Latest NewsNewsGulf

സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ജോലിസ്ഥലത്തെ കഷ്ടപ്പാടുകള്‍ കാരണം ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ്‌ അമൃത്സര്‍ സ്വദേശിനിയായ സോണിയ ഒന്നര വര്‍ഷമായി ഖതീഫിനടുത്തുള്ള അവാമിയയിലെ ഒരു സൗദി ഭവനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരുപാട് വലിയ ആ വീട്ടില്‍ ഏറെ പ്രയാസമുള്ള ജോലിസാഹചര്യങ്ങള്‍ ആയിരുന്നിട്ടും, നാട്ടിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് എങ്ങനെയും അവിടെ പിടിച്ചു നില്‍ക്കുകയായിരുന്നു സോണിയ. എന്നാല്‍ ശമ്പളം കൂടി സമയത്ത് കിട്ടാതായപ്പോള്‍, തന്നെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേയ്ക്ക് അയയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടെങ്കിലും സ്പോന്‍സര്‍ സമ്മതിച്ചില്ല.

സൌദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍, രണ്ടു മാസങ്ങള്‍ക്ക് മുന്‍പ്, സോണിയ ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന് ദമ്മാമിലെ എംബസ്സി ഹെല്‍പ്പ്ഡെസ്ക്കില്‍ എത്തി. അവിടെ നിന്നും കിട്ടിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ മൊബൈല്‍ നമ്പരില്‍ വിളിച്ച സോണിയ, തന്റെ അവസ്ഥ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരും അവിടെയെത്തി, വനിതാഅഭയകേന്ദ്രത്തില്‍ എത്തിയ്ക്കാനായി സൗദി പോലീസില്‍ സോണിയയെ ഹാജരാക്കി മടങ്ങി. എന്നാല്‍ വനിതാഅഭയകേന്ദ്രത്തില്‍ എത്തുന്നതിനു മുന്‍പ് സ്പോന്‍സര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും, പോലീസുകാരുമായി സംസാരിച്ച് സോണിയയെ കൂടെ കൊണ്ടുപോകുകയും ചെയ്തു.

പിന്നീട് സോണിയയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ മഞ്ജു മണിക്കുട്ടന്‍, സോണിയയുടെ സ്പോന്‍സറെ പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സോണിയയ്ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കാമെന്ന് സ്പോന്‍സര്‍ സമ്മതിച്ചു. എന്നാല്‍ വിമാനടിക്കറ്റ് നല്‍കാന്‍ സ്പോന്‍സര്‍ തയ്യാറായില്ല. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പഞ്ചാബി സാമൂഹ്യപ്രവര്‍ത്തകനായ ഡി.എസ്.വാദന്‍ സോണിയയ്ക്ക് വിമാനടിക്കറ്റ് നല്‍കി.എല്ലാവര്‍ക്കും നന്ദി പറഞ്ഞു സോണിയ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button