KeralaLatest NewsNews

ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൂഞ്ഞാര്‍ സെന്റ്‌ മേരീസ് ഫെറോനാ പള്ളി വികാരി അഗസ്റ്റിന്‍ തെരുവത്താണ് സംഭാവന ആവശ്യപ്പെട്ട് വിശ്വാസികള്‍ക്ക് കത്ത് നല്‍കിയത്. ബിഷപ്പ് ജോസഫ്‌ കല്ലറങ്ങാട്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിക്കായി നല്ലൊരു തുക സംഭാവന ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സംഭാവന നല്‍കിയാല്‍ മാതാവ് നിങ്ങളെ അനുഗ്രഹിക്കുമെന്നും മാതാവ് പ്രതീക്ഷിക്കുന്ന തുക 20,000 രൂപ ആണെന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ മാതാവിനോട് താന്‍ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ടെന്നും 500 രൂപ മതിയെന്ന് മാതാവ് പറഞ്ഞെന്നും പരിഹസിച്ച് ഒരു വിശ്വാസി എഴുതിയ കത്ത് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ചര്‍ച്ചയാക്കിയിരിക്കുകയാണ്.

മഴക്കാലമായതിനാല്‍ പണിയില്ലെന്നും വീട്ടില്‍ എല്ലാവര്ക്കും പനി ആണെന്നും മാതാവിനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പലിശക്കെടുത്താണ് നിലവില്‍ മരുന്നും വീട്ടുചെലവും മറ്റും നടത്തുന്നത്. പാലക്കാരനായ ഞാന്‍ എല്ലാവരെയും പോലെ തന്നെ പറമ്പില്‍ നിന്ന് കിട്ടുന്ന റബര്‍ ഷീറ്റും പാലും വിറ്റാണ് കുടുംബം പോറ്റുന്നത്. എന്നാല്‍ ഇത്തവണ റബറിന് പ്ലാസ്റ്റിക് ഇടാനുള്ളത് പോലും കിട്ടിയിട്ടില്ല. റബറിന് വില കൂടുന്ന കാര്യം പുണ്യാളന്‍ മുഖേന മാതാവിനെ അറിയിച്ചിട്ടും ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്തോനേഷ്യയില്‍ നിന്നുള്ള റബര്‍ ഇറക്കുമതി കുറയണം എന്നാണ് പുണ്യാളന്‍ പറയുന്നത്. എന്നാല്‍ മോദിയോട് ഇക്കാര്യം നേരിട്ട് പറയാന്‍ മാതാവിന് ചമ്മലാണെന്നാണ് അറിയിച്ചത്. എന്തായാലും എല്ലാം ശരിയാക്കാമെന്നു മാതാവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ബുദ്ധിമുട്ട് മനസിലാക്കിയ മാതാവ് ആശുപത്രി പണിയാന്‍ 500 രൂപ മതിയെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

സമരം ചെയ്യുന്ന മാലാഖമാര്‍ക്ക് മാതാവും അവരും പ്രതീക്ഷിക്കുന്ന ശമ്പളം കൂടി നല്‍കുന്ന കാര്യം അച്ചനോട്‌ സൂചിപ്പിക്കണമെന്നും മാതാവ് പറഞ്ഞതായി വിശ്വാസിയുടെ കത്തില്‍ പറയുന്നു. ഇതിന് പുറമേ കുട്ടികളുടെ സ്കൂള്‍ ഫീസ്‌ കുറയ്ക്കുന്ന കാര്യം മാനേജര്‍ അച്ചനെ ഇന്ന് രാത്രി സ്വപ്നത്തിലൂടെ അറിയിക്കാമെന്നും മാതാവ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് വിശ്വാസി കത്ത് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button