KeralaLatest News

ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ : സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി

കോട്ടയം : സംസ്ഥാനത്തെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വ്യാജ ടിക്കറ്റുകളെ പിടികൂടുന്നതിന് ലോട്ടറി വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി. പുതിയ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. സിഡിറ്റുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ സുരക്ഷാമാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ ടിക്കറ്റുകളുടെ കളര്‍ ഫോട്ടോ കോപ്പി, സ്‌കാന്‍ ചെയ്ത കോപ്പി, വ്യാജ പ്രിന്റ് തുടങ്ങിയവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പൊതുജനങ്ങള്‍ക്കും ഏജന്റുമാര്‍ക്കും ടിക്കറ്റിന്റെ സാധുത നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്താന്‍ കഴിയുന്ന വിധത്തിലുളള സുരക്ഷാ സംവിധാനമാണ് ഇനി മുതല്‍ ഓരോ ടിക്കറ്റിലും ഉണ്ടാവുക.

മൈക്രോ പ്രിന്റിംഗ്, ഗില്ലോച്ച് പാറ്റേണ്‍, അദൃശ്യമായ എഴുത്ത്, ത്രിമാന ദൃശ്യം എന്നിങ്ങനെ 4 വിധത്തിലുളള മുന്‍കരുതലുകളാണ് ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ടിക്കറ്റില്‍ ഒരു പ്രത്യേക വാക്കോ സന്ദേശമോ ഒറ്റവരിയില്‍ നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് വായിക്കാന്‍ കഴിയാത്ത വിധം ചേര്‍ത്തിട്ടുളളതാണ് മൈക്രോ പ്രിന്റിംഗ്. ഒറ്റനോട്ടത്തില്‍ ഒരു വരപോലെ മാത്രം ദൃശ്യമാകുന്ന ഇത് ശക്തിയേറിയ ലെന്‍സിന്റെ സഹായത്തോടെ മാത്രമേ വായിച്ചെടുക്കാന്‍ സാധിക്കൂ.

ടിക്കറ്റിന്റെ 4 വശത്തും അരികിലായി വരകള്‍ കൊണ്ട് തീര്‍ത്തിട്ടുളള ഗില്ലോച്ച് പാറ്റേണ്‍ സംവിധാനം വ്യാജകോപ്പികളില്‍ കുത്തുകളായി മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. ടിക്കറ്റിന്റെ മുന്‍ഭാഗത്ത് കെ.എസ്.എല്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിലുളള കോഡ് നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകാത്ത വിധം അച്ചടിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ഫിലിം ഉപയോഗിച്ച് നോക്കിയാല്‍ ഇത് കാണാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ വ്യാജ കോപ്പികളില്‍ ഇത് ഒരിക്കലും കാണാന്‍ സാധിക്കുകയില്ല.

ടിക്കറ്റിന്റെ മുന്‍ഭാഗത്ത് വലത്തേയറ്റത്ത് കൗണ്ടര്‍ഫോയില്‍ മുറിച്ചെടുത്ത ശേഷം ടിക്കറ്റ് നമ്പര്‍ ഭാഗികമായി ദൃശ്യമാകുന്നിടത്ത് അല്പം ചരിച്ച് പിടിച്ച് നോക്കിയാല്‍ കെ.എസ്.എല്‍ എന്ന ഇംഗ്ലീഷിലുളള അക്ഷര കോഡ് ടിക്കറ്റിന്റെ പ്രതലത്തില്‍ നിന്നുയര്‍ന്ന് ത്രിമാന രീതിയില്‍ എഴുതിയിട്ടുളളത് കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button