IndiaDevotionalSpiritualityTravel

സൌരാഷ്ട്രയിലൂടെ… അക്ഷര്‍ധാം ടെമ്പിള്‍, അഹമ്മദാബാദ്

ജ്യോതിർമയി ശങ്കരൻ

ഗുജറാത്തിലെ അക്ഷര്‍ധാം ടെമ്പിളിനെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടണ്ട്. ചിത്രങ്ങളിലൂടെ പലപ്പോഴും കണ്ടിട്ടുളളതായും ഓര്‍ത്തു.ഗുജറാത്തിലെ ഏറ്റവും വിശാലമായ ആരാധനാലയം. ഇന്ത്യയില്‍ ആദ്യമാ‍യി ഭീകരാക്രമണം നടന്നയിടം ഇതാണെന്ന ഓര്‍മ്മ മനസ്സിനെ വര്‍ഷങ്ങള്‍ക്കു പുറകിലേയ്ക്കു വലിച്ചു കൊണ്ടുപോയി.അഹമ്മദാബാദിലെ ഗാന്ധിനഗറിലെ ഈ ക്ഷേത്രത്തിന്നുള്ളിലാണ് 2004 സെപ്തംബര്‍ 2നു രണ്ടു ഭീകരര്‍ ബോംബ് ആക്രമണം നടത്തി ഭീതി പരത്തിയത്. അന്നു 33 പേര്‍ കൊല്ലപ്പെടുകയും ഒട്ടനേകം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു.അതിനാല്‍ അക്ഷര്‍ധാം കോമ്പ്ലെക്സിന്നകത്തേയ്ക്കു കടക്കുന്നയിടത്ത് കര്‍ശനമാ‍യ പരിശോധനയുണ്ട്.

സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായ പ്രമുഖ് സ്വാമി മഹാരാജ് ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള ബോട്ടാഡില്‍ വെച്ച് കഴിഞ്ഞ വർഷമാണ് തന്റ്റെ തൊണ്ണൂറ്റഞ്ചാം വയസ്സിൽ കാലഗതി പ്രാപിച്ചത്.ദെൽഹിയിലും അഹമ്മദാബാദിലുമുള്ള കേന്ദ്ര ക്ഷേത്രങ്ങളെക്കൂടാതെ 1100 ക്ഷേത്രങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കു പുറത്ത് ന്യൂയോർക്കിലെ പ്രസിദ്ധമായ സ്വാമി നാരായണ ക്ഷേത്രവും അവയിൽപ്പെടുന്നു.ആരാണ് സ്വാമി നാരായണൻ? സാക്ഷാൽ മഹാവിഷ്ണു തന്നെയോ? മനസ്സിൽ സംശയമുയർന്നു വന്നു.

സ്വാമി നാരായണ പ്രസ്ഥാനത്തിന്റെ വിശ്വാസമനുസരിച്ച് ഇരുപത്തിനാല് അവതാരങ്ങളിൽ മുഖ്യനായ, സർവ്വ ശക്തനും സർവ്വവ്യാപിയുമായ ഭഗവാൻ. ഏതാണീ 24 അവതാരങ്ങൾ? സംഘടിക, വരാഹ, യഗ്ന, ഹയഗ്രീവ,നര-നാരായണ, കപിൽ, , ദത്താത്രേയ, ഋഷഭ്, പൃത്ഥു, മച്ഛ, കച്ഛ,ധന്വന്തരി, ഹരി, നൃസിംഹ, വാമൻ, ഹംസ, നാരയൺ, മന്വന്തർ,പർശുരാം, റാം, വ്യാസ്,ശ്രീകൃഷ്ണ, ബുദ്ധ, കൽക്കി. ഹിന്ദു മതത്തിലെ പുരാണങ്ങൾ പറഞ്ഞുതന്ന ദശാവതാരത്തിനുമപ്പുറമായുള്ള അവതാരസങ്കൽപ്പങ്ങൾ മനസ്സിൽ കൌതുകം വളർത്തി. സ്വാമി നാരായണമന്ത്രം വായിച്ചിട്ടുണ്ട്, ഗുജറാത്തിയിലാണെങ്കിലും അതിന്റെ ഇംഗ്ലീഷ് തർജ്ജിമ വായിച്ചതിൽ ഒരു വട്ടം സ്വാമി നാരായണ എന്നുച്ചരിയ്ക്കുന്നത് ആയിരംവട്ടം ഭഗവാനെ സ്മരിയ്ക്കുന്നതിനു തുല്യമാണെന്നെഴുതിക്കണ്ടിരുന്നു.അതിനാൽ സ്വാമിനാരാ‍യണ എന്നു പറഞ്ഞുകൊണ്ടുതന്നെ സാകൂതം ക്ഷേത്രത്തിനകത്തേയ്ക്കു നടന്നു.

