Latest NewsNewsGulf

മദ്യപിച്ച് അര്‍ദ്ധനഗ്നനായി നടുറോഡില്‍; തടയാന്‍ വന്ന പോലീസിനെയും തല്ലി: ഒന്നും ഓര്‍മയില്ലെന്ന് ഇന്ത്യന്‍ പ്രവാസി യുവാവ് ദുബായ് കോടതിയില്‍

ദുബായ്•അടിച്ചുപൂസായി അര്‍ദ്ധനഗനനായി റോഡിലൂടെ നടക്കവേ തടയാന്‍ ശ്രമിച്ച രണ്ട് പോലീസുകാരെ തല്ലുകയും പോലീസ് വാഹനത്തിന് കേടുവരുത്തുകയും ചെയ്ത ഇന്ത്യന്‍ തൊഴിലാളി യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു.

ജൂണിലാണ് സംഭവം. മദ്യലഹരിയിലായ യുവാവ് അര്‍ദ്ധനഗനനായി റോഡിലൂടെ നടക്കുകയും മോശമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് കണ്ട വഴിപോക്കരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് 29 കാരനായ ഇന്ത്യന്‍ യുവാവിനെ തടയാന്‍ ശ്രമിച്ചു. അറസ്റ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഇയാള്‍ പോലീസുകാരെ തല്ലുകയായിരുന്നു. നൈഫ് ഏരിയയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

വിലങ്ങണിയിക്കാനുള്ള പോലീസുകാരുടെ ശ്രമത്തെയും ഇയാള്‍ ശക്തിമായി എതിര്‍ത്തു. ഇതിനിടെ ഇയാള്‍, പോലീസ് കാറിന്റെ ഡോറിന്റെ പിടി തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ ഒരുവിധം ഇയാളെ കീഴടക്കി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പോലീസുകാരെ മര്‍ദ്ദിച്ചു, അറസ്റ്റ് തടയാനുള്ള ശ്രമം, മനപൂര്‍വം പോലീസിന്റെ വസ്തുവക നശിപ്പിക്കല്‍, മദ്യപാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ആരോപിക്കുന്നത്. ഇയാള്‍ മനപൂര്‍വം കാറിന്റെ ഡോര്‍ ഹാന്‍ഡില്‍ തകര്‍ക്കുകയായിരുന്നുവെന്നും 1,033 ദിര്‍ഹത്തിന്‍റെ നഷ്ടമുണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി  സംഭവദിവസം മദ്യപിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള മറ്റ് ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു.

“ഞാന്‍ നന്നായി മദ്യപിച്ചിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ എങ്ങനെയാണ് പെരുമാറിയതെന്നും എന്താണ് ചെയ്തതെന്നും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല”- പ്രതി ജഡ്ജ് അബ്ദുല്‍ ഹാലിം ഹുസൈന് മുന്‍പാകെ അറിയിച്ചു.

തങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍ അര്‍ദ്ധനഗ്നനായ യുവാവിന് ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളും പോലീസുകാരന്‍ പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. പോലീസുകാരന്റെ മൊഴി കൂടെയുണ്ടായിരുന്ന രണ്ടാമത്തെ പോലീസുകാരനും പിന്താങ്ങി.

കേസില്‍ വിധി ഉടന്‍ പ്രഖ്യാപിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button