Latest NewsCinemaMollywoodMovie SongsEntertainmentCinema KaryangalWriters' CornerSpecials

ദിലീപ് കുറ്റവാളിയോ, അതോ നിരപരാധിയോ?

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നാട്ടിലെ നിയമശാസ്ത്രം പറയുന്നത്. തികച്ചും നീതിയുക്തമായ ഒരു രീതി തന്നെയാണത്. പക്ഷെ നമുക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ കഴിയുമോ, ഉറപ്പാണോ നമ്മുടെ നാട്ടിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ല എന്ന്? ശക്തമായ തിരക്കഥയുടെ പിൻബലമുണ്ടെങ്കിൽ, പണവും അധികാരവും പ്രധാന കഥാപാത്രങ്ങളാണെങ്കിൽ, ഇവിടെ അരങ്ങേറും “നിരപരാധികൾ ശിക്ഷിക്കപ്പെടും” എന്ന നാടകം! പ്രസ്തുത വിഷയത്തിൽ കോടതികളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. കാരണം , മുന്നിൽ നിരത്തപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവിടെ വിധികൾ നിർണയിക്കപ്പെടുന്നത്. പക്ഷെ ഈ പറഞ്ഞ തെളിവുകളിൽ ചിലതിന്റെ സത്യസന്ധത, അതാണ് പ്രധാന പ്രശ്നം. നിർഭാഗ്യകരമെന്നു പറയാം, ഈ കഴിഞ്ഞ ഒരു മാസമായി ഇവിടെ നിറഞ്ഞാടുന്ന ‘ദിലീപ്’ വിഷയത്തിലും ഈ ഒരു കൃത്രിമത്വം തെളിഞ്ഞു കാണുന്നു. അധികാരവും, പണവും ചേർന്ന് ഒരാളെ കുടുക്കാൻ തീരുമാനിച്ചാൽ ഈ നാട്ടിൽ അതിനെ തടയാൻ ആർക്കും കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുന്നു ദിലീപ് വിഷയം.

പ്രമുഖ നടിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രധാന കുറ്റവാളിയായ പൾസർ സുനി എന്ന ഒരു ക്രിമിനലിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ, അതിനെ ‘ശക്തമായ തെളിവുകൾ’ എന്ന് വ്യാഖ്യാനിച്ചാണ് നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും പോലീസ് ഇപ്പോൾ എന്താണ് ചെയ്യുന്നത്, കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്ക് വ്യക്തമാക്കാനുള്ള തെളിവുകൾ തേടി നടക്കുകയാണ്! ഇനിയും അവസാനിക്കാത്ത നീണ്ടയാത്ര. അതായത്, നേരത്തേ തന്നെ തയ്പ്പിച്ചു വച്ച ഷർട്ട് ധരിക്കാനായി അതിനു പറ്റിയ ആളെത്തേടി നടക്കുന്ന അവസ്ഥ! നിയമത്തിന്റെയെന്നല്ല, മാധ്യമങ്ങളുടെയോ, പൊതുജനങ്ങളുടെയോ മറ്റ് എന്തിന്റെ മുന്നിലായാലും കുറ്റാരോപിതൻ മാത്രമാണ് ദിലീപ്. ഒരു പക്കാ ക്രിമിനൽ പറയുന്ന വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളെ ഇങ്ങനെ ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ടെലിവിഷൻ മാധ്യമങ്ങളിൽ ഈ വിഷയത്തിലുള്ള പ്രധാന താൽപ്പര്യം അവരുടെ മുൻനിര പോരാളികൾക്ക് ഈ പറഞ്ഞ ദിലീപുമായുള്ള സ്വകാര്യ പ്രശ്നങ്ങളാണ്. തീയറ്റർ സംഘടനാ പ്രശ്നം, സിനിമയിലെ ചില താരങ്ങളുടെ അസ്വസ്ഥത, ചാനൽ പ്രതിഷേധം, ഇതൊക്കെ ചേർന്ന് ദിലീപിനെ എല്ലാ വശങ്ങളിൽ നിന്നും താഴിട്ട് പൂട്ടിയതായിട്ട് മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

