ഉപഭോക്താക്കളെ വലച്ചിരുന്ന വാട്‌സ്ആപ്പിന്റെ പ്രശ്‌നത്തിന് പരിഹാരമാവുന്നു.

whatsapp

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ നേരിട്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് വാട്സപ്പ്. വാട്സ്‌ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്റ്റോറേജ് പ്രശ്നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഐഓഎസ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്സ്‌ആപ്പില്‍ സെറ്റിങ്സ് > ഡാറ്റാ ആന്റ് സ്റ്റോറേജ് > സ്റ്റോറേജ് യൂസേജ് എന്നത് തിരഞ്ഞെടുത്താല്‍ മതിയാകും . അപ്പോള്‍ നിങ്ങളുടെ ചാറ്റുകളും അവ ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജ് എത്രയാണെന്നും കാണാം. അതില്‍ ഒരു ചാറ്റ് തിരഞ്ഞെടുത്താല്‍ സ്റ്റോറേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

വാട്സ്‌ആപ്പിലുള്ള വിവിധ ചാറ്റുകള്‍ എത്രത്തോളം സ്റ്റോറേജ് കയ്യടക്കുന്നുണ്ടെന്ന് ഇത് വഴി നമുക്ക് അറിയാന്‍ സാധിക്കും. ചാറ്റില്‍ വരുന്ന വീഡിയോയും ഓഡിയോയും ചിത്രങ്ങളുമെല്ലാം സ്റ്റോറേജ് നഷ്ടത്തിന് കാരണമാകാറുണ്ട്. ഇവയില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കി സ്റ്റോറേജ് സംരക്ഷിക്കാവുന്നതാണ്.

ടെക്സ്റ്റ് മെസേജുകള്‍, ലൊക്കേഷന്‍, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് ഫയലുകള്‍, വീഡിയോ തുടങ്ങി വ്യത്യസ്ത വിഭാഗത്തില്‍ പെട്ട സന്ദേശങ്ങള്‍ കയ്യടക്കുന്ന സ്റ്റോറേജ് വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതില്‍ ആവശ്യമില്ലാത്തവ നിങ്ങള്‍ക്ക് ഒഴിവാക്കാം. താമസിയാതെ തന്നെ ഈ ഫീച്ചർ എല്ലാ ഫോണിലും ലഭ്യമാവും.