ഇരുപത്തിമൂന്ന് ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ടെമ്പിള്‍ കോമ്പ്ലക്സ്സിന്നകത്തെ ഏറ്റവുമധികം ആകര്‍ഷകമായ കാഴ്ച്ച തന്നെയാണീ ക്ഷേത്രം .6000 ടണ്‍ പിങ്ക് സാന്‍ഡ്സ്റ്റോണില്‍ അതിമനോഹരമം വിധം കൊത്തുപണികള്‍ ചെയ്ത് ചേതോഹരമാക്കിയ ഈ ക്ഷേത്രത്തിന്റെ വിസ്തീര്‍ണ്ണം 32427 ചതുരശ്ര അടിയും ഉയരം 108 അടിയുമാണ്.ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ നിര്‍മ്മാണത്തിന്നായി ഒട്ടും തന്നെ ഇരുമ്പോ ഉരുക്കോ ഉപയോഗിച്ചിട്ടില്ല എന്നതാണ്. അതിസങ്കീര്‍ണ്ണമാ‍യ കൊത്തുപണികളോടുകൂടിയ 97 തൂണുകളും 17 താഴികക്കുടങ്ങളും കല്ലില്‍ തീര്‍ത്ത 270 ബീമുകളും 264 കൊത്തിയെടുക്കപ്പെട്ട ശില്‍പ്പങ്ങളും ഇവിടെയുണ്ടെന്ന് കണക്കുകള്‍ കാണിയ്ക്കുന്നു.13 വര്‍ഷങ്ങള്‍ കൊണ്ടാണിത് പടുത്തുയര്‍ത്തപ്പെട്ടത്. സ്വാമി നാരായണന്റെ ജീവിതവും വചനങ്ങളും പ്രചരിപ്പിയ്ക്കുകയെന്ന മഹത്തായ ഉദ്ദേശം ഒന്നു മാത്രമാ‍ണ് ഇതിന്റെ നിര്‍മ്മിതിയ്ക്കു പിന്നിലുള്ള പ്രചോദനം.

ഗൈഡ് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മൊബൈല്‍, ബാഗ് തുടങ്ങി യാതൊരു വസ്തുക്കളും കൈവശം വച്ചിരുന്നില്ല. ദെല്ഹി‍യിലെ അക്ഷര്‍ധാമിലെ അതികര്‍ശനമാ‍യ പരിശോധന ഓര്‍മ്മ വന്നു. ചെരുപ്പു സൂക്ഷിയ്ക്കുന്നതിനായുള്ള സ്ഥലത്തെത്തി ചെരുപ്പുകള്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി ഞങ്ങള്‍ പടവുകള്‍ കയറി . ഒന്നാമത്തെ നില വിഭൂതിമണ്ഡപം എന്ന പേരില്‍ അറിയപ്പെടുന്നു.ഇവിടെ പിച്ചളകൊണ്ടുണ്ടാക്കപ്പെട്ട മനോഹരങ്ങളായ പടുകൂറ്റന്‍ താമരകളില്‍ കത്തിച്ചു വച്ച വിളക്കുകള്‍ സ്വാമി നാരായണന്റെ സന്ദേശങ്ങളുടെ പ്രതീകമാ‍ണ്.ഹരി മണ്ഡലത്തിലെ 7 അടി ഉയരമുള്ള സ്വാമി നാരായണന്റെ വിഗ്രഹം മനസ്സില്‍ അവാച്യമായ ആ‍നന്ദം നിറയ്ക്കുന്നതുപോലെ തോന്നി.ഏറെ നേരം നിന്ന് പലഭാഗങ്ങളില്‍ നിന്നുമായി സ്വാമിയെ ദര്‍ശിച്ചു.സ്വാമി നാരായണ എന്നു മനസ്സിൽ വിളിച്ചു.സ്വാമി നാരായണന്റെ ഭൌതികാവശിഷങ്ങളില്‍ പലതും, മുടി, നഖം തുടങ്ങിയവ, പ്രദര്‍ശിയ്ക്കപ്പെട്ടിരിയ്ക്കുന്നത് വിശാലമായ ഈ പ്രസാദി മണ്ഡപത്തിലാണ്.

