Latest NewsKeralaNews StorySpecials

ശബരിമലയിൽ എന്താണ് അഹിതം: ഈശ്വര ഹിതം അറിയേണ്ടതല്ലേ? കെവിഎസ് ഹരിദാസ് എഴുതുന്നു

 

കെവിഎസ് ഹരിദാസ് എഴുതുന്നു

ശബരിമലയിലെ പുതിയ സ്വർണ കൊടിമരം നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിനകം വിവാദമായിക്കഴിഞ്ഞുവല്ലോ. പുതിയ കൊടിമര പ്രതിഷ്ഠ നടന്ന ദിവസം തന്നെ അതിന്റെ പീഠത്തിൽ എന്തോ ഒരു രാസ ലായിനി ഒഴിക്കുകയായിരുന്നു. ആയിരക്കണക്കിന് ഭക്തർ ഉള്ളവേളയിൽ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഇതെങ്ങിനെ നടന്നു എന്നതായിരുന്നു ആദ്യമേയുണ്ടായ ആശങ്ക. എന്നാൽ സിസിടിവിയുടെ സഹായത്തോടെ അത് ചെയ്തതായി കരുതുന്നവരെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഗാർഡുമാരുമൊക്കെച്ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടി. ( പിടികൂടിയത് ദേവസ്വം ഗാർഡുമാരാണ് എന്നതാണ് മനസ്സിലാക്കുന്നത്. അവരാണത്രെ രാസപദാർത്ഥം കൊടിമരത്തിൽ ചൊരിഞ്ഞവരെ സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞതും പമ്പ ബസ് സ്റ്റാൻഡിൽ ചെന്ന് പിടികൂടിയതും പിന്നീട് പൊലീസിന് കൈമാറിയതും). അവരിപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്.

ആന്ധ്ര പ്രദേശിൽ നിന്നുള്ളവരാണ് ഇവരെല്ലാം എന്ന് പോലീസ് പറയുന്നു. കുറ്റവാളികൾ നിയമത്തിന്റെ മുന്നിലെത്തണം എന്നുമാത്രമല്ല ഇത് എന്തെങ്കിലും ഗൂഢപദ്ധതിയായിരുന്നോ എന്നതും വെളിവാകേണ്ടതുണ്ട്. അന്വേഷണം യഥാവിധി നടക്കട്ടെ. തൽക്കാലം അതിലിടപെടാൻ ആരും പോകേണ്ടതില്ല; മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാനുള്ള ചുമതല പോലീസിനും സർക്കാരിനുമുണ്ട്.ശബരിമലയിൽ നടന്ന ഈ സംഭവങ്ങൾ ഒരു നിസാര കാര്യമല്ല എന്നത് ആരും മറന്നുപോകരുത്. ശബരിമല മാത്രമല്ല നമ്മുടെ ഒട്ടെല്ലാ മഹാക്ഷേത്രങ്ങളും പലപ്പോഴും ഭീഷണിയുടെ നിഴലിലാണ്. പോലീസിനും സർക്കാരിനും അതറിയാം. ശബരിമലയെക്കുറിച്ച്‌ വിവാദങ്ങൾ സൃഷ്ടിക്കാനും അവിടത്തെ പ്രതിഷ്ഠയെയും ദേവതാ സങ്കല്പത്തെയും അവമതിക്കാനും പലപ്പോഴും ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതും മറന്നുകൂടാ.

