Latest NewsKeralaNewsUncategorized

വിനായകനു മര്‍ദ്ദനമേറ്റിരുന്നതായി ഫോറന്‍സിക് സർജന്മാർ

തൃശൂര്‍: വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു. തൃശൂരില്‍ ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ട് ഫോറന്‍സിക് സര്‍ജന്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മരിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വിനായകന് മര്‍ദ്ദനമേറ്റിരുന്നതായാണ് മൊഴി. നെഞ്ചിലും തലയിലുമാണ് ചതവുകള്‍ കണ്ടെത്തിയത്. നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്‍ദ്ദിച്ചതിന്റെ ചതവുകളുമുണ്ട്.

മൊഴി നല്‍കിയത് ഫോറന്‍സിക് സര്‍ജന്‍മാരായ ഡോ. രാഗിന്‍, ഡോ. ബല്‍റാം എന്നിവരാണ്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ജീവനൊടുക്കിയതെന്ന വാദം ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് സര്‍ജന്‍മാരുടെ മൊഴി. വിനായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയാണ് ഡോ. ബല്‍റാം.

ഡോ. രാഗിനാണ് വിനായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഇരുവരും വിനായകന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് മൊഴി നല്‍കിയത്. കേസില്‍ പാവറട്ടി സ്‌റ്റേഷനലെ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവ സമയത്ത് താന്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് എസ്‌ഐ മൊഴി നല്‍കിയത്.

പിതാവിന്റെ മര്‍ദ്ദനമാണ് ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമെന്നും പൊലീസുകാര്‍ മൊഴി നല്‍കി. എന്നാല്‍ ഇതിനെതിരെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തി. വിനായകന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നതായി നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button