ഒരു വിവാദ വാരികയിലെ എഴുത്തുകാരന് ദിലീപിനോട് കാലാകാലങ്ങളായുള്ള ശത്രുതയും ഇവിടെ സമയോചിതമായി ഉപയോഗിക്കപ്പെടുകയാണ്. കഥകൾക്കും, വായനക്കാർക്കും പഞ്ഞമില്ലാത്ത ഈ നാട്ടിൽ ജാരത്വമാണ് വിഷയമെങ്കിൽ അത് അറിയാൻ കൂട്ടയിടിയും ബഹളവുമായിരിക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ. ദിലീപിന് കോടികളുടെ സമ്പാദ്യമുണ്ട് എന്നത് ഒരു പാപമായി കാണുന്നവരുടെ ഒരു നീണ്ട ക്യൂ തന്നെ കാണാൻ കഴിഞ്ഞു ചാനൽ ചർച്ചകളിൽ! കോടികൾ ശമ്പളം വാങ്ങി അഭിനയമെന്ന ജോലി ചെയ്യുന്ന, കോടികളുടെ വരവ് ചെലവുള്ള സിനിമാ നിർമ്മാണം നടത്തുന്ന, സിനിമാ തീയറ്റർ – ഹോട്ടൽ ഉടമയായ ഒരാൾക്ക് കോടികളുടെ സമ്പാദ്യമുണ്ടാകുന്നതിൽ എന്താണ് അപാകത? അതിലെന്താണ് ഇത്രയും വലിയ തെറ്റ്? ആരെങ്കിലും കോടികൾ മുടക്കി സിനിമയെടുത്താൽ, അത് നാട്ടിലെ ജനങ്ങൾക്ക് മുഴുവൻ വീതിച്ച് കൊടുത്തെങ്കിൽ ഇവിടത്തെ പട്ടിണി തുടച്ച് നീക്കാമല്ലോ എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ചിലരുണ്ട്. ഇവരെന്തുകൊണ്ടാണ് സ്വന്തം പോക്കറ്റിലേക്ക് നോക്കാത്തത്? അവിടെ കിടക്കുന്നതും കാശല്ലേ? ഒരു പത്ത് രൂപ പോലും മറ്റുള്ളവർക്ക് കൊടുക്കാത്തവരാണ് മറ്റുള്ളവന്റെ കാശ് സമൂഹത്തിലേക്ക് ഒഴുകണം എന്ന് ചർച്ചകളിൽ തള്ളി വിടുന്നത്!

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയറ്റർ അടച്ചു പൂട്ടാനായി ബന്ധപ്പെട്ടവർ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഒന്ന് മാത്രം പോരേ ഈ വിഷയത്തിൽ ചില അജ്ഞാത കൈകളുടെ സാന്നിധ്യം മനസ്സിലാക്കാൻ? മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആ തീയറ്റർ അടച്ചു പൂട്ടിക്കാൻ അവർക്ക് സാധിച്ചു. പിന്നീട് ഹൈക്കോടതി ഇടപെട്ട് ആ പ്രശ്നം പരിഹരിച്ചെങ്കിലും, തെറ്റായി ഒന്നും പ്രവർത്തിക്കാത്ത, മാസം തോറും ലക്ഷങ്ങൾ ലോൺ അടയ്ക്കുന്ന ആ ഒരു സ്ഥാപനം ഇവർക്ക് പൂട്ടിക്കാൻ സാധിച്ചല്ലോ എന്നാലോചിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് ഭീതിയാണ്. “ഇവിടം സ്വർഗ്ഗമാണ്” എന്ന മലയാള സിനിമ മുന്നിൽ നിന്ന് കൊഞ്ഞനം കുത്തിക്കാണിക്കുന്നു. അതിൽ ലാലു അലക്സ് അവതരിപ്പിച്ച ആലുവ ചാണ്ടി എന്ന കഥാപാത്രവും, അയാളുടെ കൂട്ടാളികളും ചേർന്ന് ഒരു കർഷക കുടുംബത്തെ മൊത്തമായും പൂട്ടുന്ന സാഹചര്യങ്ങൾ നാം കണ്ടതാണ്. ഇവിടെ ദിലീപ് വിഷയത്തിലും ഇത്തരത്തിലുള്ള ചില ശക്തികേന്ദ്രങ്ങളുടെ ഇടപെടലുകളുണ്ട് എന്നത് അച്ചട്ടാണ്. ഇത് ശരിക്കുമൊരു ട്രാപ്പ് തന്നെയാണ്. തീയറ്ററെന്നല്ല ദിലീപിന്റെ പേരിൽ ഇവിടെ ഒന്നും ഉണ്ടാകാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ചേർന്നുള്ള ശക്തമായ പ്ലാൻ പ്രകാരം നടന്ന ട്രാപ്പ്!