അതിലൊക്കെ ചില രാഷ്ട്രീയ നിക്ഷിപ്ത താൽപ്പര്യങ്ങളും ഉണ്ടായിരുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെ ഒരു ഉദാഹരണം. കാലങ്ങളായി അവിടെ പരിപാലിച്ചുപോരുന്ന സമ്പ്രദായത്തിന് എതിരായി ചില നിലപാടുകൾ സ്വീകരിച്ചവർ ഇവിടെയുണ്ട്. കോടതിയിൽ സത്യവാങ് മൂലം കൊടുത്തവരുണ്ട്. ആരെതിർത്താലും ആചാരങ്ങൾ അവഗണിച്ചുകൊണ്ട് , ലംഘിച്ചുകൊണ്ട് തങ്ങൾ ശബരിമലയിലെത്തും എന്ന് പ്രഖ്യാപിച്ചവരുണ്ട്. അവരെത്തുന്നത് സ്വാമി അയ്യപ്പനെ വണങ്ങാനല്ല, മറിച്ച്‌ കോടാനുകോടി അയ്യപ്പ ഭക്തരുടെ വികാര-വിചാരങ്ങളെ അധിക്ഷേപിക്കാനാണ് എന്നത് ആർക്കാണ് അറിയാത്തത്‌ . അവരുടെ ചില വനിതാ നേതാക്കളെയും നാം ഇതുമായി ബന്ധപ്പെട്ട് തെരുവിൽ കണ്ടതാണ്. എന്തെല്ലാമാണവർ അവിടെ വിളിച്ചുകൂവിയത്?. അത്തരക്കാർ ഇന്നിപ്പോൾ കേരളത്തിലെ ഭരണകൂടത്തിന്റെ ഭാഗവുമാണ്.

അതെന്തൊക്കെയായാലും ഇന്നിപ്പോൾ പഴയ ഈ പ്രക്ഷോഭകർ ഇന്നിപ്പോൾ ശബരിമല സന്നിധാനത്ത് ശ്രീകോവിലിനുമുന്നിൽ കൈകൂപ്പി നിൽക്കുന്നതും മേൽശാന്തിയിൽനിന്നും തന്ത്രി മുഖ്യനിൽ നിന്നും തീർത്ഥവും പ്രസാദവും ഏറ്റുവാങ്ങുന്നതുമൊക്കെ കാണുന്നു. സന്തോഷം പകരുന്ന കാര്യങ്ങളാണ് അതെന്നതിൽ സംശയമില്ല. സദ്‌ബുദ്ധി ഈശ്വരൻ ഒരിക്കൽ എല്ലാവര്ക്കും നൽകും എന്നതാണ് സാധാരണ പറയാറുള്ളത്. അത് ആ വ്യക്തി പ്രയോജനപ്പെടുത്തുമോ എന്നതാണ് പ്രശ്നം. ഇവിടെ നമ്മുടെ സുഹൃത്തുക്കൾ അത് പ്രയോജനപ്പെടുത്തുന്നു എന്നത് നല്ല ലക്ഷണമാണ്. കലികാലത്ത് അയ്യപ്പനാണ് രക്ഷ എന്ന് പറയാറുണ്ട്. ഈ മാറ്റവും അതിന്റെ സൂചന തന്നെയായാൽ നല്ലതുതന്നെ. മനുഷ്യർ, ശത്രുക്കൾ പോലും, നന്നാവണം എന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്.

‘ഭരണകൂട ഭീകരത’യാണ് ഇന്നിപ്പോൾ കൊടിമരം നശിപ്പിക്കാൻ കാരണം എന്ന് ആക്ഷേപിക്കാൻ ഞാനില്ല. നിരീശ്വരവാദികൾ ഭരിക്കുന്നതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നും ഞാൻ ആക്ഷേപിക്കില്ല. ഇന്ത്യയിൽ നരേന്ദ്ര മോഡി ഭരിക്കുന്നതിനാലാണ്, അല്ലെങ്കിൽ ‘സംഘ പരിവാറിന് ഭരണത്തിൽ മേൽക്കൈ’ ഉള്ളതിനാലാണ്, വടക്കേ ഇന്ത്യയിൽ വല്ലപ്പോഴും ഒരു മുസ്ലിമോ പട്ടികജാതിക്കാരനോ കൊലചെയ്യപ്പെടുന്നത് എന്ന് പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പോലെ സാമാന്യ ബുദ്ധിയുള്ളവർക്ക് പറയാനാവില്ലല്ലോ. രാഷ്ട്രീയമായ ചില ചിന്തകളും തോന്നലുകളും ഒരിക്കലും ഭ്രാന്തായി മാറിക്കൂടാ എന്നതും ഓർക്കേണ്ടതുണ്ടല്ലോ. എന്നാൽ സർക്കാരിൽ ചുമതലകൾ വഹിക്കുന്നവർ, സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ, വഴിവിട്ടും മറ്റും തുടർച്ചയായി വിവരക്കേട് പറയുകയും ആചാരാനുഷ്ഠാനങ്ങൾ വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഭഗവാന് അനിഷ്ടം ഉണ്ടായാൽ അതിശയിക്കാനില്ല.

