ദിലീപ് വിഷയത്തിൽ പ്രതിഷേധിച്ച് മോഹൻലാലും മമ്മൂട്ടിയും ‘അമ്മ’യെ ഉപേക്ഷിക്കുന്നതായി സൂചന

നടി പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയ നടൻ ദിലീപിനെ കോടതി വിധി വരുന്നതിനെ മുൻപേ ‘അമ്മ’ എന്ന സംഘടനയിൽ നിന്നും പുറത്താക്കിയതിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം സഹപ്രവർത്തകർക്ക് കടുത്ത പ്രതിഷേധമെന്നു സൂചന. അതിന്റെ ഭാഗമായി ‘അമ്മ’യിലെ ഉന്നതപദവികളിൽ നിന്നും പിന്മാറാൻ മമ്മൂട്ടിയും, മോഹൻലാലും പദ്ധതിയിടുന്നുവെന്നും അറിയാൻ കഴിയുന്നു. യുവതാരങ്ങളായ പ്രിത്വിരാജ്, ആസിഫ് അലി, രമയെ നമ്പീശന്‍ എന്നിവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ‘അമ്മ’യിൽ നിന്നും ദിലീപിനെ പുറത്താക്കിയത്. ഇനി അവർ തന്നെ സംഘടന നടത്തിക്കോട്ടെ എന്ന നിലപാടിലാണ് സൂപ്പർ താരങ്ങൾ.

ആക്രമിക്കപ്പെട്ട നടിയോട് സൂപ്പർ താരങ്ങൾ ഉൾപ്പെടെ എല്ലാവരും ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ദിലീപിനെ കുറ്റക്കാരനാക്കിയതിൽ ഭൂരിപക്ഷം പേർക്കും കടുത്ത അമർഷമുള്ളതായി അറിയാൻ കഴിയുന്നു. ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് മമ്മൂട്ടിയും, മോഹൻലാലും ഈ നിമിഷം വരെ പ്രതികരിക്കാതിരിക്കുന്നതും അതിന്റെ തെളിവാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കിലും, ഒരാളെ മനപ്പൂർവ്വം കേസിൽ കുടുക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന സംശയവും ഇവർക്കിടയിലുണ്ട്. പൊതുസമൂഹത്തിന്‍റെ എതിര്‍പ്പ് ഭയന്നാണ് ഇരുവരും ഈ വിഷയത്തില്‍ പരസ്യ അഭിപ്രായങ്ങള്‍ പറയാത്തത്.

ദിലീപിനോട് ശത്രുതയുള്ള ചില സഹതാരങ്ങളും, മുന്‍ സിനിമാ പ്രവര്‍ത്തകരുമൊഴിച്ച് ബാക്കി ആരും തന്നെ എതിര്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന് ഇത്തരമൊരു ക്രൂര പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് സഹപ്രവര്‍ത്തകരുടെ വിശ്വാസം. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ അര്‍ത്ഥമില്ലാത്ത ആരോപണങ്ങളുമായി വരുന്നവരുടെ നിഗൂഡ ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നാണ് ഇവരുടെ വാദം. കോടതി വിധിയ്ക്കു ശേഷം വിഷയം കൂടുതല്‍ സംഭവവികാസങ്ങളിലേക്ക് തിരിയുമെന്നും അറിയാന്‍ സാധിക്കുന്നു.

എന്തായാലും മമ്മൂട്ടിയും, മോഹന്‍ലാലും ‘അമ്മ’ വിടാന്‍ തീരുമാനിച്ചാല്‍ പിന്നെ അത് ആ സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ എല്ലാവരും ഇപ്പോള്‍ പ്രിത്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.