ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ആ നല്ല നേതാവ് അബ്ദുൽ കലാമിനെ ഓർക്കുമ്പോൾ

അഗ്നിച്ചിറകുകള്‍ നിലയ്ക്കുന്നില്ല; അബ്ദുള്‍ കലാം ഓർമ്മയായിട്ട് ഇന്ന് മൂന്നു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല.തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച്, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായി വളര്‍ന്ന ഡോ. അവുള്‍ പകിര്‍ ജയ്‌നുലബ്ദീന്‍ അബ്ദുള്‍ കലാം 2002-2007 വര്‍ഷം രാഷ്ട്രപതിയായും ഉയര്‍ന്നു. ഇക്കാലയളവില്‍ അദ്ദേഹം രാജ്യത്തെ യുവജനങ്ങളോട് നടത്തിയ സംവാദങ്ങളും അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ശ്രമിച്ചതും രാജ്യത്താകമാനം പുത്തനുണര്‍വ്വ് നല്‍കി.ഇത്ര മാത്രം യുവാക്കളെ സ്വാധിനിച്ച ഒരു ഇന്ത്യന്‍ നേതാവുണ്ടോ എന്ന് തന്നെ സംശയം. വാക്കുകള്‍ക്ക് മുര്‍ച്ചയും, വീക്ഷണങ്ങള്‍ക്ക് ആഴവുമുണ്ടായിരുന്നു കലാമിന്.

സ്വപ്നങ്ങളേകുറിച്ച് …. ഇന്ത്യ കാണേണ്ട സ്വപ്നങ്ങളേകുറിച്ചുള്ള വ്യക്തമായ ബോധ്യമാണ് കലാമിന് ഇത്ര മാത്രം വ്യക്തികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞത്. “നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക…..” സ്വപ്നം കാണാത്ത ആരാണുള്ളത്. എന്നാല്‍ ഉറക്കത്തില്‍ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ടാലോ….? അതായിരുന്നു കലാമിന്‍റെ സ്വപ്‌നങ്ങള്‍.പൈലറ്റാകാന്‍ കൊതിച്ച് ശാസ്ത്രജ്ഞനായി മാറിയ ഡോ. കലാം 1998ല്‍ ഭാരതം നടത്തിയ അണുപരീക്ഷണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു.ഇന്ത്യയിലെ ഒരു തലമുറയുടെ, വരും തലമുറകളുടെ സ്വപ്നങ്ങളുടെ ഉടയോന്‍ എന്ന് എപിജെ അബ്ദുള്‍ കലാമിനെ നിസ്സംശയം വിശേഷിപ്പിക്കാം. കാരണം അഗ്‌നിച്ചിറകുകള്‍ പറത്തിവിട്ട സ്വപ്ന സ്വാധീനം അത്രമേല്‍ സവിശേഷമായിരുന്നു.

രാമേശ്വരത്തെ കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞ ബാല്യകാലം കണ്ട സ്വപ്നങ്ങള്‍ തന്നെ രാജ്യത്തിന്റെ ശാസ്ത്രമേഖലയുടെ അമരക്കാരനാക്കിയതും സ്വപ്നം പോലും കണ്ടിരുന്നില്ലാത്ത രാജ്യത്തിന്റെ പ്രഥമപൗരന്‍ എന്ന സ്ഥാനത്തേക്ക് ഈ നേട്ടങ്ങള്‍ തന്നെ ഉയര്‍ത്തിയതും വിവരിക്കുമ്പോള്‍ അതില്‍ ആകൃഷ്ടരാകാത്തവര്‍, അതിനാല്‍ സ്വാധീനിക്കപ്പെടാത്തവര്‍ ഉണ്ടാകില്ലെന്ന് കലാമിന് ബോധ്യമുണ്ടായിരുന്നു.1998 ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണങ്ങളുടെ ചുമതല പൂര്‍ണമായും കലാമിന് വിട്ടു നല്‍കുകയായിരുന്നു. പൊഖ്‌റാന്‍ മരുഭൂമിയിലെ കൊടുംചൂടില്‍ ആഴ്ചകളോളം വേഷപ്രച്ഛന്നനായി കഴിഞ്ഞ് ദൗത്യം പൂര്‍ത്തീകരിച്ചായിരുന്നു കലാം തന്നിലുള്ള വിശ്വാസം കാത്തത്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ മുന്‍നിരയില്‍ എത്തിച്ചതിലൂടെ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്ന വിളിപ്പേരും അദ്ദേഹം സ്വന്തമാക്കി.ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് ‘അഗ്നിച്ചിറകുകള്‍’ എന്ന പുസ്തകം. 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടി ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും ‘ഭാരതരത്‌ന’വും ആയതിനുപിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ കഥയുണ്ട്. കൂട്ടുകാരന്‍ അരുണ്‍ തിവാരിക്ക് പറഞ്ഞുകൊടുത്ത അദ്ദേഹത്തിന്റെ കഥയാണ് ‘അഗ്നിച്ചിറകുകള്‍’ എന്ന പുസ്തകം.

ഒരു ശാസ്ത്രജ്ഞൻ എഴുതിയ പുസ്തകം ഒരു രാജ്യം ഒന്നാകെ ഏറ്റെടുക്കുക…രാജ്യത്തിനു പുറത്തുപോലും ചർച്ചാവിഷയമാകുക…13 ലധികം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുക അതോടൊപ്പം ചൈനീസിലേക്കും ഫ്രഞ്ചിലേലേക്കും തർജമ ചെയ്യപ്പെടുക..നിസ്സാരമല്ല. അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിന് ലഭിച്ച സ്വീകാര്യതയാണ് മുകളിൽ എഴുതിയത്.അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് നമ്മെ വിട്ടുപോയത്. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും സ്വപ്നങ്ങളും ഇനിയും അനശ്വരമായി നിലനിൽക്കും. ദാർശനികനായ ഒരു എഴുത്തുകാരന് മറ്റെന്താണ് വേണ്ടത്….ഒരുപക്ഷെ കലാം മേഘങ്ങളിലിരുന്നു നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും..

സ്വപ്നങ്ങളുടെ മനുഷ്യന്…

ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ,

പ്രണാമം…