Latest NewsKeralaNews

ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്താം : സഹായ ഹസ്തവുമായി സര്‍ക്കാര്‍

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സൗകര്യം ഓരോ ജില്ലയിലും ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. . മാന്യമായ തൊഴിലും വരുമാനവും അവരെ കൂടുതല്‍ ആത്മബലമുള്ളവരാക്കുമെന്നും മറ്റുള്ളവര്‍ക്ക് അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരാന്‍ അതു സഹായിക്കുകയും ചെയ്യുമെന്നുമാണ് സാമൂഹിക നീതി വകുപ്പിന്റെ പ്രതീക്ഷ. ഓരോ ജില്ലയിലും അഞ്ചുപേര്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുന്നതിനു പുറമെയാണ് ഈ പദ്ധതി. എന്തു തൊഴില്‍ ചെയ്യണമെന്ന് അവര്‍ക്കു തീരുമാനിക്കാം.

അതിനാവശ്യമായ പരിശീലനവും മറ്റു സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. പരിശീലനം നേടി, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച്‌ ഉപജീവന മാര്‍ഗം കണ്ടെത്തുക; അതാണ് ലക്ഷ്യം. പരിശീലനത്തിനും മറ്റുമായി വേണ്ടിവരുന്ന പണം ജില്ലാ ഓഫീസര്‍മാര്‍ വഴിയാണ് ചെലവഴിക്കുക. ഒരാള്‍ക്ക് 8,500 രൂപ നിരക്കില്‍ 5.95 ലക്ഷം രൂപയാണ് ഡ്രൈവിങ് പരിശീലനത്തിനു സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. ജില്ലാതല സെലക്ഷന്‍ കമ്മിറ്റിയാണ് അര്‍ഹരായ ആളുകളെ തിരഞ്ഞെടുക്കുന്നത്.

ഡ്രൈവിങ് പോലെ നിശ്ചിത തൊഴിലുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു സാമൂഹിക നീതി വകുപ്പ് ആലോചിച്ചിരുന്നത്. ഇതിനായി അവരുടെ അഭിപ്രായമാരായാന്‍ ജില്ലാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ജോലി ചെയ്യാനാണ് താത്പര്യമെന്ന് അവരുടെ അഭിപ്രായത്തില്‍ നിന്ന് മനസ്സിലായി. ചിലര്‍ക്ക് കാറ്ററിങ് ആണ് ഇഷ്ടമെങ്കില്‍ മറ്റു ചിലര്‍ക്ക് ബ്യൂട്ടീഷ്യനാവാനാണ് താത്പര്യം.

അവര്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ മേഖലയാകുമ്പോള്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇഷ്ടമില്ലാത്ത തൊഴില്‍, സമ്മര്‍ദം കൊണ്ടു മാത്രം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ക്കതില്‍ പൊരുത്തപ്പെടാനാവുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവരുടെ ഇഷ്ടം എന്താണോ അതിനനുസരിച്ചുള്ള പരിശീലനം അതത് ജില്ലകളില്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സാമൂഹ്യ നീതി ഡയറക്ടര്‍ ടി.വി. അനുപമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button