യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’

തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും അപകടഘട്ടങ്ങളില്‍ അടിയന്തരമായി സഹായമെത്തിക്കാനും സഹായിക്കുന്ന മുന്നറിയിപ്പു സംവിധാനമായ ‘സേഫ്ഡ്രൈവ്’ എന്ന ഉപകരണം പുറത്തിറക്കി. ഇതിലൂടെ അടിയന്തര സഹായത്തിനുള്ള ‘ഇകാള്‍’ (ഇന്‍- വെഹിക്കിള്‍ എമര്‍ജന്‍സി കാള്‍) സന്ദേശം നല്‍കാനാവും. ക്രാഷ് സെന്‍സറുകളും ജി പി എസ് മൊഡ്യൂളും മൈക്രോഫോണും സ്പീക്കറും മൊബൈല്‍ കണക്ഷനുമടങ്ങുന്ന ഉപകരണമാണിത്. വണ്‍ ടച്ച്‌ അസിസ്റ്റന്‍സ് ബട്ടന്‍, ഹാന്‍ഡ് ഫ്രീ ടു വേ കോളിംഗ്, തത്സമയ വാഹന ട്രാക്കിംഗ്, യാത്ര ചരിത്രം, സ്മാര്‍ട്ട് അലര്‍ട്ടുകള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഡ്രൈവിങ് അനാലിസിസ്, സ്കോര്‍ തുടങ്ങിയ സംവിധാനങ്ങളും ഉപകരണത്തില്‍ ഉണ്ട്.

ഇന്ത്യയിലെ ഏതു കാറിലും എളുപ്പം ഘടിപ്പിക്കാവുന്ന ഉപകരണം എല്‍സിസ് ഇന്റലിജന്റ് ഡിവൈസസ് ആണ് നിര്‍മിച്ചത്. തങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെന്ന് സ്ത്രീകൾക്ക് തോന്നിയാൽ സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാം. വാഹനത്തിന് അപകടം സംഭവിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും അറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കും.

SHARE