KeralaLatest NewsNewsEditorial

പൂർത്തിയാക്കാൻ കഴിയാത്ത ഒരു ഫോൺ കോൾ; ബി.ജെ.പി നേതാവ് ടി.ചന്ദ്രശേഖരന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് കെ.വി.എസ് ഹരിദാസ്

ടി ചന്ദ്രശേഖരൻ അന്തരിച്ചു. ഇന്ന് രാത്രിവൈകിയാണ് ആ വാർത്ത ചെവിയിലെത്തിയത്. അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ആരോഗ്യനില അത്ര മെച്ചമായിരുന്നില്ല, കുറച്ചുനാളായി. അർബുദ രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നുവല്ലോ. ഒരു മികച്ച സംഘാടകൻ, സംഘടനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച കേരളത്തിലെ അനവധി നിസ്വാർത്ഥരായ കാര്യകർത്താക്കളിൽ ഒരു പ്രമുഖൻ ……. അതിലെല്ലാമുപരി എനിക്ക് ഏറെ വ്യക്തിബന്ധമുണ്ടായിരുന്നയാൾ. വലിയ വേദന മനസിലുണ്ട്.

ചന്ദ്രേട്ടനെ ഞാൻ പരിചയപ്പെടുന്നത് 1978 -ലാണ് എന്നാണോർമ്മ. അന്ന് അദ്ദേഹം പാലക്കാട്ട് ബിഎംഎസിന്റെ മുഴുവൻ സമയ പ്രവർത്തകനാണ്. എറണാകുളത്ത് ടിഡി റോഡിലെ ബിഎംഎസ് ഓഫിസിനടുത്തുവെച്ചായിരുന്നു പരിചയപ്പെടൽ. അവിടെ ഒരു ചെറിയ ചായക്കടയുണ്ട്. അത് ഒരു താവളമായിരുന്നു അക്കാലത്ത്. ഒജി തങ്കപ്പനും കെ പ്രഭാകരേട്ടനും കൂടെയുണ്ട്. അവരും അന്ന് ബിഎംഎസിന്റെ മുഴുവൻ സമയ പ്രവർത്തകരാണ്.

ഒജിയും പ്രഭാകരേട്ടനും ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകരായിരുന്നു. ( ഒജി പിന്നീട് , 1980 -ൽ ബിജെപിയിലെത്തി, സംസ്ഥാന ജനറൽ സെക്രട്ടറിയും മറ്റുമായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഇന്നിപ്പോൾ നമ്മോടൊപ്പമില്ല. പ്രഭാകരേട്ടൻ അന്ന് തന്നെ ബിരുദാനന്തര ബിരുദധാരിയായിരുന്നു. ഇടക്കാലത്ത് മുഴുവൻ സമയ പ്രവർത്തനമൊക്കെ വിട്ട് കോളേജ് അധ്യാപക ജോലി തേടി. കാഞ്ഞങ്ങാട് ആയിരുന്നു എന്നാണോർമ്മ). ജനതാപാർട്ടി രൂപമെടുത്തപ്പോൾ ജനസംഘത്തിലുണ്ടായിരുന്ന കുറെയേറെ മുഴുവൻ സമയ പ്രവർത്തകരെ മറ്റ് സംഘടനകളിലേക്ക് മാറ്റി. അങ്ങിനെ ബിഎംഎസിൽ എത്തിയവരാണ് പ്രഭാകരേട്ടനും ഒജിയും.

ചന്ദ്രേട്ടൻ പക്ഷെ അതിനുമുമ്പേ തന്നെ ബിഎംഎസിലായിരുന്നു. ബിഎംഎസിന്റെ പാലക്കാട്ടെ സംഘടനാ കാര്യങ്ങൾ നോക്കിയിരുന്നത് അദ്ദേഹമാണ്. കേരളത്തിൽ ബിഎംഎസിന് ഏറ്റവും ശക്തമായ പ്രവർത്തനം അക്കാലത്ത് ഉണ്ടായിരുന്നത് പാലക്കാട്ടായിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കഞ്ചിക്കോട് മേഖലയിലും മറ്റും സജീവ സാന്നിധ്യം അതിനുണ്ടാക്കാനായി.