അത് ഓരോ വിധത്തിലാണ് ഭഗവാൻ പ്രകടിപ്പിക്കുക എന്നത് മുൻപും നാം കണ്ടിട്ടുണ്ട്. ഗുരുവായൂരിൽ ദശാബ്ദങ്ങൾക്ക് മുൻപ് അഗ്നിബാധ ഉണ്ടായതോർക്കുക. 1972- ലോ മറ്റോ ആണത്. അതിനുശേഷം നടന്ന ദേവപ്രശ്നത്തിൽ കണ്ടത് ഇതുപോലെ പലതുമായിരുന്നു. ശബരിമലയിൽ തന്നെ എന്തെല്ലാം കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. അതിൽ പലതും അവിടെത്തന്നെ നടന്ന ദേവപ്രശ്നങ്ങളിൽ പ്രകടമായിട്ടുമുണ്ട്. ദേവപ്രശ്നത്തിൽ പ്രകടമാവുന്നത് ദേവന്റെ ഹിതമാണ് എന്നതാണ് വിശ്വാസം. തീർച്ചയായും ഇന്നിപ്പോൾ ശബരിമല സന്നിധാനത്ത് ഉണ്ടായിട്ടുള്ള വിഷയങ്ങൾ മറ്റൊരു ദേവപ്രശ്നത്തിന് വിധേയമാക്കേണ്ടത് തന്നെയാണ്. പുതിയ ധ്വജ പ്രതിഷ്ഠ സംബന്ധിച്ച എന്തെങ്കിലും ‘അഹിതം’ നടന്നിരുന്നുവോ, അത് ഈ സംഭവത്തിന് കാരണമായോ ?. ആയിക്കൂടായ്കയില്ല എന്ന് കരുതുന്നവർ അനവധിയുണ്ട്. ആന്ധ്ര സ്വദേശിയായ ഒരാൾ വഴിപാടായാണ് ഇതൊക്കെ ചെയ്തത് എന്നറിയുന്നു.

ദേവസ്വം ബോർഡിന് കൊടിമര പ്രതിഷ്ഠ സംബന്ധിച്ച്‌ ചിലവൊന്നും ഉണ്ടായില്ല എന്നതും വാദത്തിനായി ശരിവെക്കാം. അതുകൊണ്ട് അതിൽ അഴിമതിയോ ക്രമക്കേടോ ആചാര -അനുഷ്ഠാന ലംഘനമോ എന്തിനു സംശയിക്കുന്നു എന്നും ചോദിക്കാം. അതൊക്കെ ശരിതന്നെ. എന്നാൽ ഇതൊക്കെ ഇങ്ങനെ പരിണമിച്ച സാഹചര്യത്തിൽ ഭഗവാന്റെ ഹിതം അറിയുകതന്നെ വേണം. ഇവിടെ നാം കാണേണ്ടത് ദേവസ്വം ബോർഡും അതിന്റെ സംവിധാനങ്ങളും അത്രമാത്രം സുതാര്യമൊന്നുമല്ല എന്നതുതന്നെയാണ്.ശബരിമല ഭരണം, പൊതുവായി പറഞ്ഞാൽ ദേവസ്വം ബോർഡുകളുടെ നടത്തിപ്പ്, എന്നും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും ഇന്നത്തെ അവിടത്തെ ഭരണ സംവിധാനത്തിന്റെ തലപ്പത്തുള്ളവർ കുറെ ഭേദമായാണ് കാര്യങ്ങൾ നീക്കുന്നത് എന്ന്‌ പറയുന്നവരുണ്ട്. ഏറ്റവും ചുരുങ്ങിയത് ഹിന്ദു വിശ്വാസങ്ങളോട് കുറെയൊക്കെ പ്രതിപത്തി പുലർത്തുന്നു ; അത് പരസ്യമായി പറയാൻ തയ്യാറാവുന്നു………… ഇതൊക്കെയാണ് ആ ചിന്താഗതിക്കാർ പറയുന്നത്.

