ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി.

നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്ത് പലയിടങ്ങളിലായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. ഈ പ്രവണത തുടരാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 30 വര്‍ഷം കഴിയുന്നു. അഴിമതിക്കാരായ നേതാക്കളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും സാവകാശം നല്‍കരുതെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിച്ചിട്ടുണ്ട്. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് ജനപ്രതിനിധികളുടെ വരവില്‍ കവിഞ്ഞ സ്വത്ത് വര്‍ധനയെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

2. ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും, ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് ഇവര്‍ അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളില്‍ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. എന്നാല്‍ ഇവരില്‍ ചിലരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.

3. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്.

സ്വദേശ നിര്‍മ്മിതമായ 7.65 എംഎം തോക്കുപയോഗിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും കൊന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതുവരെ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുകൊലപാതകങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ടു കൊലപാതകങ്ങളിലും 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറന്‍സിക് വ്യക്തമാക്കുന്നു. ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.

4. ലോകത്തെ വീണ്ടും അതിശയിപ്പിക്കാനൊരുങ്ങി ദുബായ്. കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ ദുബായ് വ്യത്യസ്തമാവുന്നത്.

ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ടാണു കരയില്‍നിന്നു നാലുകിലോമീറ്റര്‍ അകലെ കടലില്‍ തീര്‍ത്ത കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്‍ഡ്‌സില്‍ ഒരുക്കുന്നത്. മധ്യപൂര്‍വദേശത്തിനു വെനീസ് അനുഭവം പകരുകയാണു ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കടലിനടിയില്‍ നിര്‍മ്മിക്കുന്ന ഈ മനോഹര സൗധം ദിവസവും 3000 അതിഥികളെ വരവേല്‍ക്കും. ബോട്ടിലും സീപ്ലെയ്‌നിലും ഹെലികോപ്റ്ററിലും മറ്റും റിസോര്‍ട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാലിലേറെ ഡെക്കുകള്‍ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും.
കടലില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ ബീച്ചുകളും സജ്ജമാക്കും. അടുത്തവര്‍ഷം നിര്‍മ്മാണം തുടങ്ങി 2020 അവസാനത്തോടെ പണി പൂര്‍ത്തിയാക്കാനാണു പദ്ധതി ഉന്നം വെയ്ക്കുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ബാർ കോഴക്കേസിൽ പുതിയ തെളിവുകൾ രണ്ടാഴ്ച്ചക്കകം ഹാജരാക്കിയില്ലെങ്കിൽ കേസ് തീർപ്പാക്കുമെന്ന് വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം.

2. ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല. അപേക്ഷ സമർപ്പിക്കുന്നത് നാളത്തേക്ക് മാറ്റി.

3. ഗോ രക്ഷയുടെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഇത്തരത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

4. യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചന ദ്രവ്യം നല്കിയില്ലയെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്.

5. ഒക്ടോബർ 11 നു നടക്കാനിരിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുൻപേ പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നു സൂചനകൾ.കോൺഗ്രസിനുള്ളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടായ ചർച്ചകളിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ.

6. സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് ആര്‍.എസ്​.എസ്​ മേധാവി മോഹന്‍ ഭാഗവത്. ഇന്‍റര്‍നെറ്റില്‍ പലപ്പോഴും വരുന്നത്​ പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

7. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂന പക്ഷങ്ങൾക്ക്‌ മാത്രമായി തീർന്നാൽ എതിര്‍ക്കുമെന്ന്​ ഹിന്ദു​ ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. എന്തടിസ്ഥാനത്തിലാണ് കണ്ണന്താനത്തിനെ മന്ത്രിയായി തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്നും ശശികല.

8. ഹിന്ദുമത ആചാരങ്ങളില്‍ വിശ്വസിയ്ക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാമെന്നും അത് യേശുദാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍.

9. എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്നും വധിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

10. മനം കവരുന്ന സവിശേഷതകളുമായി ഐഫോൺ 10 എത്തി. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.