ഇവ കൂടാതെ ഓഡിയോ-വിഷ്വല്‍ പ്രസന്റേഷന്‍ നടത്തുന്ന അഞ്ചു ഹാളുകള്‍ ഈ കോമ്പ്ലെക്സിന്നകത്തായുണ്ട്. സ്വാമി നാരായണന്റെ ജീവിതവും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളും തന്നെ ഇവയിലെ പ്രതിപാദ്യം. “സച്ചിദാനാന്ദ വാട്ടര്‍ ഷോ“ കഥോപനിഷത്തിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുത്തതാണ്. ഇവയെല്ലാം വിസ്തരിച്ചു കാണണമെങ്കില്‍ ഒരു ദിവസം തന്നെ ഇവിടെ ചിലവഴിയ്ക്കേണ്ടിവരും.അല്ലാത്തവര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് അമ്പലവും പരിസരവും കണ്ടു തൃപ്തിപ്പെടാനേ കഴിയൂ. ദെല്‍ഹിയിലെ അക്ഷര്‍ധാ‍മില്‍ അതിനു കഴിഞ്ഞിരുന്നു. ആ അനുഭൂതി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സങ്കടം തോന്നിയില്ല.

കുറച്ചു നേരം മനോഹരമാ‍യ ആ പടവുകളില്‍ ഇരുന്നും, അല്‍പ്പം പ്രാര്‍ത്ഥിച്ചും, ചുറ്റുപാടുമുള്ള കാഴ്ച്ചകള്‍ കണ്ടും ,സമയം ചിലവഴിച്ചു. ടോക്കണ്‍ കൊടുത്ത് ചെരുപ്പും തിരിച്ചുവാങ്ങി ഇട്ട് പുറത്തേയ്ക്കു കടക്കുമ്പോള്‍ അഹമ്മദാ‍ബാദിലെ ഞങ്ങളുടെ ആദ്യ സന്ധ്യ വിട പറഞ്ഞു കഴിഞ്ഞിരുന്നു. ഒന്നു ഫ്രെഷ് ആവാ‍നും രാ‍ത്രി ഭക്ഷണം കഴിഞ്ഞു സുഖമായുറങ്ങാനും മാ‍ത്രമേ മോഹമുണ്ടായിരുന്നുള്ളൂ മനസ്സില്‍. നാളെ നീണ്ട യാത്രയാണെന്നും രാവിലെ ബ്രേക്ഫാസ്റ്റിനു ശേഷം വേഗം ഹോട്ടലില്‍ നിന്നും ചെക്കൌട്ട് ചെയ്യണമെന്നും ഗൈഡ് ഓര്‍മ്മിപ്പിച്ചു. ചപ്പാത്തിയും കറിയും ഗോതമ്പു റവയുടെ കഞ്ഞിയും -ഡിന്നറും മോശമായിരുന്നില്ല. റൂമിലെത്തി ഫ്രെഷ് ആയി കിടന്നതേ ഓര്‍മ്മയുള്ളൂ‍, സ്വപ്നങ്ങള്‍ പോലും ഒഴിഞ്ഞു നിന്നു, ശല്യപ്പെടുത്താതെ ഈ രാത്രിയില്‍. സ്വാമി നാരായണൻ ശരിയ്ക്കും അനുഗ്രഹിച്ചിരിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button