YouthLife Style

കുസൃതി കുടുക്കകൾക്ക് മുറിയൊരുക്കുമ്പോൾ

വീട്ടിലെ കുട്ടികുറുമ്പുകൾക്ക് അവരുടേതായ ഒരു ലോകം സൃഷ്ടിച്ചു കൊടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് .ഒരു വീട്ടിലെ മറ്റു അംഗങ്ങൾക്ക് അവരുടെ മുറിയൊരുക്കുമ്പോൾ നല്കുന്നയത്ര പ്രാധാന്യവും ശ്രദ്ധയും കുഞ്ഞുങ്ങളുടെ കാര്യത്തിലും കാണിക്കേണ്ടതുണ്ട്. കുട്ടികളുടെ വളർച്ച വളരെ പെട്ടെന്നാവും എന്നതിനാൽ അത് മുൻ നിർത്തിയാവണം ഓരോ തീരുമാനങ്ങളും.കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി വേണം ഓരോ ഒരുക്കങ്ങളും.അതിനൊപ്പം മനസ്സിൽ സൂക്ഷിക്കേണ്ടതായ വേറെ ചിലതുകൂടിയുണ്ട് .

കുട്ടികള്‍ വലുതാകുമ്പോൾ അവർ ചെറുപ്പത്തിൽ ഉപയോഗിച്ച കളിപ്പാട്ടങ്ങൾ മുറിയിലെ വിലന്മാരാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇവയില്‍ പ്രിയപ്പെട്ടവയെ അലങ്കാര വസ്തുക്കളായി ഉപയോഗിച്ചതിനു ശേഷം ഉപയോഗ യോഗ്യമായവ കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്കു നല്‍കാം.ശുദ്ധവായുവും വെളിച്ചവും കിട്ടുന്നിടത്ത് സ്റ്റഡി ഏരിയ സെറ്റ് ചെയ്യാം. സ്റ്റഡി ടേബിളും കസേരയും തിരഞ്ഞെടുക്കുമ്പോൾ മുതിർന്നവർക്കും ഇരുന്നു പഠിപ്പിക്കാന്‍ പാകത്തിന് വലുപ്പമുള്ള മേശ തിരഞ്ഞെടുക്കുക.

മുറിയിലെ പ്രകാശ സജ്ജീകരണത്തിൽ ടേബിളിന് മുകളില്‍ ബ്രൈറ്റ് ലൈറ്റ് നല്‍കാം. ഇരുണ്ട വെളിച്ചത്തില്‍ കുട്ടികളെ പഠിക്കാന്‍ അനുവദിക്കരുത്. ഒരു നൈറ്റ് ലൈറ്റ് കൂടി കുട്ടികളുടെ മുറിയില്‍ നിര്‍ബന്ധമാണ്. ആണ്‍കുട്ടികളുടെ ഷട്ടില്‍ ബാറ്റ്, ക്രിക്കറ്റ് ബാറ്റ്, ക്യാപ് തുടങ്ങിയവ ചുമരില്‍ തൂക്കാനുള്ള സൗകര്യം ചെയ്യാം. പെണ്‍കുട്ടികളുടെ മാലകളും വളകളും സൂക്ഷിക്കാന്‍ ചുമരില്‍ സൗകര്യം നല്‍കാം.

മുറിയുടെ ഒരു ഭാഗം കുട്ടികൾക്ക് പൂർണമായും വിട്ടു നല്‍കാം. ഈ ഭാഗത്തെ ചുമരില്‍ പൊസിറ്റീവ് ക്വട്ടേഷന്‍സ് ഒട്ടിച്ചു വയ്ക്കാം, അവര്‍ വരച്ച ചിത്രങ്ങള്‍ തൂക്കാം. ഇവിടെ വാട്ടര്‍ കളറിങ്ങോ, മഡ് ഗെയിംസോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യാൻ അനുവദിക്കാം. നിലത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന ബെഡുകളോ, ചെറിയ കട്ടിലുകളോ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാം. രണ്ടു തട്ടുള്ള കട്ടിലുകള്‍ വാങ്ങുകയാണെങ്കില്‍, പിന്നീട് അഴിച്ച്‌ രണ്ട് കട്ടിലായി ഉപയോഗിക്കാന്‍ കഴിയുന്നവ വാങ്ങുക. വശങ്ങളില്‍ സുരക്ഷയ്ക്കായി ഗ്രില്ലുകള്‍ ഉള്ളവയായാല്‍ കുട്ടി താഴെ വീഴുമോ എന്ന ഭയവും വേണ്ട.

അരികുകള്‍ കൂര്‍ത്ത അലമാരകളും ഫര്‍ണിച്ചറുകളും മുറികളില്‍ നിന്ന് ഒഴിവാക്കണം. ഫ്ലവര്‍വേസുകളും മറ്റ് അലങ്കാര വസ്തുക്കളും പാടെ ഒഴിവാക്കേണ്ടവയാണ് . കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, അവരുടെ ബാഗ്, പുസ്തകം തുടങ്ങിയവ വാള്‍ഡ്രോബിലെ ഉയരം കുറഞ്ഞ തട്ടുകളില്‍ വയ്ക്കുക. മരുന്നുകളും മറ്റും കുട്ടികള്‍ക്ക് കൈയെത്താത്ത ലോക്കുകളുള്ള തട്ടില്‍ വയ്ക്കുക.

ചെറിയ മുറികളിൽ ചുമരുകൾക്ക് ഇളം നിറങ്ങൾ നൽകിയാൽ മുറിക്ക് വലുപ്പം തോന്നിക്കും. ലൈറ്റ് പിങ്ക്, പര്‍പ്പിള്‍ എന്നിവയാണ് പെണ്‍കുട്ടികളുടെ റൂമിന് ഇണങ്ങുന്ന നിറങ്ങള്‍. നീലയും ചുവപ്പുമാണ് ആണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടത്. ചുവപ്പു പോലെയുള്ള കടും നിറങ്ങള്‍ നൽകുമ്പോൾ ഒരു ചുമരില്‍ മാത്രമായി ഒതുക്കണം കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളറിയാന്‍ ഒരു ഗ്രോ ചാര്‍ട്ട് റൂമില്‍ വയ്ക്കാം. കുട്ടിയുടെ പൊക്കവും തൂക്കവും എല്ലാ മാസവും ഇതില്‍ കൃത്യമായി രേഖപ്പെടുത്താം.

മുറിയുടെ ഒരു മൂലയില്‍ ആക്ടിവിറ്റി ടേബിള്‍ നല്‍കാം. കുട്ടികളില്‍ ബുദ്ധിവികാസം ഉണ്ടാക്കുന്ന ഗെയിമുകള്‍ ഈ മേശയില്‍ സജ്ജീകരിക്കാം.
ബാത്റൂമുകളില്‍ കുട്ടിയുടെ ബ്രഷും പേസ്റ്റുമൊക്കെ വയ്ക്കാന്‍, കൈ എത്തുന്ന ഉയരത്തില്‍ കബോര്‍ഡ് വയ്ക്കണം. പിന്നീട് മാറ്റാവുന്ന രീതിയിലുള്ളതായിരിക്കണം ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button