിന് കഴിയും. ഈ ഉപഗ്രഹം ഇന്ത്യന്‍ സേനയ്ക്ക് കൂടുതല്‍ കരുത്തുപകരും.

കാര്‍ട്ടോസാറ്റിനൊപ്പം 14 രാജ്യങ്ങളില്‍ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബ്രിട്ടന്‍, ആസ്ട്രിയ, ചിലി, ചെക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്‌ളോവാക്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് ഉപഗ്രഹങ്ങള്‍. ഇന്ത്യയില്‍ നിന്ന് നൂറുല്‍ ഇസ്‌ളാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ന്യൂസാറ്റും കൂട്ടത്തിലുണ്ട്. കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 955 കിലോഗ്രാമാണ് മൊത്തം ഭാരം.

ഈ വിക്ഷേപണത്തിന് ശേഷം പി.എസ്.എല്‍.വി ഡയറക്ടര്‍ ജയകുമാര്‍ ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീയുടെ പ്രോജക്ട് ഡയറക്ടറായി ചുമതലയേല്‍ക്കും. ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച മാതൃകയില്‍ മാര്‍ക്ക് ത്രീയെയും വികസിപ്പിക്കുകയാണ് ജയകുമാറിന്റെ ദൗത്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button