Latest NewsNewsInternational

ഇന്ത്യയുടെ മുന്നില്‍ ചൈനയുടെ വീരവാദം വീണ്ടും : പ്രകോപനപരമായ വെല്ലുവിളിയ്ക്ക് ചെവി കൊടുക്കാതെ ഇന്ത്യയും

 

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിയ്‌ക്കെ ഇന്ത്യക്കെതിരെ പ്രകോപനവുമായി ചൈന വീണ്ടും രംഗത്തെത്തി. അതിര്‍ത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണവേണ്ടെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭീഷണി. സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ഇന്ത്യ- ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ‘ഒരു പര്‍വതത്തെ ഇളക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണ്’- ചൈനീസ് പ്രതിരോധ വക്താവ് വു ഖ്വയ്ന്‍ പറഞ്ഞു. ചൈനയുടെ അതിര്‍ത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വസ്തുതകളെക്കുറിച്ച് ഇന്ത്യ മിഥ്യാധാരണ പുലര്‍ത്തരുത്. തര്‍ക്കവിഷയങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനു നില്‍ക്കുകയുമരുത്. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനാകണം മുന്‍ഗണന – ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. അതിര്‍ത്തിയില്‍നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം.

സിക്കിം മേഖലയിലെ ദോക് ലായില്‍ ഒരു മാസമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലായില്‍ റോഡു നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ചൈന അതിക്രമിച്ചു കടന്നുവെന്നാണ് ആരോപണം. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്ന് ചൈന വാദിക്കുന്നു. 3,500 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് ഇന്ത്യ- ചൈന അതിര്‍ത്തി. ഇതില്‍ ഭൂരിഭാഗവും തര്‍ക്ക പ്രദേശമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button