മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല; വിമര്‍ശനവുമായി ടി.എ റസാഖിന്റെ ഭാര്യ

അകാലത്തില്‍ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാഖിനെ മലയാള സിനിമാ ലോകം വിസ്മരിച്ചുവെന്ന വിമര്‍ശനവുമായി ഭാര്യ. റസാഖിന്റെ ചരമദിനത്തില്‍ ഷാഹിദ വിളിച്ചുചേര്‍ത്ത സൗഹൃദ സംഗമത്തില്‍ സിനിമാ മേഖലയില്‍ നിന്നും പങ്കെടുക്കാന്‍ പ്രമുഖര്‍ ആരും എത്തിയില്ല. പത്മകുമാറും ഷാജൂണ്‍ കാര്യാലും മാത്രമാണ് സിനിമയിലെ സുഹൃത്തുക്കളായി ചടങ്ങില്‍ ഉണ്ടായിരുന്നത്. സിനിമാ മേഖല റസാഖിനോട് അവഗണന കാട്ടുകയാണെന്ന് ഭാര്യ ഷാഹിദ ആരോപിച്ചു

‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും എല്ലാവരേയും ആവശ്യമുണ്ട്. അതാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ മനസിലാക്കിയത്. മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല.’ അതായിരിക്കും റസാഖ് നേരിടുന്ന അവഗണനയ്ക്കു പിന്നിലെന്നും ഭാര്യ പറയുന്നു. സിനിമാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മോഹനം എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടന്ന ദിവസമാണ് റസാഖ് മരിച്ചത്. പരിപാടി മുടങ്ങാതിരിക്കാന്‍ റസാഖിന്റെ മരണവിവരം മറച്ചുവെച്ചതായി സിനിമാ ലോകത്തുനിന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

മോഹനം പരിപാടിയില്‍ നിന്നു ലഭിച്ച വരുമാനത്തില്‍ നിന്നും 25ലക്ഷം രൂപ റസാഖിന് നല്‍കുമെന്നാണ് സിനിമാ സംഘടനയിലെ നേതാക്കള്‍ അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ റസാഖ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തുക കൈമാറിയിട്ടില്ല.

SHARE