മുൻ കാലങ്ങളിൽ ഈ ചുമതലകൾ വഹിച്ചിരുന്നവർ അതിനൊക്കെ മടിച്ചിരുന്നു എന്നത് മറന്നുകൂടല്ലോ. എന്നാലും വഴിവിട്ട് പലതും നടക്കുന്നു എന്നത് വെറും ആക്ഷേപമാണ് എന്ന് വിശ്വസിക്കാൻ ഭക്തർ തയ്യാറാവും എന്ന് തോന്നുന്നില്ല. അടുത്തിടെയാണ് ഒരു ‘കച്ചവട പ്രമുഖ’നുവേണ്ടി ക്ഷേത്രത്തിൽ, ചട്ടങ്ങളും നിയമങ്ങളും വിട്ട്‌, ചില വഴിപാടുകൾ നടത്തിയത് ; അതിനായി ക്ഷേത്രത്തിലെ നട തുറക്കുന്നതിൽ പോലും മാറ്റങ്ങൾ വരുത്താൻ തയ്യാറായി എന്നത് വാർത്തകൾ സൃഷ്ടിച്ച കാര്യമാണല്ലോ. ആരാണ് പ്രമുഖൻ, എന്താണ് അയാളുടെ പ്രത്യേകത എന്നതൊക്കെ പറയേണ്ടതില്ല. ഇത്തരം നടപടികൾ സ്വാഭാവികമായും ദേവസ്വം ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമല്ലോ.ശബരിമലയിൽ മാത്രമല്ല ക്ഷേത്രങ്ങളിൽ കാര്യങ്ങൾ സത്യസന്ധവും സുതാര്യവുമല്ല എന്നത് പുതിയ ആക്ഷേപമല്ല. ‘കാട്ടിലെ തടി തേവരുടെ ആന’ എന്നതാണ് പലപ്പോഴും കാണുന്ന ചിന്താഗതി. കിട്ടുന്നതെല്ലാം പോക്കറ്റിലാക്കാം എന്ന് പലരും ചിന്തിക്കുന്നുഎന്ന ആക്ഷേപവും ഉയരാറുണ്ട് .

രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ഭരണ സംവിധാനമാണ് അതിനൊക്കെ കാരണം എന്ന് കരുതുന്നവരുണ്ട്. എനിക്ക് തോന്നുന്നു അതുമാത്രമല്ല കാരണം. മനുഷ്യന്റെ ആർത്തി ഒരു പ്രധാന ഘടകമാണ്. പൂജകൾ പോലും നേരാംവണ്ണം കഴിക്കാത്തവർ ശാന്തിക്കാരായാലോ?. അത് ഭരണകർത്താക്കളുടെ പ്രശ്നമല്ലല്ലോ. പിന്നെ ശബരിമലയിൽ എല്ലാം ഒരു തരത്തിലാണ് എന്നൊക്കെ പറയാറുണ്ട് . ശബരിമല ധ്വജ പ്രതിഷ്ഠയുടെ ചിത്രങ്ങൾ പലരും ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ധ്വജ പ്രതിഷ്ഠയുടെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് കൊടിമരത്തിന്റെ തലപ്പത്താണ്. തന്ത്രിക്കും മറ്റും അവിടേക്ക് കടന്നുചെല്ലാൻ സംവിധാനം ഒരുക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാ വേളയിൽ ശ്രീകോവിലിന് മുകളിലും അത്തരത്തിലുള്ള ചടങ്ങുകളുണ്ട്. അതിനായി തന്ത്രിമാർ ശ്രീകോവിലിന്റെ മുകളിൽ കയറണം. അവിടേക്ക് തന്ത്രിയും സഹായികളും മാത്രമേ എത്താറുള്ളൂ. അതാണ് പതിവ്. മറ്റുള്ളവർ അവിടെ ചെല്ലേണ്ടതായ കാര്യമില്ലതാനും.

