ഉപരോധത്തില്‍ തളരാതെ ഖത്തര്‍ : അമേരിക്കയും അയഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ജി.സി.സി രാജ്യങ്ങള്‍

2188

 

റിയാദ് : ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചു ഒന്നര മാസം പിന്നിടുമ്പോള്‍ പ്രശ്‌നത്തില്‍ നിന്ന് എങ്ങനെ പുറത്തു കടക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജിസിസി അംഗരാജ്യങ്ങള്‍. ഗതാഗത മാര്‍ഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തി ജനജീവിതം സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും ഉപരോധം നീണ്ടുനില്‍ക്കുന്നത് ഗള്‍ഫ് മേഖലയുടെ സമ്പദ് ഘടനയെ തന്നെ തകിടം മറിച്ചേക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങള്‍.

തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തില്‍ അയല്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും രംഗത്തിറങ്ങുമെന്ന കണക്കു കൂട്ടല്‍ പിഴച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് മധ്യപൂര്‍വ ദേശത്തെ നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ റെക്‌സ് റ്റില്ലേഴ്‌സന്‍ ഉപരോധത്തില്‍ അയവു വരുത്തണമെന്ന് ആവശ്യപ്പെട്ടത് സൗദി സഖ്യരാജ്യങ്ങള്‍ക്ക് തിരിച്ചടിയായി. അയല്‍രാജ്യങ്ങള്‍ വഴിയുള്ള ചരക്കുനീക്കം നിലച്ചതിനാല്‍ ഖത്തറിനോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയതും ഉപരോധ രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ഉപരോധം പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം പണി പൂര്‍ത്തിയായ ഹമദ് രാജ്യാന്തര തുറമുഖം പൂര്‍ണ സജ്ജമായതോടെ എത്ര വലിയ കപ്പലുകള്‍ക്കും നേരിട്ട് ദോഹയിലെത്താന്‍ സൗകര്യം ലഭിച്ചതും ഖത്തറിനു തുണയായി. ഉപരോധം ആഴ്ചകള്‍ പിന്നിട്ടതോടെ വിപണി കൈയടക്കിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ പാല്‍ ഉള്‍പെടെയുള്ള വലിയ ക്ഷാമം നേരിട്ടേക്കാവുന്ന ഭക്ഷ്യോല്പന്നങ്ങള്‍ രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളും ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം,ഭക്ഷ്യോത്പന്നങ്ങളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഖത്തറിന് മേലുള്ള ഉപരോധം തുടരുന്നത് അയല്‍ രാജ്യങ്ങളിലെ നിക്ഷേപകരെയും ചെറുകിട സംരംഭകരേയും വലിയ തോതില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വ്യോമ ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ റദ്ദാക്കിയത് ഈ മേഖലയില്‍ മാത്രം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.