നഖത്തിന്റെ നിറം നോക്കി രോഗമറിയാം

നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങൾ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണെന്നാണ് വ്യക്തമാക്കുന്നത്. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കണം. നഖത്തിന്റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്റെയോ സൂചനയാണ്.

നഖങ്ങളിൽ വെളുത്ത പാടുണ്ടെങ്കിൽ ആഹാരത്തിൽ പ്രോട്ടീൻ ധാരാളമായി ഉൾപ്പെടുത്തണം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവ കഴിക്കുക. മഞ്ഞനിറമുള്ള നഖം ഫംഗസ് ബാധയുടെ ലക്ഷണമാണ്. നഖത്തിന്റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുണ്ടെങ്കിൽ ചികിത്സ തേടണം. ഇത് ഹൃദയസംബന്ധമായ തകരാറിന്റെ ലക്ഷണമാകാം. നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്റെ ലക്ഷണമാകാം.ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം.

SHARE