യുഎഇയിൽ കർട്ടൻ ചരട് കഴുത്തിൽ കുരുങ്ങി മലയാളി ബാലന് ഗുരുതര പരിക്ക്

അബുദാബി​​ ; കർട്ടൻ ചരട് കഴുത്തിൽ കുരുങ്ങി മലയാളി ബാലന് ഗുരുതര പരിക്ക്. ഇന്നലെ(ചൊവ്വ) അബുദാബിയിലെ മുറൂർ റോഡിലെ വീട്ടിൽ അഞ്ചു വയസ്സുള്ള സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. രണ്ട് വയസ്സുകാരനെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോഫയിൽ കയറി നിന്ന കുട്ടി കർട്ടന്റെ ചരട് കഴുത്തിലിട്ട് താഴേയ്ക്ക് ചാടുകയായിരുന്നു. കർട്ടന്റെ മുകൾ ഭാഗത്തെ അലുമിനിയം ദണ്ഡ് പൊട്ടി കുട്ടി താഴേയ്ക്ക് പതിച്ചതിനാൽ ജീവൻ രക്ഷപെട്ടു. കളിക്കുന്നതിനിടെ കുട്ടി തറയിൽ വീണ് ഉറങ്ങുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരി അടുക്കളയിലായിരുന്ന മാതാവിനോട് പറഞ്ഞപ്പോഴാണ് അപകട വിവരമറിയുന്നത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായാണ് നിലവിൽ ലഭിക്കുന്ന വിവരം.

SHARE