നഴ്സുമാരുടെ സമരം അന്യായമല്ല: ആര്‍ച്ച്‌ ബിഷപ്പ് ഡോ എം സൂസപാക്യം

78

നഴ്സുമാരുടെ സമരം അന്യായമല്ല എന്ന നിലപാടുമായി തിരുവനന്തപുരം ലത്തീൻ ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം. സമരം തെറ്റാണെന്നു പറഞ്ഞിട്ടില്ല. 2013ല്‍ നിശ്ചയിച്ച അംഗീകൃത വേതനമാണ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നല്‍കുന്നതെന്നും ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം പറഞ്ഞു. കേരള റീജ്യണല്‍ കാത്തലിക് കൗണ്‍സിലിന്റെ മൂന്നു ദിവസത്തെ ജനറല്‍ അസംബ്ലിക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വരുമാനം ലഭിക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വേതനം നഴ്സുമാര്‍ക്കു നല്‍കും. വരുമാനം കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് നഴ്സുമാരുടെ ശമ്പളത്തില്‍ മാത്രമെ അല്‍പ്പം കുറവ് വരുത്തിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പനി മരണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വെറും പാഴ് വാക്കാണെന്നും ആര്‍ച്ച്‌ ബിഷപ്പ് ആരോപിച്ചു. സംസ്ഥാനത്ത് പനി മരണം 300 ലധികമായി. ഇതിനു പരിഹാരം കാണാൻ ഇതു വരെ സാധിച്ചിട്ടില്ല. വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വികസന അജണ്ടയില്‍ മാറ്റം വരുത്തണം. പനിയെ പോലും പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയിൽ വികസനം വഴിതെറ്റിപ്പോയിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.