KeralaNewsIndiaInternationalBusinessVideos

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷൻ.

പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാട് തുടരുകയാണ് അത്ലറ്റിക് ഫെഡറേഷൻ. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു . പി യു ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഇക്കാര്യങ്ങൾ തിങ്കളാഴ്ച്ച ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷൻ കൂട്ടിച്ചേർത്തു. എന്നാൽ മികവേറിയ ഒരു അത്ലെറ്റിനെ മനഃപൂർവം ഒഴിവാക്കാൻ അഖിലേന്ത്യ ഫെഡറേഷൻ നടത്തിയ കള്ളകളിയാണെന്ന് കായിക മന്ത്രി എ.സി മൊയ്‌ദീൻ ആരോപിച്ചു.

2. പാലക്കാട് ഗോഡൗണില്‍ നിന്നും അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു.

മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍, ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ്. ഓഗസ്റ്റ് ഏഴുമുതല്‍ കേരളത്തില്‍ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യംചെയ്ത ഇവര്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി വില്‍പ്പന നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്രപ്പരസ്യം വഴി, രംഗപ്രവേശനം ചെയ്ത മിസോറം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഗോഡൗണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിച്ചുവരികയാണ്.

3. പാക്ക് ഭരണത്തിൽ സൈന്യം പിടിമുറുക്കുമെന്ന ആശങ്കയോടെ ഇന്ത്യ. 

പാക്കിസ്ഥാനിൽ ജനാധിപത്യ സർക്കാരുകളുടെ തുടർച്ച ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ നവാസ് ഷരീഫ് നിലനിർത്തിയിരുന്നു. എന്നാല്‍, സൈന്യവുമായി നവാസ് ഷരീഫ് നല്ല ബന്ധത്തിലായിരുന്നില്ല. കൂടാതെ, ഇന്ത്യയ്ക്കെതിരെ പോരാടാൻ ഭീകരർക്കു നവാസ് ഷരീഫ് സർക്കാർ വേണ്ടത്ര സഹായം നൽകുന്നില്ല എന്നായിരുന്നു ജയ്ഷ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകരസംഘടനകളുടെ പരാതി. ആയതിനാല്‍, പാക്കിസ്ഥാനിൽ പ്രധാനമന്ത്രി നവാസ് ഷരീഫ് പോകുന്നതോടെ പാക്ക് ഭരണത്തിൽ സൈന്യം കൂടുതൽ പിടിമുറുക്കുമെന്നാണ് ഇന്ത്യ കണക്കുക്കൂട്ടുന്നത്.

4. മധ്യദൂര കര-വ്യോമ ആകാശ് മിസൈലിന്റെ പരീക്ഷണത്തില്‍ 3,600 കോടി നഷ്ടമെന്ന് റിപ്പോര്‍ട്ട്.

ആകാശ്, ആകാശ് എംകെ-2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സര്‍ക്കാരിന് ചിലവായത് 3,600 കോടി രൂപയാണ്. 18-30 കിലോമീറ്ററുകള്‍ ദൂരെവെച്ച് ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത മിസൈല്‍ പരീക്ഷണ വിക്ഷേപണത്തില്‍ ലക്ഷ്യത്തിലെത്തിലെത്തിയിരുനില്ല. വിക്ഷേപണത്തിലും യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലുമുള്ള തകരാറുകളാണ് പരീക്ഷണ വിക്ഷേപണങ്ങള്‍ പരാജയപ്പെടാന്‍ കാരണമായതെന്നാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

5. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു. 

കൊറിയൻ മുനമ്പിലെ സംഘർഷസാധ്യതകൾക്ക് വീര്യം പകർന്ന് യുഎസിനെ ഏതാണ്ട് സമ്പൂർണമായി പരിധിയിലാക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത്. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടുണ്ട്. ഈ മാസം ഉത്തര കൊറിയ നടത്തുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ പരീക്ഷണമാണിത്.

6. നഷ്ടപ്പെട്ട ഭൂഖണ്ഡത്തെക്കുറിച്ചു രഹസ്യങ്ങള്‍ തേടി പര്യവേക്ഷണം ആരംഭിച്ചു. 

വടക്കന്‍ സമുദ്രത്തില്‍ മുങ്ങിക്കിടന്ന സീ ലാന്‍ഡിയ ഏഴര കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് നിലനിന്നിരുന്ന ഗോണ്ട് വാനാ സൂപ്പര്‍ ഭൂഖണ്ഡത്തിത്തിന്റെ ഭാഗമായിരുനെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഭൂഖണ്ഡമായി പരിഗണിക്കാന്‍ വേണ്ട നാല് ലക്ഷണങ്ങളും സീലാന്‍ഡിയയ്ക്ക് ഉണ്ടെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കടലിന്റെ അടിത്തട്ടു കുഴ്ഗിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.ഭൂമിയുടെ ആന്തരിക ഘടനയില്‍ അഞ്ചുകോടി വര്‍ഷങ്ങള്‍ക്കു മുന്പുതോട്ട് തുടങ്ങിയ മാറ്റങ്ങളെ കുറിച്ചു കൂടുതലറിയാന്‍ ഈ പഠനം സഹായിക്കും.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടനും അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു.

2. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍, മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

3. ഹരിപ്പാട് പള്ളിപ്പാടില്‍ കെ.എസ്.ആര്‍.ടി.സി.ബസ് പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് വീണു. പാലത്തില്‍ നിന്ന് തലകീഴായാണ് ബസ് മറിഞ്ഞത്.

4. സംവിധായകൻ ജീൻപോൾ ലാലിനെതിരായ കേസിന്റെ അന്വേഷണം ശക്തമാകുന്നു. ‘ഹണീബി ടു’ എന്ന സിനിമയുടെ സെൻസെർ ചെയ്യാത്ത പകർപ്പ് പരിശോധിക്കാനാണ് പുതിയ തീരുമാനം.

5. ഡി സിനിമാസിനെതിരായ അന്വേഷണം വിജിലന്‍സിന്. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

6. തലസ്ഥാനത്തെ ബി.ജെ.പി ഓഫീസ് ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം. 5000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

7. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയാകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കി ടെക്4ഗുഡ്. ദൃഷ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 100 പേരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button