WomenLife StyleSpecials

പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍

”പ്രണയം” കവിഭാവനകളിലും ചലച്ചിത്രങ്ങളിലും മനോഹരമായി ആവിഷ്കരിക്കപ്പെട്ട മായിക ഭാവം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളം. വിസ്മയിപ്പിക്കുന്ന ആന്തരിക വ്യവഹാരമുള്ള ആണും പെണ്ണും പരസ്പരം കണ്ടു മുട്ടുമ്പോള്‍ ആകര്‍ഷണം തോന്നുകയും അത് അനുരാഗവും പ്രണയവുമായി മാറുകയും ചെയ്യുന്നു. ജൈവീകമായ ചില ഹോര്‍മോണ്‍ ഘടകങ്ങളുടെയും ജീനുകളുടെയും പ്രവര്‍ത്തന ഫലമാണിത്. എന്നാല്‍ ഇന്ന് പ്രണയം പകയായി മാറുന്ന കാഴ്ചയാണ് നമുക്ക് മുന്നില്‍ സംഭവിക്കുന്നത്.

പ്രണയപ്പകയില്‍ ജീവിതം നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ നിറയുകയാണ്. സ്ക്കൂള്‍, ക്യാമ്പസ്, റോഡുകള്‍ തുടങ്ങിയയിടങ്ങള്‍ പക പോക്കലുകളുടെ ഇടങ്ങളായി മാറുകയും പെണ്‍കുട്ടികള്‍ അതിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്.
എന്താണ് പ്രണയം? സത്യം പറഞ്ഞാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇതിന്റെ ശരിയായ അര്‍ത്ഥം അറിയുമോയെന്നു സംശയം. ടെക്നോളജിയുടെ ഈ കാലത്ത് പ്രണയം ശാരീരികമായുള്ള ആസ്വാദനം മാത്രമായി ചുരുങ്ങിയിരിക്കുന്ന ഈ കാലത്ത് ചാറ്റിങ്ങും പങ്കുവയ്ക്കലുകളുമായി പ്രണയം മാറി.

സീനിയര്‍ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഹരിപ്പാട് സ്വദേശിയും ബന്ധുവിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പത്തനംത്തിട്ടക്കാരിയും എന്ന് തുടങ്ങിയ നീണ്ട ലിസ്റ്റുകള്‍ നമുക്ക് മുന്നിലുണ്ട്. ഒന്നോ രണ്ടോ വാര്‍ത്തകള്‍ അല്ല ദിനംപ്രതി പ്രണയപ്പകയില്‍ പൊലിയുന്ന ജീവനുകള്‍..

എന്താണ് നമ്മുടെ യുവ തലമുറയ്ക്ക് സംഭവിച്ചത്? നമ്മുടെ തലമുറ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? ഈ മാനസികാവസ്ഥ അപകടമല്ലേ??

സമൂഹവും ചിന്തകളും ടെക്നോളജിയും വികസിച്ച ഈ കാലത്ത് സ്നേഹബന്ധങ്ങള്‍ അവനവനിലേക്ക് ചുരുങ്ങുകയാണ്. എവിടെയാണ് മാനുഷിക മൂല്യങ്ങള്‍ നന്മകള്‍ നഷ്ടമായതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വീടും കുടുംബവും ഒരു വാട്സ് ആപ് ഗ്രൂപ്പിലെ സ്മൈലി പോലുമില്ലാതെ ചുരുങ്ങിയ ജീവിതത്തില്‍ ഞാന്‍, എന്റേത്, എനിക്ക് മാത്രം എന്നിങ്ങനെ ഒതുങ്ങുന്നു. അതുകൊണ്ട് തന്നെ തനിക്ക് കിട്ടാത്തതിനെ തട്ടിപ്പറിക്കാനും സ്വന്തമാക്കാനുമുല്ല സ്വഭാവവിശേഷങ്ങള്‍ സ്വായത്തമാക്കിയ യുവതലമുറ പ്രണയത്തെ പകയോടെ പെട്രോളിന്റെയും തീനാളത്തിന്റെയും ഗന്ധത്തില്‍ എരിച്ചടക്കുന്നു… ഒരു തലമുറയെയും അവരുടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും…..

ഒരു കുടുംബവും അച്ഛനമ്മമാരുടെയും തീരാ കണ്ണീരില്‍ പ്രതീക്ഷയുടെ കാഴ്ച മങ്ങുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button