മുഴുവൻ സമയ പ്രവർത്തകനായി അടിയന്തരാവസ്ഥക്ക് മുൻപുതന്നെ ചന്ദ്രേട്ടൻ രംഗത്തുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമുൾപ്പടെയുള്ളവർ അനുഭവിച്ച വിഷമതകൾ വർണ്ണിക്കാനാവും എന്ന് തോന്നുന്നില്ല. അന്ന് പാലക്കാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഏറ്റുമാനൂർ രാധാകൃഷ്ണൻ അത് പലപ്പോഴും പറയാറുണ്ട്. അക്കാലത്ത് എന്നും എപ്പോഴും എന്തിനും കൂടെയുണ്ടായിരുന്നവരിൽ ഒരാൾ, പ്രമുഖൻ, ടി ചന്ദ്രശേഖരനാണ് എന്നതാണ് ഏറ്റുമാനൂരിന്റെ അനുഭവം.

1980 കളിൽ, ബിജെപി രൂപീകൃതമായ ശേഷമാണ്‌ എനിക്ക് കൂടുതൽ അടുപ്പം. അക്കാലത്ത് വിദ്യാർഥി മോർച്ച, യുവമോർച്ച പ്രവർത്തനങ്ങളുടെ ഭാഗമായും മറ്റും പാലക്കാട്ട് ചെല്ലുമ്പോൾ കാണുന്ന സ്ഥിരം മുഖമായിരുന്നു ചന്ദ്രേട്ടന്റെത്. അദ്ദേഹമന്നൊക്കെ ബിഎംഎസ് പ്രവർത്തകനാണ്. എന്നാൽ ഞാനോ ഏറ്റുമാനൂരോ ഒക്കെ ചെന്നാൽ അന്ന് രാത്രി കിടക്കാൻ ബിജെപി ഓഫീസിലെത്തും. കെപി അറുമുഖേട്ടൻ, വി രാമൻകുട്ടി തുടങ്ങിയവർ അക്കാലത്ത് പാലക്കാട്ടുണ്ട്.

പാലക്കാട്ട് മാർക്കറ്റിലെ ഒരു പഴഞ്ചൻ കെട്ടിടം, അതാണ് അന്നത്തെ ബിജെപി ഓഫീസ്. വലിയ ഓഫീസാണ്, മുകളിലത്തെ നിലയിൽ. കയറിൽ പിടിച്ചുവേണം അതിനുള്ളിലേക്ക് കടക്കാൻ. അവിടെയുള്ള പുൽപ്പായ വിരിച്ചു കിടക്കാം. രാവിലെ പ്രാഥമിക കൃത്യനിർവഹണത്തിനായി അടുത്തുള്ള ഹോട്ടലിൽ പോകണം. അങ്ങിനെയൊക്കെ എത്രയോ നാളുകൾ, എത്രയോ രാത്രികൾ. ഒരു അനുഭവമായിരുന്നു. ആ ദിവസങ്ങളിൽ പലപ്പോഴും ചന്ദ്രേട്ടനും കൂട്ടിനുണ്ടായിരുന്നു. അന്നൊക്കെ ഹോട്ടലിൽ മുറിയെടുക്കുന്നതൊക്കെ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

അക്കാലത്ത് യുവ മോർച്ചയുടെ ദേശീയ നിർവാഹകസമിതി കേരളത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. അതിനായി നിശ്ചയിച്ച സ്ഥലം പാലക്കാട് ആണ്. ഞാൻ അതിന്റെ സംഘാടനത്തിനായി കുറെയേറെ നാളുകൾ പാലക്കാട്ട് താമസിച്ചിട്ടുണ്ട്. അതാണ് പാലക്കാട്ടുമായുള്ള ബന്ധം വളരെ കൂടുതൽ ആകാൻ കാരണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിയ യുവമോർച്ച നേതാക്കൾ മൂന്ന് ദിവസം അന്ന് പാലക്കാട്ടുണ്ടായിരുന്നു. വടക്കന്തറയിലെ ഒരു കല്യാണമണ്ഡത്തിൽ വെച്ചായിരുന്നു യോഗം. ടൗണിലെ ലോഡ്ജിൽ എല്ലാവർക്കും താമസം. അതൊക്കെ നന്നായി നടന്നു.

