പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ തീരുമാനം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട പ്രമുഖ നടിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ തീരുമാനമായി.സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുക്കുന്നത്. പി സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി തേടാനും വനിതാ കമ്മീഷന്‍ തീരുമാനിച്ചു.

പി.സി. ജോര്‍ജിന്റെ പരമാര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ വിലയിരുത്തി. വാര്‍ത്താ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അഭിമുഖങ്ങളിലുമാണ് പിസി ജോര്‍ജ്ജ് നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. പിസി ജോര്‍ജ്ജിനെതിരെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കാനും തുടര്‍ നടപടികള്‍ക്കും ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കും.