എന്നാൽ ശബരിമലയിൽ ഇന്നലെ അതിനപ്പുറം പലരും വേണ്ടാത്തിടത്ത് കയറിയതായി പറയുന്നു. ഷർട്ടിട്ട് ആ ഭാഗത്തുനിൽക്കുന്ന ചിലരെ ചിത്രങ്ങളിൽ കാണാൻ കഴിയും. ശബരിമലയിൽ ശുദ്ധവും തൊട്ടുകൂടായ്മയും മറ്റുമില്ല എന്നത് ശരിയാണ്. അതൊക്കെ വേണ്ട എന്ന് കരുതുന്നവർക്ക് അങ്ങിനെ സന്തോഷിക്കാൻ കഴിയുകയും ചെയ്യും. എന്നുവെച്ച് ആ ശ്രീകോവിലിൽ ആർക്കും എങ്ങിനെയും കയറാനാവുമോ?. ഇല്ലതന്നെ. തന്ത്രി, മേൽശാന്തി, കീഴ്ശാന്തിമാർ തുടങ്ങി അതിനൊക്കെ ചില വ്യവസ്ഥകളും നിബന്ധനകളുമുണ്ട്. അവരൊക്കെ കയറുന്നതാവട്ടെ വസ്ത്ര സംവിധാനത്തിൽപോലും ആചാരാനുഷ്‌ഠാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണുതാനും. ഇതൊക്കെ മറ്റൊരു ദേവസ്വം ബോർഡിന്റെ തന്നെ ഭരണത്തിലുള്ള ഗുരുവായൂരിൽ നടക്കുമോ? തന്ത്രിമാർക്ക് ചില അധികാരങ്ങളുണ്ട്, അത് പരിപാലിക്കപ്പെടണം എന്നതാണ് ഇതൊക്കെ ഓർമ്മിപ്പിക്കുന്നത്. അത് നിയമമാണ്, ഒരു തരത്തിൽ. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ തന്ത്രിയാണ് പരമോന്നത കോടതി എന്നത് സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്. ആചാര ലംഘനം ഒരു ഈശ്വരനും സഹിക്കില്ല എന്നതാണ് ആചാര്യമതം എന്നതും ഓർമ്മിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ക്ഷേത്രങ്ങളിൽ ക്രമക്കേടുകൾ പാടില്ല, അത് നടക്കില്ല എന്നതാണ് പൊതുവെയുള്ള വിശ്വാസം. പലപ്പോഴും അങ്ങിനെയൊന്നുമല്ല ഇന്നിപ്പോൾ കാര്യങ്ങൾ. പണ്ട് ഏറ്റുമാനൂരിൽ വിഗ്രഹ മോഷണം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ ചോദിച്ചത് ” ഭഗവാനും പാറാവ്‌ വേണോ” എന്നാണ്. ശരിയാണ്, ഭഗവാന് പാറാവുവേണോ എന്ന് ചോദിക്കാം. പക്ഷെ, ജനകീയ നേതാക്കൾക്ക് , ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്ന് പറയുന്നവർക്ക് അതൊക്കെ ഇന്നുവേണ്ടേ?. ഒറ്റമുണ്ടുടുത്ത് ബ്രിട്ടനിൽ അധികാരികളുമായി ചർച്ചചെയ്യാൻ പോയ ഗാന്ധിജിയുടെ സ്മൃതികൾ ഉറങ്ങുന്ന രാജ്ഘട്ടിൽ നമ്മുടെ നേതാക്കൾക്ക് പോകാൻ ഇരുപുറവും തോക്കേന്തിയ ഭടന്മാർ വേണമെന്നത് ചരിത്രത്തിന്റെ ഗതിയാവണം. ഇവിടെ എന്നാൽ ഒരേയൊരു ആശ്വാസം, ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തുന്നവർ ഒരിക്കലും പിടിക്കപ്പെടാതെ പോകുന്നില്ല എന്നതാണ്. അതൊരു ആശ്വാസമാണ്. എന്താണതിന്‌ കാരണം എന്ന് ഞാൻ വിശദീകരിക്കേണ്ടതില്ല. ക്ഷേത്ര ഭരണത്തിൽ കയ്യിട്ടുവാരിയവരെ നാം എത്രയോ കണ്ടിട്ടുണ്ടാവും. അവരുടെ തലവിധിയും ഓർമ്മയിലുണ്ടാവുമെന്നാണ് തോന്നുന്നത്.

