നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന

ബെയ്ജിങ്: പ്രതിരോധ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു. ആവശ്യ സമയത്ത് സൈനിക നീക്കം നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഹൈവേ.

നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തത്. നേപ്പാളിലേക്ക് റെയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായാണ് ഹൈവേ നിര്‍മ്മിച്ചതെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നത്.

ഷിഗാസെ-ലാസാ റെയില്‍ പാതയ്ക്ക് സമാന്തരമായാണ് ഹൈവേ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ചൈനയുടെ തന്ത്രപ്രധാന പാത നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. പാത തുറന്നതോടെ അവശ്യ വസ്തുക്കൾക്കായി ഇന്ത്യയെ ആശ്രയിക്കുന്നത് നേപ്പാളിന് ഒഴിവാക്കാൻ സാധിക്കും.