ഏറ്റുമാനൂർ രാധാകൃഷ്ണൻ, സിഎം കൃഷ്ണനുണ്ണി, കെ കുഞ്ഞിക്കണ്ണൻ തുടങ്ങിയവരും അന്ന് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി പാലക്കാട്ട് ഉണ്ടായിരുന്നു. അവർക്കൊപ്പം നമ്മുടെ ചന്ദ്രേട്ടനും അനവധിദിവസം സഹകരിച്ചിരുന്നു. വി രാമൻകുട്ടിയേട്ടനും ഒപിവി നമ്പൂതിരിപ്പാടും കെടി ശങ്കരനും ഒക്കെ ബിജെപിയുടെ ജില്ലാ നേതൃനിരയിലുള്ള കാലം. എൻ ശിവരാജനും നടേശനും മറ്റുമാണ് അന്ന് പാലക്കാട് ടൗണിൽ ആശ്രയകേന്ദ്രം. വിദ്യാർഥിരംഗത്ത് കെകെ പത്മ ഗിരീഷ്. പലപ്പോഴും ശിവരാജന്റെയും നടേശന്റേയും മറ്റും വീട്ടിൽപോയി രാത്രികളിൽ ഭക്ഷണം കഴിച്ചതോർക്കുന്നു. വേറെയും കുറേപ്പേരുണ്ട്, പേര് ഓർമ്മയിൽ വരുന്നില്ല. ക്ഷമിക്കുക.

ടി ചന്ദ്രശേഖരനാണല്ലോ വിഷയം. 1982 -ലാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാലാണ്‌ പാലക്കാട്ട് മത്സരിച്ചത്. ബിജെപിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണം. രാജേട്ടൻ പാലക്കാട്ട് നല്ല പ്രകടനം കാഴ്ചവെക്കുമെന്നും ഒരു പക്ഷെ ജയിക്കാനിടയുണ്ട് എന്നുമായിരുന്നു അന്നത്തെ വിലയിരുത്തൽ. എല്ലാ ശക്തികളെയും സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ പ്രസ്ഥാനം തയ്യാറായി. എല്ലാ പരിവാർ സംഘടനകളും അരയും തലയും മുറുക്കി രംഗത്തിറങ്ങി. സ്വാഭാവികമായും ടി ചന്ദ്രശേഖരന് അതിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയുമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിൻറെ സ്വഭാവം, ബന്ധങ്ങൾ. ഒ രാജേട്ടനോടുള്ള അടുപ്പവും അത്രക്കുണ്ടായിരുന്നു. എന്നാൽ ബിഎംഎസ് ഒരു സ്വതന്ത്ര സംഘടനയാണ് എന്നും അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ ബിജെപിക്കായി രംഗത്തുവന്നത് ശരിയല്ലെന്നും ബിഎംഎസ് നിലപാടെടുത്തു.

ബിഎംഎസിന്റെ ദേശീയ അധ്യക്ഷൻ വരെയായ ആർ വേണുഗോപാൽ, വേണുവേട്ടൻ, ആണ് അന്ന് അതിൽ മുന്നിലുണ്ടായിരുന്നത്. വേണുവേട്ടൻ അന്ന് കുറച്ചധികം കാർക്കശ്യം കാണിച്ചുവെന്ന്‌ പറയാതെവയ്യ. അവസാനം ടി ചന്ദ്രശേഖരനെ ബിഎംഎസിൽ നിന്നും ഒഴിവാക്കി. ജീവിതത്തിൽ ഇതുപോലൊരു കനത്ത ആഘാതം മറ്റൊരിക്കലും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിരിക്കില്ല. ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയായി എന്നത് പറയേണ്ടതില്ലല്ലോ. ജീവിതം മുഴുവൻ പ്രസ്ഥാനത്തിനായി നീക്കിവെക്കുന്നവരെ ഒരു സുപ്രഭാതത്തിൽ പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ തെരുവിലേക്കെറിഞ്ഞാലത്തെ അവസ്ഥയാണ് സൂചിപ്പിച്ചത്.