ആരുടേയും പേരെടുത്ത് പറയാൻ മുതിരുന്നില്ല. ഒരു അനുഭവം പറയാം. ചോറ്റാനിക്കര ക്ഷേത്രത്തിൽ പുതിയൊരു സ്വർണ്ണ ഗോളക നിർമ്മിച്ചതാണ് സംഭവം. നിർമ്മാണം പൂർത്തിയാക്കി. അത് ഭഗവതിക്ക് ചാർത്താൻ ഒരു തീയതി തീരുമാനിച്ചുവെങ്കിലും നടന്നില്ല. അതെന്താണ് എന്ന് അന്വേഷിച്ചപ്പോഴാണ് ചട്ടമനുസരിച്ച് അത് മേൽശാന്തിക്ക് കൈമാറാൻ ദേവസ്വം അധികൃതർ മടികാണിച്ചവിവരം പുറത്തായത് . ദേവസ്വം രേഖകളിൽ ചേർക്കാതെ നേരിട്ട് മേൽശാന്തിയുടെ തലയിൽ വെക്കാനാണത്രെ ശ്രമം നടത്തിയത് . അത് അന്ന് ‘ജന്മഭൂമി’ വാർത്തയാക്കി. പിന്നെ ഹൈക്കോടതിയിൽ കേസായി. ഇതിനിടെ ഗോളക നിർമ്മാണത്തിനായി നീക്കിവെച്ച സ്വർണം തിരിമറി നടത്തിയതും മറ്റും ഓരോന്നായി വെളിച്ചത്തുവന്നു. ഭഗവതി തന്നെ അത് പുറത്തുകൊണ്ടുവരികയായിരുന്നു എന്നുവേണം പറയാൻ.

വിജിലൻസ് അന്വേഷണം നടന്നതും കോടതി പ്രതികളെ ശിക്ഷിച്ചതും ഇന്നിപ്പോൾ ചരിത്രത്തിന്റെ ഭാഗം. അതുമായി അടുത്തുബന്ധപ്പെടാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. ഒരിക്കൽ ആ കഥ വിശദമായി എഴുതാം. ഇത്തരത്തിലൊന്നും ശബരിമലയിൽ നടന്നിട്ടുണ്ട് എന്നല്ല. പക്ഷെ കാര്യങ്ങൾ സംശയത്തിനതീതമാവണം. ഭഗവാന്റെ ഹിതം ഇക്കാര്യത്തിൽ പ്രധാനമാണ് എന്നതും പറയേണ്ടതില്ലല്ലോ.ക്ഷേത്രങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ അഴിമതികൾ ഒക്കെ മുൻപൊക്കെ സജീവചർച്ചയായിരുന്നു. ഹിന്ദു സംഘടനകൾ തന്നെയാണ് അതൊക്കെ ജനമധ്യത്തിൽ എത്തിച്ചിരുന്നത്. പക്ഷെ ഇന്നിപ്പോൾ അതൊക്കെ വിരളമായേ കാണാറുള്ളൂ. അഴിമതി ഇല്ലാതായതോ അല്ലെങ്കിൽ തീരെ കുറഞ്ഞതോ ആണ് അതിനുള്ള കാരണം എന്ന് കരുതണോ ആവോ, അറിയില്ല. ശബരിമലയിൽ ഇന്നും പലതുംകേൾക്കുന്നുണ്ട്.

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക്, ഭക്തന്മാർക്ക് സൗകര്യമൊരുക്കാൻ അവർക്കാവുന്നില്ല. എന്നാൽ ദിനരാത്രം, വര്ഷം മുഴുവൻ അവിടെ നിർമ്മാണ പ്രവർത്തനമാണ്. പൊളിച്ചുമാറ്റാൻ തീരുമാനിച്ചിട്ടില്ല കെട്ടിടം നവീകരിക്കുന്നതുപോലുള്ള ധൂർത്തും ആരോപിക്കപ്പെടുന്നുണ്ട്. അധികാരികളുടെ താല്പര്യങ്ങൾ പലതാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരെ കുറ്റപ്പെടുത്താതിരിക്കണമെങ്കിൽ കാര്യങ്ങൾ സുതാര്യമാവണം.ഇത്തവണ ധ്വജ പ്രതിഷ്ഠാവേളയിൽ അനിഷ്ടങ്ങൾ നടന്നു എന്ന് കരുതുന്നവരുണ്ട്. ധ്വജ പ്രതിഷ്ഠ, എല്ലാവര്ക്കും അറിയുന്നതുപോലെ, കൊടിമരത്തിന്റെ മേൽഭാഗത്താണല്ലോ നടക്കുക. ചടങ്ങുകൾ മുകളിലാണ്. അതിനായി തന്ത്രിയും മറ്റു സഹായികളും മുകളിലെത്തുകയാണ് പതിവ്. ക്ഷേത്ര പ്രതിഷ്ഠാവേളയിലും അതുതന്നെയാണ് രീതി. അവിടേക്ക് തന്ത്രിയും സഹായികളും മാത്രമേ പോകാറുള്ളൂ. അത്രയേ ആവശ്യമുള്ളൂ.

