Latest NewsNewsIndia

ഗുർമീതിനെ കോടതിയിൽനിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ചണ്ഡിഗഡ്: 20 വർ‌ഷം ജയിൽശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവനും ആൾ‌ദൈവവുമായ ഗുർമീത് റാം റഹിം സിങ്ങിനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർ അറസ്റ്റിൽ. അറസ്റ്റിലായത് ഹരിയാനയിലെ മൂന്നുപേരും രാജസ്ഥാനിലെ ഒരു പൊലീസുകാരനുമാണ്. ഇവരിൽ രണ്ടുപേർ ഹെഡ്കോൺസ്റ്റബിളും ഒരാൾ കോൺസ്റ്റബിളും മറ്റൊരാൾ സിപിഒയുമാണ്.

പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയിൽ ഓഗസ്റ്റ് 25ന് വിധിപ്രസ്താവത്തിന് എത്തിച്ചപ്പോൾ, ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ അമിത് കുമാർ, രാജേഷ് കുമാർ, കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരും രാജസ്ഥാനിലെ പൊലീസുകാരൻ ഓം പ്രകാശുമാണ് അറസ്റ്റിലായതെന്നു പഞ്ച്കുള കമ്മിഷണർ എ.എസ്.ചൗള പറഞ്ഞു. ഹരിയാനക്കാരെ കേസ് അന്വേഷണത്തിൽ സഹായിക്കണമെന്നു പറഞ്ഞു പഞ്ച്കുളയിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഹനുമാൻഗഢിൽനിന്നാണു രാജസ്ഥാൻ പൊലീസുകാരനെ പിടികൂടിയത്.

ഗൂഢാലോചനയിൽ ഇവരെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ ഏഴു പൊലീസുകാർ കൂടി പങ്കാളികളാണെന്നു കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസ് അറിയിച്ചു. ഡ്യൂട്ടിയിൽ ഇല്ലായിരുന്നെങ്കിലും ഇവർ യൂണിഫോമിൽ കോടതി പരിസരത്ത് ഉണ്ടായിരുന്നു. അറസ്റ്റിലായവരിൽനിന്ന് തൃപ്തികരമായ മറുപടികളല്ല കിട്ടിയിട്ടുള്ളതെന്നും കമ്മിഷണർ പറഞ്ഞു.

ഹരിയാന പൊലീസിലെ മറ്റ് അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ കൂടി ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വർഷങ്ങളായി ഗുർമീതിനു സുരക്ഷ നൽകുന്നവരാണിവർ. അഞ്ചുപേരെയും സേനയിൽനിന്നു പുറത്താക്കി. ഇവർക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button