ജീവന്റെ ജീവനാം കൂട്ടുകാരാ.. സ്നേഹാമൃതത്തിന്റെ നാട്ടുകാരാ.. ഹൃദയരാഗങ്ങളുടെ സ്നേഹഗീതത്തിനു ഒരു ദൃശ്യഭാഷ്യം

ഹൃദയ രാഗവും ജീവതാളവും പ്രണയാക്ഷരങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാവ്യസൃഷ്ടി മലയാളക്കര ഏറ്റുവാങ്ങിയ ‘നിനക്കായി സീരീസ്’ എന്ന പ്രണയഗാന പരമ്പരയിലെ മൂന്നാമത്തെ സമാഹാരമാണ് ‘ഓര്‍മ്മയ്ക്കായി’.പ്രണയത്തിന്റെ ഇനിയാര്‍ക്കും കഴിയാത്ത വികാരതീവ്രതയോടെ പിറവിയെടുത്ത ഓര്‍മ്മക്കായിലെ ഒരു ഗാനമാണ് ‘ജീവന്റെ ജീവനാം കൂട്ടുകാരാ .’. ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ രചനയ്ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കി സുജാത ആലപിച്ച ഗാനത്തിന് മമ്മൂട്ടി നല്‍കുന്ന ഈ അവതരണത്തിനപ്പുറത്ത് മറ്റൊരു വിശേഷണവും ആവശ്യമില്ല.

“ഒന്നിനുമല്ലാതെ എന്തിനോ തോന്നിയ ഒരു ഇഷ്ടം, എനിക്ക് എപ്പോഴോ തോന്നിയ ഒരു ഇഷ്ടം. ഹൃദയ രാഗവും ജീവതാളവും പ്രണയാക്ഷരങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാവ്യ സൃഷ്ടിയുടെ ഉദയം കുറിച്ച ഈ വരികള്‍, സ്നേഹ മന്ത്രധ്വനികള്‍ നമ്മള്‍ ഓര്‍ക്കുന്നില്ലേ?.. മഹാകാവ്യങ്ങളായി, വിസ്മയ കുടീരങ്ങളായി പകര്‍ന്നു വെയ്ക്കപ്പെട്ട പ്രണയാനുഭവങ്ങള്‍ക്ക് ഒരു തുടര്‍ച്ചയായി ആ മധുര സംഗീതിക നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഗ വിരുന്നായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിന് സാക്ഷ്യം വഹിയ്ക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഞാനിതാ വീണ്ടും. നിങ്ങളുടെ മമ്മൂട്ടി.

ഈസ്റ്റ്‌ കോസ്റ്റിന്റെ പ്രമദവനത്തില്‍ വിടര്‍ന്ന ആദ്യത്തെ പ്രണയ പുഷ്പത്തിന്റെ സുഗന്ധം എന്നും നിറഞ്ഞു നില്‍ക്കുമ്പോള്‍ വിജയന്‍റെ കാവ്യ കല്പനകളില്‍ മറ്റൊരു ചെമ്പകപ്പൂവ് കൂടി ഇതള്‍ വിരിയുന്നു. ഓര്‍മ്മയ്ക്കായി.

പ്രണയ സത്യങ്ങളുടെ ഓര്‍മ്മയ്ക്കായ്, പ്രണയ സങ്കല്‍പ്പങ്ങളുടെ ഓര്‍മ്മയ്ക്കായ് പ്രണയ സന്ദേശങ്ങളുടെ ഓര്‍മ്മയ്ക്കായ്, പ്രണയ സ്വപനങ്ങളുടെ ഓര്‍മ്മയ്ക്കായ്.. പ്രകൃതിയില്‍ വസന്തത്തിന്റെ വര്‍ണമഴ പെയ്യുമ്പോള്‍ വിരഹ വിഷാദങ്ങളുടെ നിശ്വാസങ്ങളുണര്‍ത്തുന്ന പ്രണയ ചിന്തകള്‍ ഗ്രീഷ്മ താപം പോലെ മനസ്സില്‍ കടന്നെത്തിയിരിയ്ക്കാം. ആ കുളിരും ചൂടും തലോടലും തേങ്ങലുമൊക്കെ ഹൃദയ തന്ത്രികളില്‍ പ്രണയരാഗങ്ങളായി പടരുകയാണ്, പ്രതിധ്വനിയ്ക്കുകയാണ്, പ്രതിബിംബിയ്ക്കുകയാണ്. ഈസ്റ്റ്‌ കോസ്റ്റിന്റെ ഹൃദയ രാഗങ്ങളുടെ ഈ സ്നേഹ ഗീതങ്ങള്‍ ഒരു ഗന്ധര്‍വ മന്ത്രമായി ഇവിടെ ഉണരുകയാണ് . തുടരുകയാണ്”

ഏതാണ്ട് ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ ഗാനത്തിന് ഏറെ ലളിതമായി ഒരു ദൃശ്യഭാഷ്യം നല്‍കുമ്പോള്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ സംവിധാനത്തിലും അനില്‍ നായരുടെ ഛായാഗ്രഹണത്തിലും ഗായികയായി വേഷമിടുന്നത് പുതുമുഖം വിദ്യ കൃഷ്ണയാണ്.

SHARE