ശബരിമലയിലെ അത് സംബന്ധിച്ച ചിത്രങ്ങൾ കണ്ടാൽ കാര്യങ്ങൾ ബോധ്യപ്പെടും, അതൊന്നുമല്ല നടന്നത് എന്ന്. ഷർട്ടിട്ട ചിലരെ അവിടെയൊക്കെ കാണാൻ കഴിയുമായിരുന്നു. ശരിയാണ്, മറ്റ്‌ ക്ഷേത്രങ്ങളിൽ പതിവുള്ളപോലുള്ള ശുദ്ധവും മറ്റും ശബരിമലയിൽ കുറവാണ്‌. അതാണ് അവിടുത്തെ സമ്പ്രദായം. എന്നുവെച്ചാൽ ആർക്കും ശ്രീകോവിലിൽ കയറാനാവുമോ?. ഇല്ലതന്നെ. അതിനു വിധിക്കപ്പെട്ടവരും നിശ്ചയിക്കപ്പെട്ടവരും മാത്രമാണ് ശ്രീകോവിലിൽ കയറുക. അതുപോലെതന്നെയാണ് ധ്വജ പ്രതിഷ്ഠാവേളയിൽ വേണ്ടിയിരുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട് എന്നത് സൂചിപ്പിക്കുകമാത്രമാണ് ഉദ്ദേശം. ചില പ്രമുഖരൊക്കെ മുകളിലേക്ക് കയറിചെന്നപ്പോൾ കസവ് നേര്യതും പുതച്ച്‌ ഭക്തിനിര്ഭരനായി നിലകൊള്ളുന്ന ദേവസ്വം മന്ത്രി കടകംപള്ളിയെയും കണ്ടത് സ്മരിക്കാതെ വയ്യല്ലോ. ഏതാനും ദിവസം മുൻപ് വഴിയരികിൽ സഖാക്കൾക്കൊപ്പം നിന്ന് പരസ്യമായി മാംസാഹാരം, ബീഫ്, കഴിച്ച മന്ത്രിയാണ് അതെന്ന്‌ തോന്നുകയേ ഇല്ലായിരുന്നു; ‘സ്വാമി ശരണം’ അല്ലാതെന്താ.

ശബരിമല സംഭവം പോലീസ് അന്വേഷണത്തിൽ മാത്രം അവസാനിപ്പിക്കേണ്ടതല്ല എന്നാണ് എനിക്ക് തോന്നുന്നത്. തിരുമുറ്റത്ത് അത്തരമൊരു ‘ആക്രമണം’ സംഭവിച്ചുകൂടായിരുന്നു. സുരക്ഷാവീഴ്ചയൊക്കെ അവിടെ നിൽക്കട്ടെ. ദേവന് എന്തോ അപ്രീതിയുണ്ട് എന്നതാണ് ഇത് കാണിക്കുന്നത് എന്ന ചിന്തയിലൊതുങ്ങാനാണ് എനിക്കാഗ്രഹം. അത് തിരിച്ചറിയണം. ഇതൊക്കെ ഭ്രാന്തൻ ചിന്തയാണ് എന്ന് വേണമെങ്കിൽ ആക്ഷേപിക്കാം. പിന്തിരിപ്പൻ ആശയമാണ് എന്ന് പറയാം. എന്നാൽ അതല്ല, കാര്യങ്ങൾ നേരാംവണ്ണം തിരിച്ചറിഞ്ഞുകൊണ്ട് പരിഹാരം കാണുന്നതാണ് നല്ലത് എന്ന് ബന്ധപ്പെട്ടവരെ ധരിപ്പിക്കുകമാത്രമാണ് ഇതിന്റെ ലക്‌ഷ്യം. മറ്റൊരു താല്പര്യവും ഇല്ല എന്നതും സ്മരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button