KeralaNewsIndiaInternationalBusiness

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ബിജെപിയുടെ ഡല്‍ഹി വക്താവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ യോഗ നയത്തിന്റെ ഭാഗമായി ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗ പാഠ്യവിഷയമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സ്കൂളില്‍ എന്ത് പഠിപ്പിക്കണമെന്ന് സുപ്രീംകോടതിയ്ക്ക് ഉത്തരവിടാനാകില്ലെന്നും ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

2. ആധാറുമായി ബന്ധിപ്പിച്ച അംഗീകൃത ഗോ സംരക്ഷകര്‍ വരുന്നു.

ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗോരക്ഷയുടെ പേരില്‍ സര്‍ക്കാരിനെ നാണം കെടുത്തുന്നവരില്‍ നിന്നും രക്ഷനേടാനാണ് നടപടിയെന്നാണ് സൂചന. അംഗീകൃത ഗോരക്ഷകര്‍ ആണെങ്കിലും ഇവര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കില്ല. തങ്ങളുടെ പരിധിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുക എന്നതാണ് ഇവരുടെ ചുമതല. വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടി എടുക്കും. അംഗീകൃത ഗോരക്ഷകരെ നിയമിക്കുന്നതിനോടൊപ്പം ഗോ സേവാ ആയോഗ് പദ്ധതി നടപ്പാക്കാനും ഈ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

3. പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ല. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആശുപത്രികള്‍ മരണത്തിലേക്കു തള്ളിവിട്ടത് വലിയ വിവാദമായിരുന്നു. എന്നാല്‍ അതിനു പുറമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാനും ആശുപത്രി, ആംബുലന്‍സ് വിട്ടുനല്‍കിയില്ല. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. മുരുകനു ചികിൽസ നിഷേധിച്ച ആശുപത്രികൾക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. അവസാനം ഡിവൈഎഫ്ഐ നല്‍കിയ വാഹനത്തിലാണു മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്.

4. ജാതിരഹിത വിവാഹങ്ങള്‍ക്ക് സംരക്ഷണമൊരുക്കി പോലീസ്.

മധുര സിറ്റി പോലീസാണ് ഇതര ജാതി വിവാഹങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി ഹെൽപ്പ്ലൈൻ രൂപീകരിച്ചത്. അടുത്ത കാലത്തായി തമിഴ്നാട്ടിൽ ജാതി രഹിത വിവാഹങ്ങളുടെ പേരില്‍ ദുരഭിമാന കൊലകള്‍ നടന്ന പാശ്ചാത്തലത്തിലാണ് ഹെല്‍പ്പ് ലൈന്‍ രൂപീകരണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സെല്ലിൽ പരാതി നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. കേരളത്തിലെ ഇടതു എംപിമാര്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഇതില്‍ പ്രധാനമായും ഉന്നയിച്ചത് കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ചായിരുന്നു. പ്രശ്നം പഠിച്ച ശേഷം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് 22 വരെ നീട്ടി.

3. നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കേസിലെ മാഡം കെട്ടുകഥയല്ലെന്നും സിനിമ രംഗത്ത് നിന്നുള്ള ആളാണെന്നും പള്‍സര്‍ സുനി പറഞ്ഞു.

4. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവാന്‍ക ഇന്ത്യയില്‍ എത്തുന്നത്.

5. ജേക്കബ് തോമസിനെതിരെ നിർണ്ണായക കണ്ടെത്തലുകളുമായി സിഎജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സിഎജി.

6. ആംഗ്യഭാഷ പഠിച്ച് ലോകത്തെ വിസ്മയിപ്പിച്ച ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ഇനിയില്ല. 9 കാരനായ ചാന്റേക്കിന്റെ അന്ത്യം സൂ അറ്റ്ലാന്റയിലായില്‍ വെച്ചായിരുന്നു.

7. കോൺഗ്രസിനുള്ളിലെ പ്രതിസന്ധികളെക്കുറിച്ചു തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കടുത്ത വെല്ലുവിളികളില്‍ നിന്നും രക്ഷനേടാന്‍ അടിമുടി മാറ്റം അനിവാര്യമാണെന്നും ജയറാം രമേശ്.

8. കേരളത്തിൽ നിന്നും തുടച്ചുനീക്കിയ കോളറ വീണ്ടും. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം.

9. രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ടെന്നു ഹൈക്കോടതി

10. പാലക്കാട്–തൃശൂർ അതിർത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങള്‍ക്ക് വീണ്ടും തലവേദനയാവുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൂത്താമ്പുള്ളിയിൽ 144 പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button