സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞു: ഇന്നലെ ജീവൻ നഷ്ടമായത് മൂന്നു പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും പനിബാധിച്ച്‌ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധതരം പനിക്ക് പുറമേ കോളറയും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്. മരണത്തിന്റെ കണക്കുകളില്‍ പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ തന്നെ സമ്മതിച്ചത് പനിമരണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എട്ടു ദിവസത്തിനുള്ളില്‍ മരിച്ചത് 37 പേരാണ്.
 
പനി പടർന്നു പിടിച്ചിട്ട്  എട്ടു മാസം കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പിന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. എട്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച്‌ 223 പേരാണ് മരിച്ചത്. 78 പേര്‍ പകര്‍ച്ചപ്പനിയിലും 66 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചപ്പോള്‍ 80 പേര്‍ക്ക് എച്ച്‌1എന്‍1 ബാധിച്ചാണ് ജീവന്‍ നഷ്ടമായത്. മഞ്ഞപ്പിത്തം ബാധിച്ച്‌ 29 പേര്‍ക്കും ചിക്കന്‍പോക്സിന് ചികിത്സയിലായിരുന്ന ഒൻപതു പേരും മരണത്തിനു കീഴടങ്ങി.
 
ജനുവരി മുതല്‍ 23,31,559 പേര്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. 550 പേര്‍ക്ക് മലേറിയയും 15,732 പേര്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചു. ഈമാസം മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേരാണ്. ഇതില്‍ 1,82,357 പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു.