Latest NewsNewsBusiness

ഫോണുകളുടെ വില കുത്തനെ കൂടുന്നു : കോള്‍ ചാര്‍ജിലും വര്‍ദ്ധന

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇപ്പോള്‍ ജി.എസ്.ടി തരംഗമാണ്. എല്ലായിടത്തും ചര്‍ച്ച ജി.എസ്.ടിയെ കുറിച്ചു തന്നെ. ഏതിനൊക്കെ വില കൂടും വില കുറയും എന്നതില്‍ ഇപ്പോഴും ആശങ്കയാണ്. ജിഎസ്ടി വരുന്നതോടെ ജൂലൈ ഒന്നു മുതല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ വലിയ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍, പിക്‌സല്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക ബ്രാന്‍ഡ് ഫോണുകളുടെയും വില കുത്തനെ ഉയരും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നാലു മുതല്‍ അഞ്ചു ശതമാനം വരെ വില കൂടും. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഹാന്‍ഡ്‌സെറ്റുകളുടെ ജിഎസ്ടി നിരക്ക് 15 ശതമാനമാണ്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികള്‍ക്കാണ് വന്‍ പ്രതിസന്ധി വരാന്‍ പോകുന്നത്. ജിഎസ്ടി വരുന്നതോടെ വിപണി പിടിക്കാന്‍ ചൈനീസ് കമ്പനികളെല്ലാം ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങേണ്ടി വരുമെന്ന് ചുരുക്കം. ഇതോടെ ഇന്ത്യയില്‍ നിന്ന് ചൈനയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവു നേരിടും.

എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെയും ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ജിഎസ്ടി. ഇതിന്റെ തുടക്കമെന്നോണം ആപ്പിളും ചില ചൈനീസ് കമ്പനികളും ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങി കഴിഞ്ഞു. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന 80 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും തദ്ദേശീയമായി നിര്‍മിച്ചവയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍, യുഎസ്ബി, പ്രിന്റര്‍, മോണിറ്റര്‍ തുടങ്ങി ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും. നേരത്തെ 14-15 ശതമാനം നികുതി ഈടാക്കിയിരുന്നു ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനമാണ്.

ജിഎസ്ടി നടപ്പാകുന്നതോടെ ടെലികോം കമ്പനികളുടെ സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരും. കോള്‍ നിരക്കുകള്‍ മൂന്നു ശതമാനം വര്‍ധിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ കോള്‍ നിരക്കുകളിന്മേല്‍ 15 ശതമാനം സേവന നികുതിയാണ് ഈടാക്കുന്നത്. ഈ നിരക്കുകള്‍ ജിഎസ്ടിയിലേക്ക് മാറുന്നതോടെ നിരക്ക് 18 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അതായത് മാസം 500 രൂപ ബില്ല് അടയ്ക്കുന്നവര്‍ 15 രൂപ അധികം നല്‍കേണ്ടിവരും.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button