ആ സമയത്താണ് “ചന്ദ്രശേഖരൻ ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകനാവട്ടെ” എന്ന് ബിജെപി തീരുമാനിക്കുന്നത്. അങ്ങിനെ തന്റെ തട്ടകമായ പാലക്കാട്ട് തന്നെ അദ്ദേഹം തുടർന്നു. ആ സംഭവം അന്ന് സംഘടനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതാണ്. തങ്ങൾ ഒഴിവാക്കിയ ഒരാളെ ബിജെപി ഏറ്റെടുക്കുന്നതിനെതിരെ ബിഎംഎസ് രംഗത്തുവരികയായിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ മുന്നിലൊക്കെ അത് അന്നെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഒ രാജേട്ടനുവേണ്ടി പ്രവർത്തിച്ചതാണ് കുറ്റമായി കണ്ടതെന്നതിനാൽ ബിജെപി ആ നിലപാടിൽ ഉറച്ചുനിന്നു. ഇക്കാര്യത്തിൽ രാജേട്ടനും കെജി മാരാർജിയും രാമൻ പിള്ള സാറും ഒക്കെ കാണിച്ച ധീരതയെ വണങ്ങാതെ വയ്യ. അവസാനം സംഘവും അത് അംഗീകരിക്കുകയായിരുന്നു. ആർ വേണുവേട്ടൻ അത് എന്നും ദേഷ്യത്തോടെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് കരുതുന്നയാളാണ് ഞാൻ.

പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡണ്ട്, മധ്യ മേഖല പ്രസിഡന്റ്, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് തുടങ്ങി അനവധി ചുമതലകൾ നോക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ നല്ല ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ആനുകാലിക വിഷയങ്ങളിൽ വേണ്ടത്ര പഠനം നടത്തിയിരുന്നു. ചില വേളകളിൽ പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയുംചെയ്തിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയിലെ ചില വഴിവിട്ട കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നത് അദ്ദേഹമാണ്. അത് പിന്നീട് വിജിലൻസ് കോടതിയിലും വിജിലൻസ് അന്വേഷണത്തിലും മറ്റുമെത്തിച്ചു.

സാധാരണ ബിജെപി കാര്യകർത്താക്കൾ ഇക്കാര്യങ്ങളിലൊക്കെ പിന്നിലാണ് എന്നത് കേരളത്തിലെ ചിത്രം നോക്കിയാൽ ബോധ്യമാവുമല്ലോ. അത്തരം പല സന്ദർഭങ്ങളിലും ഞങ്ങൾ ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഞാൻ സജീവമായി സംഘടനാ രംഗത്തില്ലാതിരുന്ന കാലഘട്ടത്തിലും അദ്ദേഹം ആ നല്ല ബന്ധംനിലനിർത്താൻ ശ്രദ്ധിച്ചിരുന്നു. ഇടക്കൊക്കെ എറണാകുളത്ത് വരുമ്പോൾ എന്റെ വീട്ടിലും വന്നിട്ടുണ്ട്. സംഘടനകാര്യങ്ങളിൽ നല്ല കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം സംശയമില്ല, പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

കുറച്ചുനാളായി അസുഖബാധിതനായിരുന്നു. അതിനേക്കാളേറെ സാമ്പത്തിക പ്രയാസങ്ങളും ഉണ്ടായിരുന്നു. അറിഞ്ഞു സഹായിക്കേണ്ടവർ അത് ചെയ്തോ എന്നതിൽ സംശയവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വിഷമതകൾക്കിടയിലും ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട് . തിരുവനന്തപുരത്ത് ചികിത്സക്കായി പോകുമ്പോഴും വരുമ്പോഴും അത് പതിവായിരുന്നു.

ചികിത്സയുടെ ആഘാതം വല്ലാതെയുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ചെന്ന് കാണുകയും ചെയ്തു. ഏതാനും ദിവസം മുൻപാണ് ആ ഫോൺ വിളി പതിവുപോലെ വന്നു. ഞാൻ അപ്പോൾ കാർ ഓടിക്കുകയായിരുന്നു; ഫോൺ എടുത്തെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. ” ചന്ദ്രേട്ടാ ഞാൻ തിരിച്ചുവിളിക്കാം …..” എന്ന് പറഞ്ഞു. പക്ഷെ തിരിച്ചുവിളിച്ചപ്പോഴേക്ക് ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ആശുപത്രിയിലായിരുന്നുവത്രെ. അവസാനത്തെ ഫോൺ കാൾ ആകുമത് എന്ന് കരുതിയില്ല. ഇന്നലെ രാത്രി വൈകീട്ട് മാത്രമാണ് മരണവിവരം അറിയുന്നത്. കുടുംബത്തിലെ ഒരു അംഗം വിട്ടുപോയതുപോലെ തന്നെ. പ്രിയ ചന്ദ്രേട്ടന് പ്രണാമങ്ങൾ…….

shortlink

Related Articles

Post Your Comments

Related Articles


Back to top button