കാസ്പെര്‍സ്കിക്ക് അമേരിക്കയില്‍ വിലക്ക്

വാഷിംഗ്‌ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്കിയുടെ ആന്റി വൈറസ് സോഫ്റ്റ്വേറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് സൈബര്‍ ഭീഷണിയുണ്ടെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ നടപടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കാസ്പെര്‍സ്കി ലാബ് തള്ളി. അമേരിക്കന്‍ നടപടി തെറ്റായ വിവരങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും തങ്ങള്‍ക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്താന്‍ സാധിച്ചിട്ടില്ലെന്നും കാസ്പെര്‍സ്കി ലാബ് പറഞ്ഞു.

കാസ്പെര്‍സ്കി ശേഖരിക്കുന്ന വിവരങ്ങള്‍ റഷ്യന്‍ ഏജന്‍സികള്‍ക്ക് ലഭിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരായി ഉയരുന്ന പ്രധാന ആരോപണം. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ചാരപ്രവര്‍ത്തനം നടത്തുന്നില്ലെന്നും കാസ്പെര്‍സ്കി വിശദീകരിക്കുന്നു.

SHARE