അദ്ധ്യായം 18- ദ്വാരകയെക്കുറിച്ചല്‍പ്പം

travel

ജ്യോതിര്‍മയി ശങ്കരന്‍

അമ്പേറ്റ വിരലും പൊക്കിപ്പിടിച്ചവിധമിരിയ്ക്കുന്ന വെളുത്ത മാര്‍ബിളിലെ സുന്ദരരൂപം മനസ്സില്‍ പ്രതിഷ്ഠിച്ച് പുറത്തു കടന്നപ്പോള്‍ ഒരു ഹനുമാന്‍ വേഷധാരി ഗദയും ചുമലില്‍ വച്ചു കൊണ്ട് തൊട്ടടുത്തു തന്നെയുള്ള ശ്രീരാമ ക്ഷേത്രത്തിലേയ്ക്കു കയറിപ്പോകുന്നതു കണ്ടു. ആ ക്ഷേത്രത്തിന്നകത്തു കയറാന്‍ സമയമില്ല . പുറത്തു നിന്നുതന്നെ തൊഴുതു. ഇന്ന് ശ്രീരാമനവമിയാണല്ലോ എന്നു മനസ്സിലോര്‍ത്തു.ശ്രീരാമനവമി ദിവസത്തില്‍ എവിടെയായാലും ഒരു ഹനുമാന്‍ വേഷധാരി മുന്നില്‍ വന്നെത്തിപ്പെടാറുള്ളത് എന്നും കൌതുകം തന്നിരുന്നു. ഇന്ന് ഗുജറാത്തിലെ ഈ യാത്രയ്ക്കിടയിലും അതു തന്നെ സംഭവിച്ചിരിയ്ക്കുന്നതു കണ്ടപ്പോള്‍ ഭക്തിയാല്‍ ഒരല്‍പ്പം വികാരഭരിതയാകാതിരിയ്ക്കാനായില്ല. മനസ്സില്‍ ജയ് ശ്രീരാം കി, ജയ് ഹനുമാന്‍ ജി കി എന്നു പറഞ്ഞതേയുള്ളൂ ശബ്ദകോലാഹലങ്ങളോടെ കൊട്ടും വാദ്യവുമായി കുങ്കുമപ്പൊടി അന്തരീക്ഷത്തില്‍ വര്‍ണ്ണാഭയോടെ വിതറി ശ്രീരാമ ഭക്തരുടെ ഒരു ഘോഷയാത്ര മുന്നിലെത്തി. ഞങ്ങള്‍ വേഗം നടന്ന് ബസ്സില്ക്കയറിയിരുന്നു. പുതുക്കിപ്പണി നടക്കുന്ന ഭഗവാന്റെ മന്ദിരവും മുകളിലൂടെ തല കാണിയ്ക്കുന്ന ആല്‍ മരവും പറിച്ചെറിഞ്ഞ അമ്പു വീണീടത്തുണ്ടായ കുളവും അതികോമളനായ ഭഗവാന്റെ രൂപവും മനസ്സാകുന്ന വെണ്ണക്കല്ലില്‍ ഇതിനകം കൊത്തിവയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇളം പച്ച നിറമാര്‍ന്ന വെള്ളവും അതില്‍ പ്രതിഫലിയ്ക്കുന്ന ആല്‍മരത്തിന്റെ ച്ഛായയും കുളത്തിനു നടുവിലായി അമ്പു ചെന്നു വീണ സ്ഥലത്തെ അടയാളങ്ങളും മനസ്സില്‍ തെളിഞ്ഞു തന്നെ എക്കാലവും നില്‍ക്കും, തീര്‍ച്ച. ഓര്‍മ്മയ്ക്കായി അല്‍പ്പം ചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തി.

മധുരമായ ഒരു വേദനയുടെ അകമ്പടിയോടെ ബസ്സിലിരിയ്ക്കുമ്പോള്‍ ഇനിയും ഈ ട്രിപ്പില്‍ പോകാനുള്ളയിടങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം ഗൈഡ് രാജു തരാതിരുന്നില്ല. ദ്വാരകാനാഥനെ നമിച്ചു കൊണ്ടു തന്നെ ദ്വാരകയെക്കുറിച്ചും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമാണ് അധികവും പറഞ്ഞത്. തീര്‍ത്ഥയാത്രയ്ക്കുള്ള ചാര്‍ധാമില്‍ ദ്വാരകയും പെടുമെന്നതൊഴികെ`ദ്വാരകയെക്കുറിച്ച് അധികമായി ഒന്നും തന്നെ അറിയില്ലെന്നതായിരുന്നു സത്യം.ഗൈഡിന്റെ വിവരണങ്ങള്‍ കേള്‍ക്കാന്‍ എല്ലാവരും ഉത്സുകരായിരുന്നു. ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തെ ഭാഗവുമായ ദ്വാരകായാത്ര മനസ്സിലെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം തന്നെയാണല്ലോ!മനസ്സിലുരുവിട്ടു:

