KeralaLatest NewsNewsIndia

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം ജയിലില്‍ നിന്നും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി.

കിംഗ്‌സ് സ്‌പേസസ് എന്ന നിഷാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ജയിലില്‍ നിന്നും നിഷാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിഷാമിന്റെ ഭീഷണി. കൂടാതെ ഓഫിസില്‍ നിന്നും ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്നും നിഷാം ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിഷാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.

2.ഗോരഖ്പൂരിലെ ദുരന്തത്തിന് വഴിവെച്ചത് ഓക്സിജൻ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും അനസ്തേഷ്യ വിഭാഗം തലവനും വീഴ്ച്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു

ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടില്‍ ഗുരുതരമായ വീഴ്ച്ചകളാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം അവതാളത്തിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും അനസ്തീഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിന് വിതരണക്കാരായ പുഷ്പ ഡീലേഴ്സും ഉത്തരവാദികളാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.

3.മുംബൈ – ഡൽഹി രാജധാനി എക്സ്പ്രസിൽ 25 യാത്രക്കാര്‍ക്ക് മയക്കുമരുന്നു നൽകി കവർച്ച. 10–15 ലക്ഷം രൂപ മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ മധ്യപ്രദേശിലെ രത്‌ലത്തിനു സമീപമാണ് യാത്രക്കാര്‍ക്ക് മയക്കുമരുന്നു നൽകി കവർച്ച നടത്തിയത്. എസി 2 ടയർ, 3 ടയർ കോച്ചുകളാണു കൊള്ളക്കാർ പ്രധാനമായും ലക്ഷ്യമിട്ടത്. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തിൽ മയക്കുമരുന്നു ചേർത്താണു കവർച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാര്‍ പറയുന്നു. പണം, ഐഫോൺ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവയും കവർച്ച ചെയ്തവയിൽപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

4.അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളച്ചാട്ടത്തിന്‍റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചതിനു പിന്നാലെയാണ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കുകയാണ്. നിശ്ചിത സമയ പരിധിക്കുള്ളിൽ പദ്ധതിയുടെ നിർമാണം തുടങ്ങിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്‍റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.വറുതികൾക്ക് വിട ചൊല്ലി പൊന്നിൻ ചിങ്ങമെത്തി:പൊന്നോണത്തെ വരവേൽക്കാൻ മലയാളക്കര ഒരുങ്ങി

2.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി. മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്.

3.കയ്യേറ്റ ആരോപണം തെളിയിച്ചാല്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കാമെന്ന് മന്ത്രി തോമസ് ചാണ്ടി; മന്ത്രിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയും

4.ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക്
പശ്ചിമ ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ വിജയം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ തൃണമൂലിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കരുത്തുപകരും.

5.മഴയ്ക്കു പിന്നാലെ ബെംഗളൂരു നഗരത്തെ പ്രതിസന്ധിയിലാക്കി വിഷപ്പതയും. വർത്തൂർ നദിയിൽ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരന്നത് ഗതാഗത തടസമുണ്ടാക്കി.

6.കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ പി.സി.ജോര്‍ജിന്റെ പരമാർശങ്ങൾ മനുഷ്യത്വവിരുദ്ധമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

7.തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ മുന്‍ മന്ത്രി ആര്യാടന്റെ ബിനാമിയെന്ന് പി.വി. അന്‍വര്‍.

8.ബി.സി.സി.ഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതി. ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരെ പുറത്താക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.

9.അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തില്‍ 100 എണ്ണമാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button