ഇതൊക്കെ മനസ്സിലാക്കാൻ, തിരിച്ചറിയാൻ നമുക്ക് ഒരു പി.ആർ ഏജെൻസിയുടെയും സഹായം വേണമെന്നില്ല, സാമാന്യ ബുദ്ധിയും വിവരവും മാത്രം മതി. ദിലീപ് എന്ന വ്യക്തിയെ അന്ധമായി വിശ്വസിക്കുന്നതോ, പുള്ളിക്കാരനിലെ നടനെ അതേ അന്ധതയോടെ ആരാധിക്കുന്നതോ അല്ല. മറിച്ച് ഇത് നാളെ ആർക്കും സംഭവിക്കാവുന്ന ഒരു അപകടമായി കണ്ട് മാത്രമാണ് ഈ വിഷയത്തിൽ കൂടുതലായി ഇറങ്ങിച്ചെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഇത് ദിലീപായതു കൊണ്ട് ഇത്രയും ചർച്ചാ വിഷയമായി, ഇതിലും കൂടുതൽ ക്രമക്കേടുകൾ ഉണ്ടായാൽ ജനരോക്ഷമുണ്ടാകും എന്ന് ഉറപ്പാണ്. പക്ഷെ ഇതേ സ്ഥാനത്ത് ഒരു സാധാരണക്കാരനാണെങ്കിൽ എന്താകും സംഭവിക്കുക? ജീവൻ കളയുക എന്നതിലുപരി വേറെ എന്താകും അയാൾക്ക് ചിന്തിക്കാൻ കഴിയുക? അടുത്തിടെ റിലീസായ ഒരു സിനിമയിൽ പറയുന്നത് പോലെ, ചിലർ വിചാരിച്ചാൽ ഇവിടെ ആരെയും ‘അടപടലം’ പൂട്ടാൻ കഴിയും, സത്യം! പീഡനത്തിനിരയായ പ്രമുഖനടിയോടുള്ള എല്ലാ സഹതാപവും, സ്നേഹവും, ഇഷ്ടവും, ഐക്യദാർഢ്യവും ഒക്കെ മനസ്സിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ, ദിലീപ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്. ആ നടി പോലും അയാളെ സംശയിക്കാത്ത ഈ സാഹചര്യത്തിൽ, നമ്മൾ പൊതുജനങ്ങളും മാധ്യമങ്ങളും ഇങ്ങനെ മിനിറ്റിനു മിനിറ്റ് വിചാരണകൾ നടത്തുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഇതിലൂടെ ആരെയാണ് നമ്മൾ സഹായിക്കാൻ ശ്രമിക്കുന്നത്? ചിന്തിക്കേണ്ട വിഷയമാണ്.

സുരേഷ് കുമാർ രവീന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button