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ

വിശ്വകര്‍മ്മാവ് ശ്രീകൃഷ്ണന്റെ പ്രപൌത്രനായ വജ്രനാഭിന്റെ അപേക്ഷപ്രകാരം ഒറ്റരാത്രികൊണ്ടു നിര്‍മ്മിച്ച അമ്പലമാണത്രെ ദ്വാരകാധീശ് മന്ദിര്‍.ഇന്നത്തെ ചതുര്‍ധാമുകളിലൊന്നാണിത്. നിജ മന്ദിര്‍ എന്നും ഇതിനെ വിളിയ്ക്കുന്നു! മോക്ഷദ്വാരമെന്നും സ്വര്‍ഗ്ഗദ്വാരമെന്നും പേരുള്ള രണ്ടു കവാടങ്ങള്‍ ഇതിനുണ്ട്. അമ്പലത്തിനു മുകളിലെ കൊടി ഒരു ദിവസം അഞ്ചുപ്രാവശ്യം മാറ്റുമെന്നും എല്ലാം ഭക്തരുടെ വഴിപാട് തന്നെയാണെന്നും ഈ വഴിപാട് 2022 വരെ ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നുവെന്നും ഗൈഡിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാനായി..45000 രൂപയാണിതിനു ചിലവെന്നും ഏതാണ്ട് 42 മീറ്റര്‍ തുണി വേണം ഇത്ര വലുപ്പമേറിയ കൊടിയുണ്ടാക്കാനെന്നുമറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി..

കൊടി ഘോഷയാത്രയായാണത്രേ അമ്പലത്തില്‍ കൊണ്ടുവരുന്നത്.ഈ വഴിപാട് കഴിയ്ക്കാനാകുന്നത് ഏറെ ഭാഗ്യമാണെന്നു കരുതപ്പെടുന്നു. അമ്പലത്തില്‍ പോകുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ കൊടി മാറുന്ന സമയത്ത് കാണാനാകും. പരിക്രമം ചെയ്യല്‍ വിശേഷമാണിവിടെയെന്നും ഗൈഡ് പറഞ്ഞു.അതിന്റെ വിധി എല്ലാം പാണ്ഡമാര്‍ പറഞ്ഞു തരും. രാവിലെ 6.30നു ആരതി തൊഴാന്‍ 6 മണിയോടെ പോകണം.കറുത്ത കൃഷ്ണനെ കണ്ടു കൊതി തീര്‍ക്കാം. തൊഴുത ശേഷം വെറുംവയറ്റില്‍ അമ്പലത്തിലെ വെണ്ണപ്രസാദവും തീര്‍ത്ഥവും കഴിയ്‌ക്കേണ്ടതിനാല്‍ ബെഡ് ടീ ഉണ്ടാവില്ലെന്നും ഗൈഡ് എടുത്തു പറഞ്ഞു.

അടുത്തു തന്നെയുള്ള ഒരു രുഗ്മിണി മന്ദിറും നാഗേശ്വര ജ്യോതിര്‍ലിംഗ മന്ദിറും പ്രധാനപ്പെട്ട ദര്‍ശന സ്ഥലങ്ങളില്‍പ്പെടുന്നു. രുഗ്മിണിയുടെ അമ്പലത്തിനെക്കുറിച്ചുള്ള കഥ അവിടത്തെ പൂജാരിയില്‍ നിന്നും കേള്‍ക്കാം.രുഗ്മിണിയുടെ അഹങ്കാരം തീര്‍ക്കാന്‍ ഭഗവാന്‍ തന്നെ ചെയ്ത വിക്രിയയാണിതിനു പിന്നില്‍. ഇവിടത്തെ പ്രസാദം ശുദ്ധ ജലമാണ്. പ്രധാന വഴിപാടും അതു തന്നെ. ചെറിയ ഷാളും കുങ്കുമവും വഴിപാട് ചെയ്യുന്നവര്‍ക്കായി പ്രസാദമായി കിട്ടും.

കാണാനുള്ള മാറ്റു സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബെട്ട് ദ്വാരക. കുചേലന്‍ ശ്രീകൃഷ്ണനെ സന്ദര്‍ശിച്ച ഇടമാണിത്. കുചേലഗൃഹവും സന്ദര്‍ശനലിസ്റ്റില്‍പ്പെടും.

അര്‍ജ്ജുനന്റെ അഹങ്കാരം തീര്‍ക്കാന്‍ കൃഷ്ണന്‍ പ്രയോഗിയ്ക്കുന്ന സൂത്രമാണ് ഗോപി തലാവ് സന്ദര്‍ശിയ്ക്കാനെത്തുന്നവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്. വനത്തിലൂടെ യാത്രചെയ്യുന്ന ഗോപികമാരെ സംരക്ഷിയ്ക്കാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെടുകയും ശ്രീകൃഷ്ണന്‍ വേടന്റെ വേഷത്തില്‍ വന്ന് എതിര്‍ത്ത് അജയ്യനാണെന്ന അഹങ്കാരത്തോടെ നില്‍ക്കുന്ന അര്‍ജ്ജുനനെ തോല്‍പ്പിയ്ക്കുകയും ചെയ്യുന്നു. പേടിച്ചരണ്ട ഗോപികമാര്‍ അടുത്തു കണ്ട കുളത്തില്‍ ചാടി ആത്മഹൂതി ചെയ്യുന്നു. ഈ കുളമാണു ഗോപി തലാവ്. .

ഇതിനടുത്തായി ചെറിയ ചെറിയ കുറെ മന്ദിരങ്ങള്‍ ഉണ്ട്. ഇവിടെ നിന്നും നമുക്ക് കൃഷ്ണകഥകളില്‍ പ്രസിദ്ധമായ ഗോപീ ചന്ദനം വാങ്ങാം.

ഗൈഡിന്റെ വിവരണങ്ങളിലൂടെ കാണാനായ ദ്വാരകയും കറുത്ത കൃഷ്ണനും മനസ്സു നിറഞ്ഞു തന്നെ നിന്നു.